Opinion
വരൂ, നമുക്ക് റമ്മി കളിച്ചു കോടീശ്വരന്മാരാകാം!
Opinion

വരൂ, നമുക്ക് റമ്മി കളിച്ചു കോടീശ്വരന്മാരാകാം!

ഡോ.റോബിൻ കെ മാത്യു
|
26 July 2022 8:43 AM GMT

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമായ ഹോളിവുഡിനേക്കാളും വലിയ വ്യവസായമാണ് ഗെയിമിംഗ് ഇൻഡസ്ട്രി. അതിൽ പണം വെച്ചു കൂടി കളിക്കുമ്പോഴോ...

ഇന്ത്യയിലെ ചൂതാട്ടനിയമം അനുസരിച്ച്, 'ഗെയിം ഓഫ് ചാൻസ്' എന്നതിന് കീഴിൽ വരുന്ന ഗെയിമുകൾക്ക് മാത്രമേ ശിക്ഷ നൽകാവൂ. എന്നാൽ സ്‌കിൽ ഉപയോഗിച്ച് വിജയം നേടേണ്ട കളി കുഴപ്പമില്ല എന്നാണ് സർക്കാർ ഭാഷ്യം.

ഈ വർഷം ആദ്യം, ഓൺലൈൻ റമ്മിയിൽ 21ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം സ്വദേശി വിനീത് എന്ന 29 കാരൻ ആത്മഹത്യ ചെയ്തു. ഐഎസ്ആർഒ ജീവനക്കാരനായ അദ്ദേഹം കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഗെയിം കളിക്കാൻ തുടങ്ങി. ഗെയിം കളിക്കാൻ ഇയാൾ പല സ്വകാര്യ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിരുന്നതായും റിപ്പോർട്ടുണ്ട്.

സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾക്ക് ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടു. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്‍റായ ബിജുലാലിനെ ട്രഷറിയിൽ നിന്ന് 2.7 കോടി രൂപ തട്ടിയെടുക്കാൻ പ്രേരിപ്പിച്ചത് ഇതേ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളാണ്. റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷൻ, സിൽക്രമ്മി എന്നിവയാണ് ഏറ്റവും ജനപ്രിയമായ ഓൺലൈൻ ആപ്പുകൾ. കളിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളും, ക്രിക്കറ്റ്,സിനിമാ താരങ്ങൾ അഭിനയിക്കുന്ന പരസ്യങ്ങളുമുണ്ട് മേമ്പൊടിക്ക്. പാൻ പരാഗ് എന്ന വിഷത്തിന്‍റെ പരസ്യത്തിൽ ഈ എൺപതാം വയസിലും അമിതാഭ് ബച്ചൻ അഭിനയിക്കുമ്പോൾ പണം ലക്ഷ്യമാക്കി എന്തും ചെയ്യുന്നവരാണ് ഇവർ എന്ന് ആളുകൾക്ക് മനസിലായി കാണുമല്ലോ.


