ആള്‍ക്കൂട്ടത്തിലെ അതികായന്; ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം
|പുതുപ്പള്ളിയിൽനിന്ന് അതിരാവിലെ ഒരു ഫാസ്റ്റ് പാസഞ്ചറുണ്ടായിരുന്നു തിരുവനന്തപുരത്തേക്ക്. സ്വന്തം ആവലാതികളുമായി അതിൽ നിറയെ ആളുകളുണ്ടാകും. അവരിറങ്ങി നേരെ എംഎൽഎ ഹോസ്റ്ററിലെ 38-ാം നമ്പർ മുറി ലക്ഷ്യമാക്കി നീങ്ങും.
സ്പീഡ് ആയിരുന്നു ഉമ്മൻചാണ്ടിയുടെ മേൽവിലാസം. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അതിവേഗത്തിൽ നടന്നു പോയ ഒരാൾ. തിരക്കിട്ടും തിരക്കിലലിഞ്ഞുമുള്ള ജീവിതം. ആൾക്കൂട്ടത്തിലെ അതികായൻ. കേരള രാഷ്ട്രീയത്തിൽ ഇത്രയും കൂടുതൾ ആളുകളോട് സംവദിച്ച, സമ്പർക്കം പുലർത്തിയ മറ്റൊരു ഭരണകര്ത്താവുണ്ടാകില്ല. ആദ്യകാലത്ത് ഉമ്മൻചാണ്ടി താമസിച്ച എംഎല്‍എ ഹോസ്റ്റലിലെ മുറി മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അതിന്റെ നേർസാക്ഷ്യങ്ങൾ.
അച്ഛന്റെ സ്കൂളിലേക്ക് നടത്തിയ സമരം
1958ൽ ഇഎംഎസ് സർക്കാറിനെതിരെ കെ.എസ്.യു നടത്തിയ ഒരണ സമരത്തിന്റെ കാലത്താണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയകൗമാരം. ഒരണയ്ക്ക് ബോട്ടുയാത്ര ചെയ്യാനുള്ള സൗകര്യം പുനഃസ്ഥാപിക്കാനുള്ള സമരമായിരുന്നു അത്. കേരളത്തിലുടനീളം കെ.എസ്.യു നേതാക്കൾ അറസ്റ്റു വരിച്ചു. ചിലയിടത്ത് പൊലീസ് 144 പ്രഖ്യാപിച്ചു. കോൺഗ്രസ്, ആർഎസ്പി നേതാക്കൾ വിദ്യാർത്ഥികളോട് നിയമം ലംഘിക്കാൻ ആവശ്യപ്പെട്ടു. ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായി.
പുതുപ്പള്ളിയിലും സമരത്തിന്റെ ചൂടെത്തി. അന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഉമ്മൻചാണ്ടി. കെ.എസ്.യു എന്താണ്, നേതാക്കൾ ആരൊക്കെയാണ് എന്നൊന്നും അറിയാത്ത കാലം. കുറച്ചു പേർ ചേർന്ന് മുതിർന്ന വിദ്യാർത്ഥി വി.ടി ജോൺ പ്രസിഡണ്ടും ഉമ്മൻചാണ്ടി ജനറൽ സെക്രട്ടറിയുമായി സെന്റ് ജോർജ് ഹൈസ്കൂളിൽ കെ.എസ്.യുവിന് യൂണിറ്റുണ്ടാക്കി. മനോരമ നേതൃത്വം നൽകുന്ന അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡണ്ടായിരുന്നു അക്കാലത്ത് അദ്ദേഹം. സ്കൂളുകളിൽ പോയി മുദ്രാവാക്യം വിളിക്കാം എന്നായിരുന്നു ആദ്യത്തെ തീരുമാനം. അതിന്റെ ഭാഗമായി ആദ്യം പോയത് പിതാവ് കെ.ഒ ചാണ്ടി നേതൃത്വം നൽകുന്ന മാനേജ്മെന്റ് സ്കൂളിലേക്ക്. പിതാവ് തന്നെയായിരുന്നു ഹെഡ്മാസ്റ്റർ. സമരത്തിന് ഉമ്മൻചാണ്ടിക്കും പോകാതിരിക്കാനായില്ല. സമരക്കാര്‍ സ്കൂളില്‍ കയറി കൂട്ടമണിയടിച്ചു. പിള്ളേര് ബഹളം വച്ച് പുറത്തേക്കോടി. പിതാവ് പുറത്തിറങ്ങി വന്നു. മുമ്പിൽ പെടുമെന്ന് കണ്ടപാടെ ഉമ്മൻചാണ്ടി തിരിഞ്ഞോടി. വരാന്തയിൽനിന്ന് പുറത്തേക്കെടുത്തു ചാടിയത് നേരെ കുപ്പിച്ചില്ലിന്റെ മൂർച്ചയിലേക്ക്.
