ഡെങ്കിപ്പനി പ്രതിരോധം; മസ്കത്തിന്റെ വിപുലമായ കൊതുക് നിവാരണ കാമ്പയിന് നാളെ സമാപനം
|ഊഹാപോഹങ്ങൾ അവഗണിക്കുകയും വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം തേടുകയും വേണം
ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ നടന്നുവരുന്ന വിപുലമായ കൊതുക് നിവാരണ കാമ്പയിൻ നാളെ സമാപിക്കും. 'നമ്മൾ തുടങ്ങിയിട്ടുണ്ട്, നമുക്ക് യോജിച്ച് പ്രവർത്തിക്കാം' എന്ന പേരിലുള്ള കാമ്പയിന് ഈ മാസം എട്ടിന് സീബിലാണ് തുടക്കമായത്. ആരോഗ്യ മന്ത്രാലയം, മസ്കത്ത് നഗരസഭയുടെ സഹകരണത്തോടെയാണ് കൊതുക് നിവാരണ കാമ്പയിൻ നടത്തിവരുന്നത്.
ഊഹാപോഹങ്ങൾ അവഗണിക്കുകയും വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം തേടുകയും വേണം. ഫോഗിങ് ഉൾപ്പെടെ നടത്തുന്നതിന് പുറമെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളെ കുറിച്ച പഠനം നടത്തുകയും കാമ്പയിന്റെ ലക്ഷ്യമാണ്.
നീന്തൽക്കുളങ്ങൾ, ഫൗണ്ടനുകൾ, കാർഷികാവശ്യത്തിനുള്ള കുടങ്ങൾ എന്നിവയിലെ വെള്ളം അഞ്ച് ദിവസം കൂടുേമ്പാൾ മാറ്റണമെന്ന് മന്ത്രാലയം നിർദേശിച്ചു. ജലസംഭരണികൾ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികൾ, മൃഗങ്ങൾ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളിൽ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തിൽ ബാക്കിയുള്ള വെള്ളം ഒഴുക്കി കളയണം.
ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകൾ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതർ നിർദേശിച്ചു.