ഇത്തവണ യുപിയിലെ മുസ്‌ലിം വോട്ടുകൾ ആർക്ക്?
|2011ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയിലെ 19 ശതമാനമാണ് മുസ്‌ലിംകൾ. നിയമസഭാ പ്രാതിനിധ്യം പത്തു ശതമാനത്തിൽ താഴെയും
പലപെട്ടികളിൽ ചിതറിപ്പോകുന്ന വോട്ടുകൂട്ടം- തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ യുപി മുസ്‌ലിംകളെ ഇങ്ങനെയും വിശേഷിപ്പിക്കാം. സംസ്ഥാനത്തെ തൊണ്ണൂറോളം മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ടായിട്ടും വോട്ടിങ് പാറ്റേണുകളിൽ ഒരു ആഘാതവും ഉണ്ടാക്കാൻ മുസ്‌ലിംകൾക്ക് കഴിയാതെ പോകുന്നത് ഈ ചിതറിത്തെറിക്കൽ മൂലമാണ്. വോട്ടുകൾ പലവഴിക്കു പോകുന്നതോടെ പതിറ്റാണ്ടുകളായി നിയമനിർമാണ സഭയിൽ മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ല. 2011ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയിലെ 19 ശതമാനമാണ് മുസ്‌ലിംകൾ. നിയമസഭാ പ്രാതിനിധ്യം പത്തു ശതമാനത്തിൽ താഴെയും.
ഹിന്ദുത്വ വോട്ടുകളുടെ ആഘാതം
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സാമുദായിക കലാപങ്ങളിലൂടെ സംസ്ഥാനത്തുണ്ടായ ധ്രുവീകരണം വലിയ തോതിലാണ് വോട്ടിങ് പാറ്റേണുകളെ സ്വാധീനിച്ചത്. തീവ്രഹിന്ദുത്വത്തിന് കീഴിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെട്ടപ്പോൾ മുസ്‌ലിം വോട്ടുകൾ അപ്രസക്തമായി. ജാതി സംഘടനകളെ കൂടി ഹിന്ദുത്വം കുടക്കീഴിലാക്കിയത് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദൃശ്യമായി. ഇരു തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപിയുടെ തേരോട്ടം തന്നെയുണ്ടായി.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 മണ്ഡലത്തിൽനിന്ന് ഒരു മുസ്‌ലിം പോലും ലോക്‌സഭയിലെത്തിയില്ല. 2019ൽ ആറു പേർ വിജയം കണ്ടു. നിയമസഭയിൽ 2012ൽ 63 ആയിരുന്ന മുസ്‌ലിം എംഎൽഎമാർ 2017ൽ 25 ആയി ചുരുങ്ങി. നിയമസഭയിൽ ബിജെപിക്ക് മേൽക്കൈ ഉള്ള കാലത്തെല്ലാം മുസ്‌ലിം പ്രാതിനിധ്യം കുറയുന്ന കാഴ്ചയാണ് യുപിയിലുള്ളത്.
രാമജന്മഭൂമി പ്രസ്ഥാനം കൊടുമ്പിരി കൊണ്ട 1991ൽ 425 അംഗ സഭയിൽ 221 സീറ്റു നേടി ബിജെപി അധികാരം പിടിക്കുമ്പോൾ 23 മുസ്‌ലിം സ്ഥാനാർത്ഥികൾ മാത്രമാണ് സഭയിലെത്തിയത്. മൊത്തം അംഗബലത്തിന്റെ 5.4 ശതമാനം മാത്രം. അടുത്ത വർഷങ്ങളിൽ ബിജെപിയുടെ ശക്തി ക്ഷയിക്കുകയും അധികാരത്തിൽനിന്ന് പുറത്തുപോകുകയും ചെയ്തു. മുസ്‌ലിം പ്രാതിനിധ്യം ഉയരുന്ന സാഹചര്യവുമുണ്ടായി. 2012ൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തുമ്പോൾ 63 മുസ്‌ലിം എംഎൽഎമാരാണ് ഉണ്ടായിരുന്നത്. മുസ്‌ലിം സമുദായത്തിന് ഏറ്റവും കൂടുതൽ അംഗബലമുണ്ടായിരുന്ന സഭയും അതാണ്. ആ നിയമസഭയിൽ ബിജെപിക്ക് 47 സീറ്റേ ഉണ്ടായിരുന്നുള്ളൂ.