ഗെയിമിംഗ് എന്ന മഹാവിപത്ത്

അമേരിക്കയിലെ ഫ്ലോറിഡയിലെ ഇരുപത്തിരണ്ടുകാരിയായ യുവതി അലക്‌സാന്ദ്ര തോബിയാസ് 911 എന്ന എമർജൻസി നമ്പറിൽ വിളിക്കുന്നു. തന്‍റെ മൂന്ന് മാസം പ്രായമുള്ള മകൻ ഡിലന് ശ്വാസം നിലച്ചെന്നും പുനരുജ്ജീവനം ആവശ്യമാണെന്നും അറിയിച്ചു. തന്‍റെ വളർത്തു നായ കുട്ടിയെ സോഫയിൽ നിന്ന് ഉന്തി നിലത്തിട്ടെന്നും അങ്ങനെ കുട്ടിയുടെ തല തറയിൽ അടിച്ചുമെന്നാണ് പോലീസിനോട് അവർ ആദ്യം പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥർക്കും ഡോക്ടർക്കും ഈ കഥയിൽ അൽപം പന്തികേട് തോന്നി. അവർ അലക്‌സാന്ദ്രയെ ആവർത്തിച്ച് ചോദ്യം ചെയ്തു. ഒടുവിൽ പൊട്ടിക്കരഞ്ഞു കൊണ്ട് സത്യം വെളിപ്പെടുത്തി. അവൾ തന്‍റെ കമ്പ്യൂട്ടറിൽ ഫാം വില്ലെ എന്ന ഫേസ്‌ബുക്ക് ഗെയിം കളിക്കുകയായിരുന്നു. കളിയുടെ രസം ഏറി വന്ന സമയത്താണ് കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കിയത്. ഗെയിമിൽ നിന്ന് ശ്രദ്ധ തിരിക്കേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി. അവൾ തന്‍റെ കുഞ്ഞിനെ എടുത്ത് ശക്തമായി കുലുക്കാൻ തുടങ്ങി, അവന്‍റെ തല അവളുടെ കമ്പ്യൂട്ടറിൽ തട്ടി. തലയ്‌ക്കേറ്റ ക്ഷതവും കാലിന്‍റെ ഒടിവും മൂലം ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ആ പിഞ്ചുകുഞ്ഞു മരിച്ചിരുന്നു. 60 വർഷമാണ് കോടതി അവൾക്ക് ശിക്ഷ വിധിച്ചത്.


ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമായ ഹോളിവുഡിനേക്കാളും വലിയ വ്യവസായമാണ് ഗെയിമിംഗ് ഇൻഡസ്ട്രി. അതിൽ പണം വെച്ചു കൂടി കളിക്കുമ്പോഴോ... അമേരിക്കയിലെ കസിനോവുകളിൽ പണം നഷ്ടപ്പെടുന്നവരുടെയും ജീവിതം നഷ്ടപ്പെടുന്നവരുടെയും അവസ്ഥ അമേരിക്കയിലും സർക്കാർ മറച്ചുവെക്കപ്പെടുന്നതായിട്ട് മിഷിഗൻ സർവകലാശാലയിൽ വച്ച് ഒരു പ്രൊഫസർ പറഞ്ഞിട്ടുണ്ട്.

കൊറിയൻ കൗമാരക്കാരിൽ ഏകദേശം 20 ശതമാനം ഇന്‍റർനെറ്റ് അടിമകളാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചൈന, തായ്‌വാൻ, കൊറിയ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഗെയിമിംഗ് സ്റ്റേഷനുകളും അഡിക്റ്റുകളും ഉള്ളത് .ഇവിടെ നിന്ന് ഒരു ശവം വീതം മിക്ക ദിവസവും കണ്ടെടുക്കാറുണ്ട്. "ഡിജിറ്റൽ നാഗവല്ലിമാർ" എന്ന പുസ്തകത്തിൽ ഗെയിമിംഗ് ഇൻഡസ്ട്രിയുടെ ഭീകര വശങ്ങൾ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ " PC Bangs" എന്നറിയപ്പെടുന്ന ഇത്തരം ഗെയിമിംഗ് സ്റ്റേഷനുകൾ ബാംഗ്ലൂർ ഉൾപ്പെടെ പല സ്ഥലങ്ങളിലും ധാരാളമായി തുടങ്ങിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന അതിന്‍റെ ഇന്‍റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിന്‍റെ (ഐസിഡി) 11-ാം പുനരവലോകനത്തിൽ ഗെയിമിംഗ് ഡിസോർഡർ ഒരു മാനസിക രോഗമായി കണക്കാക്കിയിട്ടുണ്ട്. ഗെയിം, ചൂതാട്ടം തുടങ്ങിയവ മസ്തിഷ്‌ക്കത്തിൽ മയക്കുമരുന്ന്, മദ്യം എന്നിവയുടെ ദുരുപയോഗം എന്നിവയ്ക്ക് സമാനമായ ഡോപാമൈൻ റിലീസുണ്ടാകുന്നതായി FMRI സ്കാനിലൂടെ കണ്ടെത്താനായിട്ടുണ്ട്.

