''താമസം ബക്കിങ്ഹാം കൊട്ടാരത്തില്, ജോലി ഇംഗ്ലണ്ടിന്റെ ഭരണം!''
|എലിസബത്ത് രാജ്ഞിക്ക് ഒരിക്കലും രാജ്ഞിയാകാൻ താല്പര്യമില്ലായിരുന്നുവെങ്കിലും രാജ്ഞിയാകണമെന്ന് താല്പര്യമുള്ള ആളായിരുന്നു സഹോദരി മാർഗരറ്റ് രാജകുമാരി.
ബ്രിട്ടനിൽ ഒരു ബിസിനസ് സമ്മേളനത്തിന് എത്തിയതാണ് ആ അമേരിക്കൻ വ്യവസായി. അവിടെ എല്ലാവരും ഒരു സ്ത്രീയെ ചെന്ന് കാണുകയും വളരെ ബഹുമാനപൂർവം സംസാരിക്കുകയും ചെയ്യുന്നു. ഇവർ ആരാണ് എന്ന് വ്യവസായിക്ക് മനസിലായില്ല. ഒരുപക്ഷേ ബ്രിട്ടനിലെ ഒരു സെലിബ്രിറ്റി ആയിരിക്കാം. പക്ഷേ എങ്ങനെ അവരെ അറിയില്ല എന്ന് പറയും. അല്ലെങ്കിൽ നിങ്ങൾ ആരാണെന്ന് എങ്ങനെ ചോദിക്കും. അതുകൊണ്ടുതന്നെ ഈ വ്യവസായിയും നേരെ അവരുടെ അടുത്ത് ചെന്ന് വണങ്ങി വളരെ പരിചയത്തിൽ ചോദിച്ചു:
''സുഖമായിരിക്കുന്നുവോ?''
''ഉവ്വ്''
''സഹോദരങ്ങളൊക്കെ?''
''എനിക്ക് ഒരു സഹോദരി അല്ലേ ഉള്ളൂ.''
''ഓ അത് ശരിയാണല്ലോ. അവർ ഇപ്പോൾ എന്ത് ചെയ്യുന്നു? എന്താണ് അവരുടെ ജോലി? എവിടെയാ താമസം?''
ഒട്ടും സങ്കോചം കൂടാതെ വ്യവസായി ഇങ്ങനെ തുടരെ ചോദിച്ചപ്പോൾ ആ സ്ത്രീ നേരിയ ചിരിയോടെ പറഞ്ഞു.
''എന്റെ സഹോദരി ബക്കിങ്ഹാം കൊട്ടാരത്തിലാണ് താമസിക്കുന്നത്. അവരുടെ ജോലി എന്ന് പറഞ്ഞാൽ ഇംഗ്ലണ്ടിന്റെ ഭരണമാണ്.'' - എലിസബത്ത് രാജ്ഞിയുടെ സഹോദരി മാർഗരറ്റ് രാജകുമാരിയായിരുന്നു അത്.
ചരിത്രത്തിന്റെയും സമയത്തിന്റെയും ചില വികൃതികൾ കൊണ്ടുമാത്രം രാജ്ഞിയാകാതെ പോയ സ്ത്രീയാണ് മാർഗരറ്റ് രാജകുമാരി. എലിസബത്ത് രാജ്ഞിക്ക് ഒരിക്കലും രാജ്ഞിയാകാൻ താല്പര്യമില്ലായിരുന്നുവെങ്കിലും രാജ്ഞിയാകണമെന്ന് താല്പര്യമുള്ള ആളായിരുന്നു മാർഗരറ്റ് രാജകുമാരി. എലിസബത്ത് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമനും ഇതുപോലെ തന്നെ തന്റെ സഹോദരനായ എഡ്വേഡ് VIII ഒരു അമേരിക്കൻ വിധവയെ വിവാഹം കഴിക്കാൻ വേണ്ടിയിട്ട് സ്ഥാനം ഒഴിഞ്ഞു കൊടുത്തതാണ്.
ഓർമ വെച്ച കാലം മുതൽ കേൾക്കുന്ന പേരാണ് എലിസബത്ത് രാജ്ഞിയുടേത്. നമ്മുടെ കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലുമുള്ള ആളുകൾ രാജ്ഞിയെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ അടുത്തിടെ ഉണ്ടായ ഒരു അനുഭവം പറയാം.
കേരളത്തിലെ വളരെ പ്രശസ്തമായ കോളജിൽ നിന്ന് MCA കഴിഞ്ഞിട്ട് ഇൻഫോസിസിൽ ജോലി കിട്ടിയ ഒരു പെൺകുട്ടി കൗൺസിലിംഗിന് വന്നു. കൊഗ്നിറ്റീവ് ബയാസിനെ പറ്റി സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു:
''കേറ്റ് മിഡിൽടന്റെ കാര്യം നോക്കൂ.''
കുട്ടി: അതാരാണ്?
ഞാൻ:വില്യം രാജകുമാരന്റെ ഭാര്യ.
കുട്ടി: ആരാണ് വില്യം രാജകുമാരൻ.
ഞാൻ: ചാൾസ് രാജകുമാരനെ ഏതായാലും അറിയാമല്ലോ.
കുട്ടി: ഇല്ലാ.
അപ്പോൾ ഞാൻ പറഞ്ഞു എലിസബത്ത് രാജ്ഞിയെ കുറിച്ചു കേട്ടിരിക്കാൻ 100% സാധ്യതയുണ്ടല്ലോ?