അവിടെ നിന്ന് തുടങ്ങുന്നു ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.
പിള്ളേരൊന്നു വളർന്നോട്ടെ, മീശയൊന്ന് കുരുത്തോട്ടെ
'പിള്ളേരൊന്ന് വളർന്നോട്ടെ, മീശയൊന്ന് കുരുത്തോട്ടെ, ഈയെമ്മെസിനെ ഈയം പൂശി, ഈയൽ പോലെ പറപ്പിക്കും'- ആദ്യ മുഖ്യമന്ത്രി ഇ.എം.എസിനെതിരെ ഉമ്മൻചാണ്ടി അടക്കുള്ള അന്നത്തെ കെ.എസ്.യു നേതാക്കൾ വിളിച്ച മുദ്രാവാക്യമാണ്. കാസർക്കോട്ട് വെടിവെപ്പിൽ രണ്ട് കെ.എസ്.യു പ്രവർത്തകർ കൊല്ലപ്പെട്ടതും തേവര എസ്.എച്ച് കോളജിൽ മുരളി കൊല്ലപ്പെട്ടതുമാണ് കേരളത്തെ ചൂടുപിടിപ്പിച്ചത്. നാട്ടിലുടനീളം വിദ്യാർത്ഥി പ്രക്ഷോഭം. ഇ.എം.എസ്സിന്റെ പ്രസ്താവനകൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചു ഉമ്മൻചാണ്ടി.
1967ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി. സമരച്ചൂടിൽ മാത്രമായിരുന്നില്ല കെ.എസ്.യു. ഒരോണത്തിന് അവർ പാടത്ത് വിത്തുമെറിഞ്ഞു. 'ബസ്സിന് കല്ലെറിയുകയല്ല, പാടത്ത് വിത്തെറിയുകയാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടത്' എന്ന കൃഷിമന്ത്രി എംഎൻ ഗോവന്ദൻ നായരുടെ പ്രസ്താവനയായിരുന്നു പ്രചോദനം. ഒരു ലക്ഷം വിദ്യാർത്ഥികളാണ് പാടത്ത് വിത്തെറിഞ്ഞത്. ലക്ഷം പായ്ക്കറ്റ് വിത്ത് മന്ത്രി എത്തിച്ചുകൊടുത്തു. ഫാക്ട് എംഡി എംകെകെ നായർ വളം നൽകി. നെൽകൃഷി തളിരിട്ടു. വിളവും കൊയ്തു. അലസമായി മുടി കോതിയൊതുക്കിയ ആ ചെറുപ്പക്കാരനേ അന്നേ നോട്ടമിട്ടു എംഎൻ.
വീണു കിട്ടിയ പുതുപ്പള്ളി
യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരിക്കെ 1970ൽ 27-ാം വയസ്സിലാണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. പുതുപ്പള്ളി ഉമ്മൻചാണ്ടിക്കും കോൺഗ്രസിനും സത്യത്തിൽ വീണുകിട്ടിയ മണ്ഡലമാണ്. കോൺഗ്രസ് ആർഎസ്പിക്ക് നീക്കി വച്ച മണ്ഡലമായിരുന്നു അത്. എന്നാൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സിറ്റിങ് സീറ്റിൽ ആർഎസ്പിക്ക് മത്സരിക്കാൻ ആളെ കിട്ടിയില്ല. പുതുപ്പള്ളിയും അയൽമണ്ഡലമായ അയർക്കുന്നും വച്ചു മാറാമോ എന്ന് ആര്‍എസ്പി ചോദിച്ചു.
