അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തോട് അടുക്കുന്നു; ചുഴലിക്കാറ്റിന് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
|അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം കൂടുതൽ ശക്തിയാർജിക്കുന്നു. അറബിക്കടലിെൻറ തെക്കു കിഴക്ക് ഭാഗത്ത് സലാല തീരത്ത് നിന്ന് 1270 കിലോമീറ്റർ അകലെയാണ് ന്യൂനമർദം ഇപ്പോഴുള്ളത്. ഇത് വൈകാതെ ചുഴലികൊടുങ്കാറ്റായി മാറുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദത്തിന്റെ അനുബന്ധമായുള്ള മേഘകൂട്ടങ്ങൾ തീരത്ത് നിന്ന് 428 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ടെന്നും ഒമാൻ ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം ഇന്നു വൈകുന്നേരം അറിയിച്ചു. നിലവിലെ കാലാവസ്ഥാ സൂചനകൾ പ്രകാരം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്കാണ് ന്യൂനമർദത്തിന്റെ സഞ്ചാരം. മണിക്കൂറിൽ 31 മുതൽ അമ്പത് കിലോമീറ്റർ വരെയാണ് കേന്ദ്ര ഭാഗത്ത് കാറ്റിന്റെ വേഗത. നിലവിലെ സഞ്ചാരഗതിയിൽ മാറ്റം വരാത്ത പക്ഷം തെക്കൻ ഒമാൻ, യമൻ ഭാഗങ്ങളെയോ ആണ് കാറ്റ് ബാധിക്കാനിടയുള്ളതെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരും അറിയിച്ചു. കാറ്റിന്റെ ഭാഗമായുള്ള മേഘപടലങ്ങൾ തീരത്തോട് അടുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ മെറ്ററോളജിക്കൽ ക്വാളിറ്റി ആൻറ് സേഫ്റ്റി വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. കടലിൽ തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ സഞ്ചാരഗതിയിൽ കൂടുതൽ വ്യക്തത കൈവരുമെന്നും അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. ചുഴലി കൊടുങ്കാറ്റ് രൂപപ്പെടുന്നതോടെ 'ലുബാൻ' എന്ന പേരാകും നൽകുക.