ടാക്സികൾക്ക് അടുത്ത ജൂൺ മുതൽ ഏകീകൃത നിരക്ക്; ടാക്സികൾക്ക് മീറ്ററുകൾ നിർബന്ധമാക്കും
|ഒമാനിലെ ഓറഞ്ച് ടാക്സികളുടെ നിരക്കുകൾ ക്രമീകരിക്കാൻ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വർഷം ജൂൺ മുതൽ മസ്കത്തിലെ എല്ലാ ടാക്സികൾക്കും മീറ്ററുകൾ നിർബന്ധമാക്കുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രി അറിയിച്ചു.
മീറ്ററുകളിലെ അടിസ്ഥാന നിരക്ക് 300 ബൈസയായിരിക്കും. ഒാരോ കിലോമീറ്ററിനും 130 ബൈസ എന്ന തോതിൽ ഇത് വർധിക്കുമെന്നും ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ.അഹമ്മദ് അൽ ഫുതൈസി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യം മസ്കത്തിലും പിന്നീട് മറ്റ് ഗവർണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എൻഗേജ്ഡ് സംവിധാനത്തിലാകും ടാക്സികളുടെ പ്രവർത്തനം. വാഹനത്തിൽ യാത്രക്കാർ ഉണ്ടെങ്കിൽ ഡ്രൈവർക്ക് മറ്റിടങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റാൻ സാധിക്കില്ല. എയർപോർട്ട്, ഹോട്ടൽ ടാക്സികൾക്ക് ഇൗ നിയമം ബാധകമായിരിക്കില്ലെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി എഞ്ചിനീയർ സാലിം ബിൻ മുഹമ്മദ് അൽ നുഎെമി അറിയിച്ചു. ടാക്സി സർവിസുകളെ കര ഗതാഗത നിയമത്തിന് കീഴിലേക്ക് മാറ്റുന്നതിന് ഒപ്പം ട്രക്കുകൾക്ക് വെയിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതടക്കം പദ്ധതികൾ നടപ്പിൽ വരുത്തുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.