പൊന്നാനിയില്‍ കെ എസ് ഹംസയുടെ സ്ഥാനാർത്ഥിത്വം; സിപിഎമ്മിന്റേത് ബഹുമുഖ തന്ത്രം
|കോഴിക്കോട് ജില്ലയിലെ ഒരു മുശാവറ അംഗം ഉൾപ്പെടെ ഇ.കെ വിഭാഗത്തിലെ നാല് നേതാക്കളും കാന്തപുരം വിഭാഗത്തിന്റെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് ഹംസയെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്.
പൊന്നാനി പിടിക്കുക എന്നത് കുറച്ചുകാലമായി സി.പി.എമ്മിൻ്റെ മുൻഗണനയിലുള്ള കാര്യമാണ്. അതിന് പറ്റിയ ഏറ്റവും മികച്ച സ്ഥാനാർഥിയെ അവർ എപ്പോഴും തേടാറുമുണ്ട്. മണ്ഡലം സി.പി.ഐയിൽ നിന്ന് ഏറ്റെടുത്തത് മുതൽ സ്വതന്ത്രരെ നിർത്തി മണ്ഡലം പിടിക്കാനാണ് സി.പി.എം ശ്രമിച്ചു പോന്നത്. ഇത്തവണയും സ്വതന്ത്രരെ തന്നെയാണ് സി.പി.എം തേടിയത്. അതിൽ, ആദ്യഘട്ടത്തിൽ അത്ര പ്രാധാന്യത്തോടെയല്ല സി.പി.എം കെ. എസ് ഹംസയെ കണ്ടിരുന്നത്. എന്നാൽ പിന്നീടുണ്ടായ ചില അപ്രതീക്ഷിത നീക്കങ്ങൾ ഹംസയിലേക്കെത്താൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു മുശാവറ അംഗം ഉൾപ്പെടെ ഇ.കെ വിഭാഗത്തിലെ നാല് നേതാക്കളും കാന്തപുരം വിഭാഗത്തിന്റെ രണ്ട് പ്രതിനിധികളും മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് എത്തി കണ്ടാണ് ഹംസയെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്. അതുവരെ പൊന്നാനിയിലെ സാധ്യതാ പട്ടികയിൽ വി. വസീഫിനെ ഒന്നാമതായി കണ്ടിരുന്ന സിപിഎം ഇതോടെ നിലപാട് മാറ്റി. സമസ്തയിലെ ഒരു വിഭാഗവും കാന്തപുരം ഗ്രൂപ്പും ഒരുമിച്ച് ഒരു സ്ഥാനാർഥിയെ നിർദേശിക്കുന്ന അപൂർവ്വ സാഹചര്യത്തിന്റെ വിപുലമായ രാഷ്ട്രീയ സാധ്യത സിപിഎം ഉപയോഗിക്കുകയായിരുന്നു. മന്ത്രി കെ രാധാകൃഷ്ണനും എളമരം കരീമും ആഴ്ചകളെടുത്ത് നടത്തിയ ചർച്ചകള്‍ക്ക് പിറകേയാണ് ഈ സാഹചര്യം രൂപപ്പെട്ടത്.
സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങിയ സാഹചര്യം കോഴിക്കോടും കാസർഗോഡും അടക്കമുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്തയിലെ ചില പ്രമുഖ നേതാക്കള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച ശേഷമാണ് ഹംസയുടെ പേര് തീരുമാനിച്ചത്.
മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി സമസ്തയിലെ ഒരു വിഭാഗത്തിനുള്ള നീരസം പൊന്നാനായില്‍ എല്‍ഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. മുസ്ലിം ലീഗിന്റെ സംഘടനാ സംവിധാനത്തെ കുറിച്ച് ആഴത്തില്‍ ധാരണയും ബന്ധവുമുള്ള കെ എസ് ഹംസക്ക് ഇത് ഉപയോഗിക്കാനാവുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
കോഴിക്കോട് മത്സരിക്കുന്ന എളമരം കരീമിന് അനുകൂലമായി സമസ്തയിലെ ഒരു വിഭാഗം നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും സിപിഎം പ്രകടിപ്പിക്കുന്നു. രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളോട് മുസ്ലിംകള്ക്ക് അതൃപ്തിയുണ്ട്. അത് കൂടി കണക്കാക്കിയാണ് സിപിഎം സ്ഥാനാർഥിപ്പട്ടികയില്‍ നാല് മുസ്ലിംകളെ പാർട്ടി ഉള്‍പ്പെടുത്തിയത്.
സിപിഎം നീക്കത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ പോലെ, സമസ്തയുമായി അടുത്ത ബന്ധമുള്ള കെ പി.സി.സി സെക്രട്ടറി കെ. പി നൗഷാദലിക്ക് കോഴിക്കോട് മണ്ഡലത്തിന്റെ ചുമതല നല്കി ബുധനാഴ്ച രാത്രി കെപിസിസി സർക്കുലർ ഇറക്കി.