യുവാക്കൾക്ക് അഡിക്‍റ്റീവ് ആയിട്ടുള്ള ഓൺലൈൻ ഗെയിം ഉപേക്ഷിക്കാൻ ബുദ്ധിമുട്ടൊന്നുമില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? YouTube-ൽ പോയി "ഗെയിമിംഗ് ഫ്രീക്ക് ഔട്ട്സ്" എന്ന് തിരയുക. കുട്ടികളുടെ- സാധാരണയായി കൗമാരക്കാരായ ആൺകുട്ടികളുടെ- വൈറലായ വീഡിയോകളാണിത്. ഓൺലൈൻ ഗെയിമുകൾ കളിക്കുമ്പോൾ ഇവർ ഉന്മാദാവസ്ഥയിലാകുന്നു. ഈ വീഡിയോകൾ കൗമാരക്കാർക്കിടയിൽ ജനപ്രിയമാണ്. ഒരു സൈബർ സൈക്കോളജിസ്റ്റ് എന്ന നിലയിൽ, എനിക്ക് ഇത് തമാശയായി കാണുവാൻ ബുദ്ധിമുട്ടാണ്

വിജയിക്കാനുള്ള സാധ്യത 300 ദശലക്ഷത്തിൽ ഒന്നാണെന്ന് അറിയാമെങ്കിൽ കൂടി ആളുകൾ വലിയ ആവേശത്തോടെ തന്നെ പവർബോൾ ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. തുടർച്ചയായ പ്രതിഫലങ്ങളേക്കാൾ ആളുകളെ പ്രചോദിപ്പിക്കുന്നത് ഇടയ്ക്കിടെയുള്ള പ്രതിഫലങ്ങളാണെന്ന് മനഃശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ഏതാണ്ട് 30 വർഷം മുമ്പാണ് കേരളത്തിൽ കരിസ്മാറ്റിക് എന്ന ക്രിസ്ത്യൻ ഭക്തി പ്രസ്ഥാനം ആരംഭിക്കുന്നത്. ഒരുപാട് ആളുകൾ ഉത്തരവാദിത്തങ്ങൾ മറന്നു ഇതിന്‍റെ പുറകെ പോവുകയും കുടുംബങ്ങളും സമൂഹവും അതിന്‍റെ ദൂഷ്യവശങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മറ്റൊരു കാര്യമാണ് ക്രിക്കറ്റ്. രാവിലെ തുടങ്ങിയാൽ രാത്രിയിൽ മാത്രം തീരുന്ന ക്രിക്കറ്റ്. ജനങ്ങൾ അലസരായി രാവിലെ മുതൽ ടിവിക്ക് മുൻപിൽ ഇരിക്കുന്ന അവസ്ഥ. അന്നുണ്ടായിരുന്ന ഏക ചാനലായ ദൂരദർശനിൽ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ക്രിക്കറ്റ് മാത്രം സംപ്രേഷണം ചെയ്യുന്ന അവസ്ഥ. അന്നത്തെ കാലത്ത് ചില ബുദ്ധിജീവികൾ ഇതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത് ഇങ്ങനെയാണ് .ഇന്ത്യയിലെ ആൾക്കാരെ കുഴി മടിയന്മാർ ആക്കാൻ വേണ്ടിയിട്ട് നടത്തുന്ന അമേരിക്കൻ സ്പോൺസേഡ് ഉപജാപകമാണിത് എന്നായിരുന്നു.

വാസ്തവത്തിൽ ഈ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ?

റെഡ് ഹെറിങ് എന്നുപറഞ്ഞ് ഒരു മനഃശാസ്ത്രന്യായ വൈകല്യം ഉണ്ട് (Red Herring). സിനിമയിൽ വില്ലൻ ആണെന്നു തോന്നുന്ന ഒരാളെ ആദ്യം പ്രോജക്ട് ചെയ്യും. എല്ലാ കണ്ണുകളും അയാളുടെ നേർക്കായിരിക്കും. അവസാനം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വില്ലൻ അവതരിക്കും. നീറി കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ സർക്കാരുകൾ ഈ തന്ത്രം നന്നായി ഉപയോഗിക്കുന്നു. ഈ റമ്മി കളിയും അത്ര നിഷ്കളങ്കമല്ല.

മൈസൂരിൽ ബിഹേവിയറൽ സൈക്കോളജിജിസ്റ്റും സൈബർ സൈക്കോളജി കണ്‍സള്‍ട്ടന്‍റുമാണ് ലേഖകന്‍

Similar Posts