കോട്ടയം ജില്ലയിൽ കോൺഗ്രസിന് തീരെ ജയസാധ്യതയില്ലാത്ത മണ്ഡലം ഏറ്റെടുക്കണോ എന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അവ്യക്തത. എന്നാൽ ഉമ്മൻചാണ്ടിയെന്ന യുവരക്തത്തെ സ്ഥാനാർത്ഥിയാക്കാമെന്ന നിലപാടിലായിരുന്നു വലയാർ രവിയും എകെ ആന്റണിയും. നേരത്തെ ഉമ്മൻചാണ്ടിയെ നോട്ടമിട്ട എംഎന്നും അതു സമ്മതം. അങ്ങനെ ഇരുപത്തിയേഴിന്റെ ചെറുപ്പത്തിൽ അദ്ദേഹം പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി. കോൺഗ്രസിലെ പിളർപ്പിന്റെ കാലമാണ്. വലിയൊരു വിഭാഗം ആൾക്കാർ സംഘടനാ കോൺഗ്രസിന് ഒപ്പമായിരുന്നു. അന്ന കട്ടയ്ക്ക് കൂടെ നിന്നത് കെ.എസ്.യുക്കാരും യൂത്ത് കോൺഗ്രസുകാരും. തെരഞ്ഞെടുപ്പ് ചെലവിലേക്കായി പാർട്ടി നൽകിയത് 22500 രൂപ. ബാക്കി സംഘടിപ്പിച്ചതെല്ലാം നാട്ടുകാർ. 1970ൽ മനസ്സിൽ കുറിച്ചു വച്ച ആ കടപ്പാട് ഉമ്മൻചാണ്ടി മരിക്കുവോളം മറന്നില്ല.
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടി. തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രങ്ങളിൽ ഒരു നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ ആളെത്തിയിട്ടുണ്ടെങ്കിൽ അത് പുതുപ്പള്ളിയിൽനിന്നായിരിക്കും. ഉമ്മൻചാണ്ടിയായിരുന്നു പുതുപ്പള്ളിക്കാരുടെ മേൽവിലാസം. ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയും.
ആദ്യ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് സിറ്റിങ് എംഎൽഎ ഇ.എം ജോർജിനെ. 7258 വോട്ടിന്റെ അട്ടിമറി ജയം. പിന്നീട് പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് ഉമ്മൻചാണ്ടി ജയിച്ചത് 11 തവണ, റെക്കോഡ്!
എംഎൽഎ ഹോസ്റ്റലിലെ 38-ാം നമ്പർ മുറി
പുതുപ്പള്ളിയിൽനിന്ന് അതിരാവിലെ ഒരു ഫാസ്റ്റ് പാസഞ്ചറുണ്ടായിരുന്നു തിരുവനന്തപുരത്തേക്ക്. സ്വന്തം ആവലാതികളുമായി അതിൽ നിറയെ ആളുകളുണ്ടാകും. അവരിറങ്ങി നേരെ എംഎൽഎ ഹോസ്റ്ററിലെ 38-ാം നമ്പർ മുറി ലക്ഷ്യമാക്കി നീങ്ങും. അത് ഒരേസമയം പുതുപ്പള്ളിക്കാരുടെ സത്രവും യുവനേതാക്കളുടെ ഓഫീസുമായിരുന്നു. വരുന്നവരും പോകുന്നവരുമെല്ലാം അവിടെയുണ്ടാകും. ഹോസ്റ്റലിൽ ആകെ രണ്ടു ബെഡുകളാണ് ഉണ്ടായിരുന്നത്. ആദ്യം വരുന്നവർ ആ രണ്ടു ബെഡും കൈയടക്കും. രാത്രിയെപ്പോഴോ സ്വന്തം മുറിയിലെത്തുന്ന ഉമ്മൻചാണ്ടി ആരെയും വിളിച്ചുണർത്തില്ല. തറയിൽ ഷീറ്റോ പത്രമോ വിരിച്ച് കിടന്നുറങ്ങും.
ആ ഹോസ്റ്റൽ മുറിയിൽനിന്ന് ക്ലിഫ് ഹൗസിലെ പ്രൗഢിയിലേക്ക് രാഷ്ട്രീയ ജീവിതം വളർന്നിട്ടും ഡൗൺ ടു എർത്ത് തന്നെയായിരുന്നു ഉമ്മൻചാണ്ടി. വീടിനുപുറമേ, ഓഫീസും ആളുകൾക്ക് മുമ്പിൽ മലർക്കെ തുറന്നുകിടന്നു.
