Oman
ഒമാന്‍ ബജറ്റ് കമ്മി കുറഞ്ഞു
Oman

ഒമാന്‍ ബജറ്റ് കമ്മി കുറഞ്ഞു

Web Desk
|
15 Feb 2019 7:56 PM GMT

എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൈകൊണ്ട് വരുന്ന സാമ്പത്തിക പരിഷ്കരണ നടപടികളും ബജറ്റ് കമ്മിയിലെ കുറവിന് സഹായിച്ചു

2018ൽ ഒമാനിൽ ബജറ്റ് കമ്മി കുറഞ്ഞു. 2.7 ശതകോടി റിയാലിന്റെ കമ്മിയാണ് ഡിസംബർ അവസാനം വരെ രേഖപ്പെടുത്തിയതെന്ന് പ്രാഥമിക കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മൂന്ന് ശതകോടി റിയാൽ ആയിരുന്നു പ്രതീക്ഷിത ബജറ്റ് കമ്മി.

പ്രതീക്ഷിച്ചതിലും ഉയർന്ന വരുമാന വർധനവാണ് ബജറ്റ് കമ്മിയിലെ ഈ കുറവിന് കാരണം. 9.5 ശതകോടി റിയാൽ ആയിരുന്നു പ്രതീക്ഷിത വരുമാനം. ഈ സ്ഥാനത്ത് 10.9 ശതകോടി റിയാലിന്റെ വരുമാനമാണ് ലഭിച്ചത്. പൊതുബജറ്റിലെ കമ്മി കഴിഞ്ഞ മൂന്ന് വർഷമായി കുറഞ്ഞു വരികയാണ്.

എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൈകൊണ്ട് വരുന്ന സാമ്പത്തിക പരിഷ്കരണ നടപടികളും ബജറ്റ് കമ്മിയിലെ കുറവിന് സഹായിച്ചു. 2014ൽ 15.2 ശതകോടി റിയാൽ ആയിരുന്നു പൊതുചെലവ്. ഇത് കഴിഞ്ഞ വർഷം 13.6 ശതകോടി റിയാൽ ആയാണ് കുറഞ്ഞത്.

എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം 2014ൽ 2.2 ശതകോടി റിയാൽ ആയിരുന്നത് കഴിഞ്ഞ വർഷം 2.4 ശതകോടി റിയാൽ ആയാണ് കൂടിയത്. 2017നെ അപേക്ഷിച്ച് എണ്ണയിതര മേഖലകളെല്ലാം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ശരാശരി പണപെരുപ്പ നിരക്ക് 0.88 ശതമാനമാണ്.

Similar Posts