എട്ടു വർഷം; 45ൽ 40 നിയമസഭാ തെരഞ്ഞെടുപ്പും തോറ്റു, പാർട്ടി വിട്ടത് 460 നേതാക്കൾ- കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ
|ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകൾ ഖാർഗെയുടെ നേതൃത്വത്തെ ഉരച്ചുനോക്കാനുള്ള പരീക്ഷണശാലയാകും
മുൾക്കിരീടം. സോണിയാ ഗാന്ധിയിൽനിന്ന് കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത മല്ലികാർജ്ജുൻ ഖാർഗെയുടെ പുതിയ നിയോഗത്തെ വിശേഷിപ്പിക്കാൻ ഇതിൽപ്പരമൊരു വാക്കില്ല. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെ പാർട്ടി കടന്നുപോകുമ്പോഴാണ് ഖാർഗെ അധ്യക്ഷപദവിയില്‍ അവരോധിതനാകുന്നത്. തുടർച്ചയായ തെരഞ്ഞെടുപ്പു തിരിച്ചടികൾ, നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, സംഘടനാ ദൗർബല്യങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
തുടരുന്ന കൊഴിഞ്ഞുപോക്ക്
2014നും 2022നുമിടയിലുള്ള എട്ടു വർഷത്തിൽ കോൺഗ്രസ് വിട്ടത് 460 നേതാക്കളാണ്. പാർട്ടി വിട്ട നിയമസഭാ-ലോക്‌സഭാ ജനപ്രതിനിധികൾ മാത്രം 177. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച 222 പേർ മറ്റു പാർട്ടികളിലേക്ക് ചേക്കേറി. ഒരു കാലത്ത് നെഹ്‌റു കുടുംബത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന, കശ്മീരിൽ നിന്നുള്ള ഗുലാം നബി ആസാദാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
2015 മുതൽ പത്ത് വൻതോക്കുകളാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി പുറത്തുപോയത്. ജയന്തി നടരാജൻ, കൃഷ്ണ തിറത്, ഹിമന്ത ബിശ്വ ശർമ, റിത ബഹുഗുണ ജോഷി, എസ്എം കൃഷ്ണ, സുമിത്ര ദേവി കസ്‌ദേകർ, ഖുഷ്ബു, ജ്യോദിതാരിത്യ സിന്ധ്യ, പിസി ചാക്കോ, ജിതിൻ പ്രസാദ, അമരീന്ദർ സിങ്, ആർപിഎൻ സിങ്, അശ്വനി കുമാർ, റിപുൻ ബോറ, ഹാർദിക് പട്ടേൽ, സുനിൽ ജാകർ, കപിൽ സിബൽ, ജൈവീർ ഷെർഗിൽ, ഗുലാംനബി ആസാദ് എന്നിവരാണവർ. ഇതിൽ സിന്ധ്യ ഉൾപ്പെടെ പലരും ബിജെപിയുടെ പ്രധാനപ്പെട്ട മുഖങ്ങളാണിപ്പോൾ.
2022 ൽ മാത്രം 24 എംഎൽഎമാരാണ് മറ്റു പാർട്ടികളിലേക്ക് ചേക്കേറിയത്. 37 നിയമസഭാ തെരഞ്ഞെടുപ്പ് മത്സരാർത്ഥികൾ മറ്റു പാർട്ടികളിലെത്തി.
തോറ്റുതോറ്റ്
അധികാരം നഷ്ടപ്പെട്ട 2014ന് ശേഷം നടന്ന 45 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 40 ലും കോൺഗ്രസിന് തോൽവിയായിരുന്നു ഫലം. 1998ന് ശേഷം മത്സരിച്ച 20,847 അസംബ്ലി സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാനായത് 5,397 ഇടത്തു മാത്രം- സ്‌ട്രൈക്ക് റേറ്റ് 26 ശതമാനം. നാലു വർഷമായി ശരാശരി പത്തു ശതമാനമാണ് വിവിധ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്‌ട്രൈക്ക് റേറ്റ്.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് 52 സീറ്റിലാണ് വിജയിച്ചത്. 2014 ലെ 44 സീറ്റിൽനിന്ന് ചെറിയ വർധന കാണിച്ചെങ്കിലും എടുത്തു പറയാവുന്ന പ്രകടനമായിരുന്നില്ല അത്. 2009ൽ 206 സീറ്റിലും 2004ൽ 145 സീറ്റിലും 1999ൽ 114 സീറ്റിലും കോൺഗ്രസ് വിജയിച്ചിരുന്നു. 1998ൽ 141 സീറ്റാണ് പാർട്ടിക്കുണ്ടായിരുന്നത്.
1998 സോണിയാ ഗാന്ധി കോൺഗ്രസിന്റെ അധികാരമേൽക്കുമ്പോൾ പത്ത് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിക്കസേരയിലുണ്ടായിരുന്നു പാർട്ടി. 2006ൽ അത് 16 ആയി ഉയർന്നു. 2022ൽ രണ്ടു സംസ്ഥാനങ്ങളിൽ - ഛത്തീസ്ഗഡും രാജസ്ഥാനും- മാത്രമാണ് കോൺഗ്രസിന് മുഖ്യമന്ത്രിയുള്ളത്.
തിരിച്ചടികൾക്കിടയിലും
ഇത്രയേറെ തിരിച്ചടികൾക്കിടയിലും പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യമായ കണക്കുകളും ഖാർഗെയ്ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റു കിട്ടിയ ബിജെപിക്ക് 37.3 ശതമാനം വോട്ടാണ് കിട്ടിയത് എങ്കിൽ (ആകെ 229.08 ദശലക്ഷം വോട്ട്) 52 സീറ്റു മാത്രം കിട്ടിയ കോൺഗ്രസിന് കിട്ടിയത് 19.5 ശതമാനം വോട്ടാണ്- ആകെ 119.5 ദശലക്ഷം വോട്ട്. മൂന്നാം സ്ഥാനത്തുള്ള, ദേശീയമോഹം കൂടെയുള്ള തൃണമൂൽ കോൺഗ്രസിന് കിട്ടിയ വോട്ട് ഓഹരി 4.1 ശതമാനം മാത്രമാണ്. ഇത്ര കുറവ് വോട്ട് നേടിയിട്ടും 22 ഇടത്ത് ജയിക്കാൻ മമതയുടെ കക്ഷിക്കായി. 24 സീറ്റു നേടിയ ഡിഎംകെയ്ക്ക് 2.3 ശതമാനം വോട്ടു മാത്രമാണ് കിട്ടിയത്.
മാസങ്ങൾക്കകമാണ് ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ. ഖാർഗെയുടെ നേതൃത്വത്തെ ഉരച്ചുനോക്കാനുള്ള പരീക്ഷണശാലയാകും ഈ രണ്ട് പോരിടങ്ങളും. രണ്ടു വർഷത്തിനകമാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്.
കണക്കുകള്‍ക്ക് കടപ്പാട് - ഇകണോമിക് ടൈംസ്