നിലവിലെ സഭയിൽ ആകെ അംഗബലത്തിന്റെ 6.2 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. മുഖ്യധാരയിൽ നിന്ന് ഒരു സമുദായം പിന്തള്ളപ്പെടുന്ന കാഴ്ചയാണ് സംസ്ഥാനത്തേതെന്ന് അഖിലേന്ത്യാ വ്യക്തി നിയമ ബോർഡ് അംഗം മൗലാനാ ഖാലിദ് റാഷിദ് ചൂണ്ടിക്കാട്ടുന്നു. 'ഇത് അംഗബലത്തിന്റെ മാത്രം വിഷയമല്ല. സഭയിൽ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അഭാവം നയരൂപീകരണങ്ങളിൽ അവർക്കൊരു പങ്കുമില്ല എന്ന് തെളിയിക്കുന്നതാണ്. സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വിഭാഗത്തിനാണ് ഈയവസ്ഥ' - അദ്ദേഹം പറയുന്നു.
മുസ്‌ലിം ഭൂരിപക്ഷ ജില്ലയിലും ബിജെപി
സംസ്ഥാനത്തെ 75 ജില്ലകളിൽ 15ലും 25 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുണ്ട്. ആകെ ജനസംഖ്യയുടെ 50.80 ശതമാനവും മുസ്‌ലിംകളുള്ള മുറാദാബാദ് ജില്ലയിൽ ആറു നിയമസഭാ സീറ്റുകളാണ് ഉള്ളത്. 2017ൽ രണ്ടിടത്താണ് ഇവിടെ ബിജെപി ജയിച്ചത്. നാലിടത്ത് സമാജ്‌വാദി പാർട്ടി വിജയിച്ചു. 50.57 ശതമാനം മുസ്‌ലിംകൾ താമസിക്കുന്ന റാംപൂരിൽ ആകെയുള്ളത് അഞ്ചു സീറ്റ്. 2017ൽ രണ്ടിടത്ത് ബിജെപിയും മൂന്നിടത്ത് എസ്പിയും വിജയിച്ചു. 43.04 ശതമാനം മുസ്‌ലിംകളുള്ള ബിജിനോർ ജില്ലയിലെ എട്ടു സീറ്റിൽ ആറിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്. എസ്പിക്ക് രണ്ടു സീറ്റു കിട്ടി. 41.95 ശതമാനം മുസ്‌ലിംകളുള്ള സഹാറൻപൂരിലെ ഏഴു സീറ്റിൽ നാലിടത്ത് ബിജെപി വിജയിച്ചു. കോൺഗ്രസാണ് രണ്ടു സീറ്റിൽ വിജയിച്ചത്. എസ്പി ഒരിടത്തും. 41.73 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഷാംലിയിലെ മൂന്നു സീറ്റിൽ രണ്ടിടത്തം ജയിച്ചത് ബിജെപിയാണ്. ഒരു സീറ്റിൽ എസ്പിയും.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന വർഗീയ കലാപത്തിലൂടെ ശ്രദ്ധ നേടിയ മുസഫർനഗറിൽ 41.11 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. സാമുദായിക ധ്രുവീകരണം വോട്ടാക്കി മാറ്റിയ ബിജെപി ജില്ലയിൽ ആകെയുള്ള ആറു സീറ്റും സ്വന്തമാക്കിയിരുന്നു. 40.78 ശതമാനം മുസ്‌ലിംകൾ താമസിക്കുന്ന അംറോഹ ജില്ലയിലെ നാലു സീറ്റിൽ മൂന്നിടത്തും ബിജെപി സ്ഥാനാർത്ഥികൾ വിജയം കണ്ടു. ഒരു സീറ്റ് എസ്പിക്കു കിട്ടി. 37.51, 34.54 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ബൽറാംപൂർ, ബറേലി ജില്ലകളിൽ ആകെയുള്ള 13 സീറ്റിൽ 13 ഉം ബിജെപി സ്വന്തമാക്കി. മീററ്റ്, ബഹ്‌റൈച്ച്, സംഭാൽ, ഹാപുർ, ശ്രാവസ്തി, ഭാഗ്പത് തുടങ്ങി മുസ്‌ലിംകൾ ഏറെയുള്ള ജില്ലകളിലും മുന്നേറ്റം നടത്തിയത് ബിജെപി തന്നെയാണ്.