നിക്കർ മാറി, പാന്റായി
1977ൽ രണ്ടാം വട്ടം ജയിച്ചപ്പോഴാണ് ഉമ്മൻചാണ്ടി ആദ്യമായി മന്ത്രിയായത്. കിട്ടിയത് തൊഴിൽ വകുപ്പ്. ലീഡർ കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. 34 വയസ്സുള്ള ചെറുപ്പക്കാരനിൽ ലീഡർക്കുള്ള വിശ്വാസമായിരുന്നു അത്. 78ൽ കരുണാകരൻ രാജിവച്ച് എ.കെ ആന്റണി മുഖ്യമന്ത്രി ആയപ്പോഴും ഉമ്മൻചാണ്ടി അതേ വകുപ്പിൽ തുടർന്നു. തൊഴിലില്ലായ്മാ വേതനം ഏർപ്പെടുത്തിയതും തിരുവനന്തപുരത്തെ ചെങ്കൽച്ചൂളയിൽ ഫ്ളാറ്റ് സമുച്ചയം നിർമിച്ചതും അക്കാലത്താണ്. 1978 ഒക്ടോബർ 27ന് മന്ത്രിസ്ഥാനം രാജിവച്ചു.
1981ലെ കരുണാകരൻ മന്ത്രിസഭയിലാണ് പിന്നീട് മന്ത്രിയായത്. പൊലീസ് യൂണിഫോം പരിഷ്കരിച്ചത്- നിക്കർ മാറ്റി പാന്റ്സ് ആക്കി മാറ്റിയതും കൂർത്ത തൊപ്പി ഇല്ലാതാക്കിയതും- അക്കാലത്താണ്. 80 ദിവസം മാത്രമാണ് ആ മന്ത്രിസഭയ്ക്ക് ആയുസ്സുണ്ടായിരുന്നത്.
കരുണാകരനുമായി അകലുന്നു
പാർട്ടിക്കകത്ത് എല്ലാ കാലത്തും ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഉമ്മൻചാണ്ടി. 1969ൽ കോൺഗ്രസ് ദേശീയ തലത്തിൽ പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു അദ്ദേഹം. എ.കെ ആന്റണിയും വയലാർ രവിയുമായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടികൾ. 1978 ജനുവരി ഒന്നിന് കോൺഗ്രസ് വീണ്ടും പിളർന്നു. അന്ന് ദേവരാജ് അരശിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് യുവിനൊപ്പം നിന്നു ഉമ്മൻചാണ്ടിയും ആന്റണിയും അടക്കമുള്ളവർ. വിഎം സുധീരനും എംഎം ഹസനുമൊക്കെ ഇന്ദിരയുടെ പക്ഷത്തായിരുന്നു. ആ പിളർപ്പിൽ ഇന്ദിരയ്ക്കൊപ്പം നിൽക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് പിന്നീട് ഉമ്മൻചാണ്ടി പറഞ്ഞിട്ടുണ്ട്. ഇന്ദിരയുടെ സാന്നിധ്യത്തിൽ തന്നെയാണ് പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയത്.
അക്കാലത്ത് ആന്റണിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് അകത്ത് നടക്കുന്ന നീക്കങ്ങൾക്കെല്ലാം ഉമ്മൻചാണ്ടി പിന്തുണ നൽകി. 1992ൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പോടെ കരുണാകരനുമായി അകന്നു അദ്ദേഹം. അതേക്കുറിച്ച് ഉമ്മൻചാണ്ടി തന്നെ പറഞ്ഞത് ഇങ്ങനെ; '92ലെ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെ കരുണാകരനുമായി അകലുന്നത്. കരുണാകരൻ മുഖ്യമന്ത്രിയാണ് എങ്കിൽ ആന്റണിയായിരുന്നു കെപിസിസി പ്രസിഡണ്ട്. അതാണ് പ്രവർത്തകർ ആഗ്രഹിച്ചത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ കാര്യമാണ് ഉണ്ടായത്. ആ തർക്കം രാജ്യസഭാ സീറ്റിൽ മൂർധന്യാവസ്ഥയിലായി.'