മുസ്ലിം സംഘടനകളെ മാനേജ് ചെയ്യാനുള്ള ശേഷി കെ ടി ജലീലിന് നഷ്ടപ്പെട്ടെന്ന കൃത്യമായ വിലയിരുത്തലും കെ എസ് ഹംസയെ തെരഞ്ഞെടുത്തതിന് പിന്നിലുണ്ട്. പൊന്നാനിയില്‍ കെ ടി ജലീലിനെ പരിഗണിക്കാന്‍ ഗൗരവമുള്ള ഒരു ചർച്ചയും സിപിഎം നടത്തിയിട്ടില്ല. സിപിഎം അനുഭാവികളായ കാന്തപുരം വിഭാഗം ജലീലിനെ സമ്പൂർണമായി കൈവിട്ട് അകറ്റി നിർത്തിയ കാര്യം പാർട്ടി തിരിച്ചറിഞ്ഞത് തവനൂരിലെ ഭൂരിപക്ഷം മൂവായിരത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ്. കാന്തപുരവുമായി പഴയ ബന്ധം പുനഃസ്ഥാപിക്കാന്‍ ജലീല്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വിശ്വാസ കാര്യങ്ങളിൽ നിരന്തരം വിവാദമുണ്ടാക്കുന്ന ജലീലിനോട് മുസ്ലിം സംഘടനകള്‍ക്കെല്ലാം കടുത്ത അതൃപ്തിയുമാണ്. ലീഗ് വിരുദ്ധതയും കുഞ്ഞാലിക്കുട്ടി വിരുദ്ധതയും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ ജലീല്‍ പിന്നീട് ചില സന്ധികള്‍ നടത്തിയിട്ടുണ്ടെന്ന തോന്നല്‍ സിപിഎമ്മിനുണ്ട്. മുസ്ലിം സമുദായവുമായുള്ള പാലം കെട്ടാന്‍ ജലീലിന് അപ്പുറമുള്ള വഴികള്‍ പാർട്ടി തേടുന്നതിന്റെ കൂടി തെളിവാണ് കെ എസ് ഹംസയുടെ സ്ഥാനാർഥിത്വം.
സമസ്തയുടെ ഇരു ഗ്രൂപ്പുകളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഹംസ സമസ്തയുടെ സഹയാത്രികനാണ്. സമസ്തയുടെ ബംഗളൂരു സമ്മേളന വേദിയില്‍ പ്രമുഖ നേതാക്കള്‍ക്കൊപ്പം ഹംസക്കും സീറ്റുണ്ടായിരുന്നു. രണ്ട് വർഷത്തിനിടെ എസ്.കെ.എസ്.എസ് എഫിൻ്റെ പ്രധാനപ്പെട്ട രണ്ട് സമ്മേളനങ്ങള്‍ ഹംസയുടെ തൃശൂരിലെ സ്ഥാപനത്തിലാണ് നടന്നത്. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായും മെച്ചപ്പെട്ട ബന്ധം സൂക്ഷിക്കുന്ന ഹംസയെ മുസ്ലിം സമുദായത്തിലേക്കുള്ള പാലമായി തന്നെയാണ് സിപിഎം കാണുന്നത്.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റും അന്തരിച്ച പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങളുമായും ഹംസക്ക് അടുത്ത ബന്ധമാണ്. എല്ലാ മുസ്ലിം സംഘടനകളുമായും അടുത്ത ബന്ധമുള്ള ഒരാളെ സ്ഥാനാർഥിയാക്കുക വഴി, മലബാറിൽ മൊത്തം അനക്കങ്ങളുണ്ടാക്കാൻ പറ്റുമോ എന്ന സാധ്യതയാണ് സി.പി.എം നോക്കുന്നത്. മുസ്ലിം പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ കോൺഗ്രസ് അമ്പേ ദുർബലമായിരിക്കുന്ന സന്ദർഭത്തിലാണ് സി.പി.എം നാല് മുസ്ലിം സ്ഥാനാർഥികളെ ഫീൽഡ് ചെയ്തത് എന്നതും കാണേണ്ടതാണ്.
സ്വന്തമായി 15 ലോക്സഭാ അംഗങ്ങൾ ഉള്ള കോൺഗ്രസിന് അതിൽ ഒരു മുസ്ലിം പോലുമില്ല എന്നത് വലിയ ക്ഷീണമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പി മാരെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. അങ്ങിനെയെങ്കിൽ കോൺഗ്രസിലെ മുസ്ലിം പ്രാതിനിധ്യം പഴയപോലെ തുടരും. ബാബരി, ഗ്യാൻവാപി, ഫലസ്തീൻ വിഷയങ്ങളിലെ തണുത്ത പ്രതികരണങ്ങൾ, പ്രാതിനിധ്യമില്ലായ്മ എന്നീ കാരണങ്ങളാൽ മുസ്ലിം മനസിൽ നിന്ന് കോൺഗ്രസ് അകലുമ്പോൾ തന്നെയാണ് ഒരു മുഴംമുമ്പേ എറിയുന്ന തന്ത്രവുമായി സി.പി. എം കളത്തിലിറങ്ങിയിരിക്കുന്നത്.