രൂപയുടെ മൂല്യം വീണ്ടും താഴോട്ട്; ഒരു ഒമാനി റിയാലിന് 187.80 രൂപ
|ഡോളർ ശക്തമായതോടെ ഇന്ത്യ തിരിച്ചടക്കേണ്ട വായ്പകൾ അമിത ഭാരമാണ് സമ്പദ്ഘടനക്ക് നൽകുന്നത്
രൂപയുടെ മൂല്യം വീണ്ടും താഴ്ചയിൽ. ഡോളറിന് 72.40 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വിദേശ നാണയ വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ഒമാനി റിയാലിന് 187.80 രൂപ മുതൽ മുകളിലേക്കാണ് ധനവിനിമയ സ്ഥാപനങ്ങൾ നൽകി തുടങ്ങിയത്.
വൈകിട്ട് വ്യാപാരം അവസാനിപ്പിച്ച ശേഷം ഒമാനി റിയാലിന് 187.50 മുതൽ 187.70 രൂപ വരെയാണ് നൽകിയത്. ബ്രെൻറ് ക്രൂഡ് വില തിങ്കളാഴ്ച 77.20 ഡോളറിൽ എത്തിയതാണ് രൂപ ദുർബലപ്പെടാനുള്ള കാരണങ്ങളിലൊന്ന്. കുതിച്ചുയരുന്ന വ്യാപാര കമ്മിയടക്കം ആഭ്യന്തര സമ്പദ്ഘടനയിലെ പ്രശ്നങ്ങളും രൂപയുടെ നടുവൊടിക്കാൻ കാരണമായി.
ഡോളർ ശക്തമായതോടെ ഇന്ത്യ തിരിച്ചടക്കേണ്ട വായ്പകൾ അമിത ഭാരമാണ് സമ്പദ്ഘടനക്ക് നൽകുന്നത്. ഇറക്കുമതിക്കാരും ബാങ്കുകളും ഡോളർ കൂടുതലായി സ്വന്തമാക്കുന്നുമുണ്ട്. വിനിമയ നിരക്ക് 190 രൂപ വരെ പോകാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ സർക്കാർ ശക്തമായ നടപടിയെടുക്കാത്ത പക്ഷം 185 മുതൽ 190 രൂപ നിരക്കിൽ വിനിമയ നിരക്ക് തുടരാൻ സാധ്യതയുണ്ടെന്നും മണി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു