ഇന്ത്യൻ സെക്ടറിലേക്ക് പറക്കാൻ സന്നദ്ധമാണെന്ന് ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ
|ഇന്ത്യൻ സെക്ടറിലേക്ക് പറക്കാൻ സന്നദ്ധമാണെന്ന് ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമദ് പറഞ്ഞു. ഉഭയക്കക്ഷി ധാരണപ്രകാരമുള്ള പ്രതിവാര സീറ്റുകൾ പൂർണമായതിനാലാണ് സർവിസ് ആരംഭിക്കാൻ കഴിയാത്തത്. സർവിസ് ആരംഭിക്കണമെങ്കിൽ പ്രതിവാര സീറ്റുകൾ വർധിപ്പിക്കണം.
സീറ്റുകൾ വർധിപ്പിക്കാനുള്ള അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഇത് ഉടൻ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. നിലവിൽ സലാം എയർ 17 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കാനും 60 സിറ്റികളിലേക്ക് സർവീസ് നടത്താനും പദ്ധതിയുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്ക് സർവീസുകൾ വർധിപ്പിക്കാനും ആലോചനയുണ്ട്.
ഖരീഫ് സീസണിൽ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് സലാലയിലേക്ക് സർവീസുകൾ വർധിപ്പിക്കും. സലാം എയർ സർവീസ് ആരംഭിച്ചിട്ട് രണ്ട് വർഷം പൂർത്തിയാവാൻ പോവുന്നു. ഇക്കാലയളവിൽ 1.4 ദശലക്ഷം യാത്രക്കാൻ സലാം എയർ ഉപയോഗപ്പെടുത്തി. സലാലയിൽ നിന്ന് മാത്രം ആറ് ലക്ഷം യാത്രക്കാരാണ് സലാം എയറിൽ യാത്ര ചെയ്തത്. ഈ വർഷം തന്നെ പുതുതായി 17 നഗരങ്ങളിേലക്ക് കൂടി സലാം എയർ സർവീസ് നടത്തും.