ഒരു മൗനം.
അപ്പോൾ ഞാൻ സിനിമാനടൻ മുകേഷിനെ പോലെ മനസ്സിൽ: "എന്തോന്നാടെ ഇത്? പുല്ല്! അങ്ങനെയൊരാളുണ്ട് കേട്ടോ!
ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ നാൾ രാജ്ഞി ആയിരുന്ന രണ്ടാമത്തെ വ്യക്തി. രണ്ടുവർഷം കൂടി കഴിഞ്ഞിരുന്നെങ്കിൽ ലൂയി പതിനാലാമൻ ചക്രവർത്തിയെ മറികടക്കാമായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ രാജ്യങ്ങൾ ആലങ്കാരികമായിട്ടെങ്കിലും തങ്ങളുടെ രാജ്യത്തിന്റെ മേധാവിയായി അംഗീകരിക്കുന്ന വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. ഭൂവിസ്തൃതി വെച്ച് നോക്കിയാൽ അതിന്റെ അടുത്തെങ്ങും വരില്ല വേറെ ഒരു രാജ്യത്തിന്റെയും ഏകാധിപതിയുടെയും ജനാധിപത്യഭരണാധികാരിയുടെയും സ്ഥാനം. കാരണം ഓസ്ട്രേലിയ, കാനഡ പോലത്തെ രണ്ട് വമ്പൻ രാജ്യങ്ങളുടെ കോൺസ്റ്റിറ്റ്യൂഷണൽ മോണാർക്ക് ആയിരുന്നു അവർ.
ഈ ലോകചരിത്രത്തിലെ എന്തെല്ലാം ഏടുകൾ കണ്ട ഒരു വ്യക്തിയാണ് അവർ. അഞ്ച് പോപ്പുമാർ, 13 അമേരിക്കൻ പ്രസിഡന്റുമാർ, 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ, 11 റഷ്യൻ ഭരണാധികാരികൾ, മാവോ മുതൽ ഷി ജിൻപിങ് വരെയുള്ള ചൈനീസ് ഭരണാധികാരികൾ, നിക്കോളാസ് ചൗശാസ്ക്കൂ, മുഗാബെ, ഗദ്ദാഫി, ഇദി ആമീൻ, പോൾ പൊട്ട് പോലെയുള്ള അനേകം ദുഷ്ടരായ ഏകാധിപതികൾ, നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാർ. അങ്ങനെ അനന്തമായി നീളുന്ന അനുഭവസമ്പത്ത്. ഒരുപക്ഷേ ഇവർ സ്വന്തം അനുഭവങ്ങൾ സത്യസന്ധമായി വെളിപ്പെടുത്തിയിരുന്നെങ്കിൽ ചരിത്രത്തിന് വിലമതിക്കാനാവാത്ത ഒരു മുതൽക്കൂട്ട് തന്നെയാവുമായിരുന്നു അത്.
രാജഭരണത്തെയും രാജകീയതയേയും വാഴ്ത്തിപാടുകയാണ് എന്ന് കരുതരുത്. കാരണം ഇവർ ഒരിക്കലും ഒരു ഏകാധിപതി ആയിരുന്നില്ല. ഒരിടത്തും തന്റെ പൊളിറ്റിക്കൽ ആയിട്ടുള്ള അഭിപ്രായം പറയുവാൻ പോലും സാധിക്കാത്ത ഒരു ആലങ്കാരിക പദവി മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. ഈ പദവി തന്നെയാണ് നമ്മുടെ പ്രസിഡണ്ടിനും ഒക്കെയുള്ളത്. രാജാവ് എന്നോ രാജ്ഞി എന്നോ അമീൻ എന്നോ ഷേക്ക് എന്നോ പ്രധാനമന്ത്രി എന്നോ പ്രസിഡന്റ് എന്നോ ഒക്കെയുള്ള പേരുകളിൽ പണ്ട് കാലത്തെ ഏത് ചക്രവർത്തിയെയും നാണിപ്പിക്കുന്ന രീതിയിൽ ഭരണം കയ്യാളുന്നവർ ഇന്നുമുണ്ട് എന്നോർക്കുക.
ഇതൊരു പദവിയായി മാത്രം കണക്കാക്കിയാൽ മതി. പിന്നെ രാജകീയത എന്നൊരു വൈകാരികത പലരുടെയും ഉള്ളിൽ ഉണ്ട്. ബ്രിട്ടീഷ് മൊണാർക്കിനെ തങ്ങളുടെ രാജ്യത്തിന്റെ പദവിയിൽ നിന്നും മാറ്റണം എന്ന് പറയുന്നവരും, മാറ്റരുത് എന്ന് പറയുന്നവരും കോമണ്വെൽത്തിൽ മാത്രമല്ല ഇംഗ്ലണ്ടിലും ഒരുപാട് പേരുണ്ട്. എത്ര ജനാധിപത്യരാജ്യങ്ങളിൽ ഇത്തരം മുറവിളികൾ അവിടുത്തെ ഭരണാധികാരി വച്ച് പൊറുപ്പിക്കും. രാജകീയ പദവികൾ എപ്പോഴും സുഖകരമായ ഒന്നല്ല എന്ന് വെയിൽസ് രാജകുമാരിയായ ഡയാന രാജകുമാരിയുടെ ജീവിതവും മരണവും നമുക്കു മുൻപിൽ നീറുന്ന വേദനയായി ഉണ്ട്.
ആദരാഞ്ജലികൾ HRM Queen Elizabeth II