സംഘടനാ തെരഞ്ഞെടുപ്പിൽ ആന്റണിക്കെതിരെ കരുണാകരൻ വയലാർ രവിയെ ഇറക്കിയത് വലിയ വാർത്തയായി. പാർട്ടിക്കുള്ളിലെ അട്ടിമറി. രവി 18 വോട്ടിന് ആന്റണിയെ തോൽപ്പിച്ചു. സംഘടന ഔദ്യോഗിക ഗ്രൂപ്പ് പിടിച്ചെടുത്തു. അതോടൊപ്പം ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് പാർട്ടിയിൽ ഉറക്കുകയും ചെയ്തു.
രണ്ടു വർഷത്തിന് ശേഷം കേരളത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് തങ്ങൾക്ക് ലഭിക്കുമെന്ന് എ ഗ്രൂപ്പ് കരുതി. എന്നാൽ ബാബരി മസ്ജിദ് തകർച്ചയിൽ ലീഗിന്റെ അസംതൃപ്തി പരിഹരിക്കാനെന്ന് പറഞ്ഞ് ഔദ്യോഗിക പക്ഷം രാജ്യസഭാ സീറ്റ് സഖ്യകക്ഷിക്ക് കൈമാറി. എ ഗ്രൂപ്പ് നിർദേശിച്ച ഡോ.എംഎ കുട്ടപ്പൻ പിന്മാറി. അതേദിവസം, ഉമ്മൻചാണ്ടി ധനമന്ത്രി സ്ഥാനം രാജിവച്ചു. നേതൃമാറ്റം വേണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഐഎസ്ആർഒ ചാരക്കേസ്. കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പകരമെത്തിയത് എകെ ആന്റണി. അതിന് പിന്നിൽ ഉമ്മൻചാണ്ടിയുടെ കുശാഗ്രബുദ്ധിയാണ് എന്ന ആക്ഷേപവും അദ്ദേഹത്തിന് കേൾക്കേണ്ടി വന്നു. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയമെല്ലാം ഉപേക്ഷിച്ച് ആന്റണി ഡൽഹിയിലേക്ക് വണ്ടി കയറിയപ്പോഴും എ ഗ്രൂപ്പിന്റെ മേൽവിലാസമായി ഉമ്മൻചാണ്ടി ഇവിടെ തന്നെയുണ്ടായിരുന്നു.
ഒറ്റ നിൽപ്പിനു കേട്ട പരാതികൾ
ഭരണത്തിലെ വികസനമുദ്രകളായി കൊച്ചി മെട്രോയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കണ്ണൂർ വിമാനത്താവളവുമെല്ലാം ഉണ്ടായെങ്കിലും ജനങ്ങളുടെ കണ്ണീരൊപ്പുന്ന ഭരണാധികാരിയായി അറിയപ്പെടാനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചത്. നാലു തവണ 14 ജില്ലാ ആസ്ഥാനങ്ങളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ അദ്ദേഹം ഓരോ ദിവസവും ചെലവഴിച്ചത് 17-18 മണിക്കൂര്‍. തീർപ്പാക്കിയത് ലക്ഷക്കണക്കിന് പരാതികൾ.
പഞ്ചായത്ത് പ്രസഡിണ്ടിന്റെ പണിയാണ് മുഖ്യമന്ത്രി എടുക്കുന്നതെന്ന ആക്ഷേപങ്ങൾക്കൊന്നും അദ്ദേഹം ചെവി കൊടുത്തില്ല. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതാണ് ഒരു ജനപ്രതിനിധിയുടെ പ്രാഥമിക ബാധ്യത എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിന് ആഗോള അംഗീകാരവും തേടിവന്നു. ഭരണാധികാരി ആയിരിക്കെ ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ തീരുമാനം എന്താണ് എന്ന ചോദ്യത്തിന് 'കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റ് സർജറി ഗവൺമെന്റ് ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചതും ഹീമോഫീലിയ രോഗികൾക്ക് പരിധിയില്ലാതെ മരുന്ന് നൽകാൻ തീരുമാനമെടുത്തതുമാണ് അത്' -എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
ഒടുവിൽ, എല്ലാ തിരക്കുകളും മാറ്റിവച്ച് അദ്ദേഹമിപ്പോൾ ഓർമയിലേക്ക് തിടുക്കത്തിൽ യാത്ര പോകുന്നു.