ഖെലിഫിന് വനിതകൾക്കൊപ്പം മത്സരിക്കാമോ?; ലോകം രണ്ടുതട്ടിൽ
|ഒളിമ്പിക്സ് ബോക്സിങ് റിങിൽ വനിതകളുടെ 66 കിലോ വിഭാഗം മത്സരം നടക്കുന്നു. ഇറ്റലിയുടെ ആഞ്ചെല കരിനെയെ തോൽപ്പിക്കാൻ അൾജീരിയയുടെ ഇമാനെ ഖെലിഫിന് വേണ്ടി വന്നത് വെറും 46 സെക്കൻഡ് മാത്രം. മൂക്കിന് കിട്ടിയ ഇടിയിൽ കിളിപോയ ആഞ്ചല, ഖെലിഫിന് കൈകൊടുക്കാൻ പോലും തയ്യാറാകാതെ കരഞ്ഞുകൊണ്ടാണ് മത്സരം അവസാനിപ്പിച്ചത്.
ഉടൻ തന്നെ ഖെലിഫിന് നേരെ സമൂഹമാധ്യമങ്ങ്ളിൽ വിമർശനങ്ങളുയർന്നു. ബയോളജിക്കലി പുരുഷനായ ഖെലിഫ് സ്ത്രീകളുടെ കൂടെ മത്സരിക്കുന്നത് അനീതിയാണെന്നായിരുന്നു പലരും പറഞ്ഞത്. ഖെലിഫ് വനിതകളുടെ കൂട്ടത്തിൽ മത്സരിക്കുന്നത് ചതിയാണെന്നും വിമർശനങ്ങളുയർന്നു. ബ്രിട്ടീഷ് സാഹിത്യകാരി ജെ.കെ റൗളിങ്ങും ടെക് ഭീമൻ ഇലോൺ മസ്കും മുൻ യു.കെ പ്രധാനമന്ത്രിയായ ലിസ് ട്രസും അടക്കമുള്ള പ്രമുഖർ വരെ ഖെലിഫിനെതിരെ രംഗത്തെത്തി. ഇതെന്ത് ഭ്രാന്താണെന്നും പുരുഷന് സ്ത്രീയാകാൻ പറ്റില്ലെന്നുമാണ് ലിസ് ട്രസ് ട്വീറ്റ് ചെയ്തത്.
സത്യത്തിൽ ഖെലിഫ് പുരുഷനാണോ? ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ സാന്നിധ്യം കൂടുതലായതിനാൽ ഇന്ത്യയിൽ നടന്ന 2023 ലോകചാമ്പ്യൻഷിപ്പിലടക്കം ഖെലിഫിന് വാതിലടച്ചിരുന്നു. പക്ഷേ ഒളിമ്പിക്സിൽ ഖെലിഫ് മത്സരിക്കുകയും ചെയ്യുന്നു. എന്താണ് ഈ വൈരുധ്യത്തിന് കാരണം?
ബോക്സിങ്ങിലെ ലോകചാമ്പ്യൻഷിപ്പുകൾ ഒരുക്കുന്നത് ഇൻറർനാഷനൽ ബോക്സിങ് അസോസിയേഷനും ഒളിമ്പിക്സ് ബോക്സിങ് ഒരുക്കുന്നത് ഐ.ഒ.സിയുമാണ്. ലോകചാമ്പ്യൻഷിപ്പിൽ താരങ്ങളുടെ ഹോർമോൺ സാന്നിധ്യം പരിശോധിക്കുേമ്പാൾ ഒളിമ്പിക്സിൽ അത്തരം രീതിയില്ല. ലോക ചാമ്പ്യൻഷിപ്പ് നടത്തിപ്പുകാർ ഹോർമോൺ ടെസ്റ്റിനെക്കുറിച്ചും ടെസ്റ്റ് നടത്തിയവരെക്കുറിച്ചും വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ഒളിമ്പിക്സിൽ അത്തരമൊരു രീതി സാധ്യമല്ലെന്നുമാണ് എ.ഒ.സിയുടെ നിലപാട്. മാത്രമല്ല, സാമ്പത്തിക കെടുകാര്യസ്ഥതയും ദുർഭരണവും കാരണം അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനുള്ള അനുമതി 2019ൽ ഐ.ഒ.സി റദ്ദാക്കുകയും ചെയ്തിരുന്നു. തത്ഫലമായി ഹോർമോൺ പ്രശ്നം കാരണം ലോകചാമ്പ്യൻഷിപ്പിൽ കളത്തിലിറങ്ങാനാകാതെവന്ന തായ് വാെൻറ ലിൻ യു ടിങ്ങും ഖെരിഫും ഒളിമ്പിക്സിൽ മത്സരത്തിനിറങ്ങി.