എസ്പിയുടെ നോട്ടം
മുസ്‌ലിംകൾ ഇത്തവണ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്ക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. പരമ്പരാഗതമായി യാദവ-മുസ്‌ലിം വോട്ടുകളാണ് എസ്പിയുടെ ശക്തി. അത് നഷ്ടപ്പെടുത്താതിരിക്കാൻ പാർട്ടി ശ്രദ്ധിക്കുകയും ചെയ്യുന്നു. മുസ്‌ലിം വോട്ടുകളെ സംബന്ധിച്ച്, രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് നിർണായകം. ഈ ഘട്ടത്തിൽ മുസ്‌ലിംകൾക്ക് സ്വാധീനമുള്ള 55 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബറേൽവി, ദിയൂബന്ദ് മതനേതൃത്വത്തിന് സ്വാധീനമുള്ള മേഖലകൾ കൂടിയാണിത്. ഫെബ്രുവരി 14നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
2017ൽ 55 സീറ്റിൽ 38 ഇടത്തും ബിജെപിയാണ് വിജയിച്ചിരുന്നത്. എസ്പിക്ക് 15 ഉം കോൺഗ്രസിന് രണ്ടും സീറ്റുകൾ ലഭിച്ചു. കോൺഗ്രസും എസ്പിയും സഖ്യമായാണ് മത്സരിച്ചിരുന്നത്. 15 മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് എസ്പി കളത്തിലിറക്കിയിരുന്നത്. ഇതിൽ പത്തു പേരും വിജയിച്ചു.
എസ്പിക്ക് പുറമേ, കോൺഗ്രസും ബിഎസ്പിയും പുതുതായി ഗോദയിലെത്തുന്ന അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും ഇത്തവണ മുസ്‌ലിം വോട്ടുകൾ പിടിക്കും. യുപിയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള നൂറു സീറ്റിൽ മത്സരിക്കാനാണ് ഉവൈസിയുടെ തീരുമാനം. ഇത്തവണ ബിഎസ്പി ചിത്രത്തിലില്ലാത്തത് എസ്പിക്ക് സഹായകരമായേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റൊന്നും നേടിയില്ലെങ്കിലും 19 ശതമാനം വോട്ടാണ് ബിഎസ്പി പിടിച്ചത്. എസ്പി നേടിയത് 29.6 ശതമാനം വോട്ട്. മുൻ തെരഞ്ഞെടുപ്പിൽ ഇത് 25.8 ശതമാനമായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിഎസ്പി കൂടുതൽ വോട്ടുപിടിച്ചാൽ അത് എസ്പിയുടെ സാധ്യതകളെ തകിടം മറിക്കും. 2017ൽ 38.8 ശതമാനം വോട്ടു കിട്ടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അതിനെ മറികടക്കാൻ എസ്പിക്ക് 19 ശതമാനം വരുന്ന മുസ്‌ലിം വോട്ടുബാങ്കിനെ കൂടെ നിർത്തിയേ മതിയാകൂ.