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇരുവരെയും വിലക്കിയ തീരുമാനം പെട്ടെന്നുണ്ടായതും വ്യക്തിതാൽപര്യങ്ങളുടെ മേലിലെടുത്തതാണെന്നും ഐ.ഒ.സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സ്പോർട്സിൽ വിവേചനങ്ങളില്ലാതെ പങ്കെടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഐ.ഒ.സി കൂട്ടിച്ചേർത്തു. അവർ പാസ്പോർട്ടിൽ വനിതകളാണെന്നും ടോക്യോ ഒളിമ്പിക്സടക്കമുള്ള മത്സരങ്ങളിൽ ഒരുപാട് വർഷങ്ങളായി മത്സരിക്കുന്നവരുമാണെന്നാണ് ഐഒസി വക്താവ് മാർക്ക് ആഡംസ് പ്രതികരിച്ചത്.ഉടൻതന്നെ ഇരുതാരങ്ങളും തങ്ങളുടെ പരിശോധനയിൽ പരാജയപ്പെട്ടവരും ലോകചാമ്പ്യൻഷിപ്പിൽ നിന്നും പെട്ടെന്നവരെ പിൻവലിച്ചത് വനിത ബോക്സർമാരുടെ സുരക്ഷ മുൻനിർത്തിയാണെന്ന് ബോക്സിങ് അസോസിയേഷൻ മറുപടിയും നൽകി.
ബോക്സിങ് പോലൊരു കളിയിൽ പുരുഷ ഹോർമോണുള്ളവർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നാണ് ശാസ്ത്രീയ വിലയിരുത്തൽ. പക്ഷേ അതെല്ലാ സമയങ്ങളിലും ഗുണം ചെയ്യണമെന്നില്ല എന്ന മറുവാദവുമുണ്ട്. ഖെലിഫ് തന്നെ ഒരുപാട് തവണ വനിത ബോക്സർമാരോട് തോറ്റത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ജന്മനാ സ്ത്രീകളാണെങ്കിലും ചിലരിൽ പുരുഷ ഹോർമോൺ കൂടുതലായിരിക്കുമെന്നും ഇവർ പറയുന്നു. അൾജീരിയൻ തെരുവുകളിൽ റൊട്ടി വിറ്റുനടന്ന അവർ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് താരമായത്. ആളുകൾ പറയുന്നപോലെ ഖെലിഫ് പുരുഷൻ വനിതയായി മാറിയതല്ലെന്നും ഖെലിഫിെൻറ കുട്ടിക്കാലത്തെ ചിത്രങ്ങൾ ഇതിനുദാഹരണമാണെന്നും അവർ പറയുന്നു.
2012,2016 ഒളിമ്പിക്സിൽ സ്വർണം നേടിയ ദക്ഷിണാഫ്രിക്കൻ അത്ലറ്റ് കാസ്റ്റർ സെമന്യയുടെ കാര്യത്തിലും സമാനവിവാദമുയർന്നിരുന്നു. തുടർന്ന് ശരീരം സാധാരണ വനിതകളേക്കാൾ അധികം ടെസ്റ്റാസ്റ്റിറോൺ ഉൽപാദിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെമന്യയെ 2020 ടോക്യോ ഒളിമ്പിക്സിൽ നിന്നും വിലക്കി.
വിഷയത്തിൽ വനിത ബോക്സിങ് താരങ്ങളും രണ്ട് തട്ടിലാണ്. ഖെലിഫുമായി ക്വാർട്ടറിൽ ഏറ്റുമുട്ടുന്ന ഹംഗറിയുടെ അന്ന ലൂക്ക ഹമോർ പേടിയില്ലെന്ന് പറയുന്നുണ്ടെങ്കിലും ഖെലിഫ് മത്സരിക്കുന്നത് അനീതിയാണെന്ന് കൂട്ടിച്ചേർക്കുന്നു. ഖെലിഫിനെ 2022 ഐ.ബി.എ ലോക ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ച ഐറിഷ് താരം ആമി ബ്രോധർസ്റ്റ് കുറച്ചുകൂടി മനുഷ്യത്വപരമായ നിലപാടാണ് പറഞ്ഞത്. ‘‘ഖെലിഫ് ആരെയും ചതിക്കുകയല്ല, അവർ അങ്ങനെ ജനിച്ചതും ഇങ്ങനെയായതും അവരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഖെലിഫിനെ ഒമ്പത് വനിതകൾ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നതിൽ തന്നെ എല്ലാമുണ്ട്’’ - ബ്രാധർസ്റ്റ് പറഞ്ഞു.
എന്തായാലും ഖെലിഫിന് കൈകൊടുക്കാത്തതിൽ ഏഞ്ചല മാപ്പുപറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ അതുപോലൊരു ഇടി കിട്ടിയിട്ടില്ലെന്നും ഒളിമ്പിക്സ് കമ്മറ്റിയുടെ തീരുമാനം മാനിക്കുവെന്നും ഏഞ്ചല പറഞ്ഞു. പക്ഷേ ഏഞ്ചല നേരിട്ടത് അനീതിയാണെന്നും ഇത് ശരിയല്ലെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വിവാദം ഇനിയും തുടരുമെന്ന് ചുരുക്കം.