അനന്തമായി ഫോണിൽ സ്ക്രോൾ ചെയ്യുന്നവര്‍; ഇതൊരു രോഗമാണോ?
|സൈബർ ലോകത്തിലെ വിചിത്രമായ ചില മനഃശാസ്ത്ര അനുഭവങ്ങള്‍...
ഒരു കൗമാരക്കാരനു ഒരിക്കൽ വിചിത്രമായ ഒരു റൂബിക്സ് ക്യൂബ് കിട്ടി. എത്ര ശ്രമിച്ചിട്ടും അതിന്‍റെ പ്രഹേളിക അഴിക്കുവാൻ അവനു സാധിച്ചില്ല. അവന്‍റെ പൂർണമായ ശ്രദ്ധ ആ റൂബിക്സ് ക്യൂബിലേക്കായി. അവസാനം ആ റൂബിക്സ് ക്യൂബ് അവനെ മറ്റൊരു ലോകത്തിലേക്ക് വലിച്ചെടുക്കുകയാണ്. സൈബർ ലോകത്തിലെ വിചിത്രമായ മനഃശാസ്ത്ര അനുഭവങ്ങളെക്കുറിച്ച് പറയുമ്പോൾ പറയുന്ന ഒരു കഥയാണിത്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കോളജിൽ കുറച്ചുനാൾ മുമ്പ് ഞാൻ സൈബർ സൈക്കോളജിയെ കുറിച്ച് ഒരു സെമിനാർ എടുക്കുകയാണ്. സെമിനാർ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഡിപ്പാർട്ടുമെന്‍റ് ഹെഡ് എത്തി. സെമിനാർ ഹാളിന്‍റെ ഒത്ത നടുക്ക് കസേര വലിച്ചിട്ട് അദ്ദേഹം അടുത്ത ഒരു മണിക്കൂർ മൊബൈലിൽ സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു. ഫബ്ബിങ് എന്നാണ് ഈ പ്രക്രിയ ഇന്ന് അറിയപ്പെടുന്നത്. ചുറ്റുമുള്ളവരെ മുഴുവൻ അവഗണിച്ചു ഡിജിറ്റൽ സ്ക്രോളിംഗിൽ അനന്തമായി മുഴുകുന്ന അവസ്ഥ.
സുഹൃത്തുക്കളും ബന്ധുക്കളും കുടുംബങ്ങളും കമിതാക്കളും ഒക്കെ ഒത്തുകൂടുമ്പോൾ കാണുന്ന ഒന്നുണ്ട്. ബന്ധങ്ങളിലെ ചെറിയ സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലായ്മകളും തമാശകളും ഒന്നും, ആസ്വദിക്കാനോ അവയെ വിലമതിക്കുവാനോ തയ്യാറാകാതെ, ചിലര്‍ മറ്റൊരു ഡിജിറ്റൽ ലോകത്തിൽ മുഴുകിയിരിക്കുകയാണ്. എല്ലാവരും ഒത്തൊരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലും ഓരോരുത്തരും മൊബൈൽ നോക്കിയാണ് ഇരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടിയുടെ കയ്യിലും കാണും ഒരു ടാബ്‌ലറ്റ്. ഇന്ത്യയുൾപ്പെടെ പല രാജ്യത്തും നടത്തിയ പഠനങ്ങളിൽ തെളിയുന്നത് സെക്സിന്‍റെ സമയത്തുപോലും പലരും ഫോണിൽ ഇടയ്ക്ക് പരതാറുണ്ട് എന്നാണ്.
ഒരു മയക്കു മരുന്ന് അടിമയുടെ ബ്രെയിനിൽ ഉണ്ടാകുന്ന അതേമാറ്റം തന്നെ ഒരു ഗാഡ്ജെറ്റ് അഡിക്റ്റിന്‍റെയും ബ്രെയിനിൽ കാണപ്പെടുന്നു എന്നാണ് FMRI സ്കാൻ കാണിക്കുന്നത്. സൈബർ ലോകം മറ്റൊരു ലോകമാണ്. ലൈംഗികതയുടെ മേഖലയിൽ സൈബർ ലോകം സൃഷ്ടിച്ച അതിഭീകരമായ ചില അവസ്ഥകളെ കുറിച്ച് "ഡിജിറ്റൽ നാഗവല്ലിമാർ" എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി കുറച്ചു നാള്‍ മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ഞെട്ടിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തിയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ജൂലായ് വരെ 66 കുട്ടികൾ കേരളത്തിൽ ആത്മഹത്യ ചെയ്തു എന്നതായിരുന്നു അത്. ഈ വിഷയം പഠിക്കാൻ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചതായും അറിയിച്ചു. കൗൺസിലിംഗും മറ്റ് സേവനങ്ങളും നൽകുന്നതിന് വിദ്യാർത്ഥി പോലീസ് കേഡറ്റുകൾ മുൻകൈയെടുക്കുന്ന 'ചിരി' എന്ന പ്രോഗ്രാമും പ്രഖ്യാപിച്ചു.
സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചിരി ചികിത്സ, ഓൺലൈൻ കൗൺസിലിംഗ് എന്നിവ സത്യത്തിൽ സഹായകരമാണ് എന്നെനിക്ക് വിശ്വാസമില്ല. ഒന്നാമത് തന്നെ അഡിക്ഷൻ എന്ന് പറയുന്നത് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു മാറ്റം ആണെന്നുള്ളത് കൊണ്ടുതന്നെ കൗൺസിലിംഗ് മാത്രം കൊണ്ട് ഒരു പ്രയോജനവുമില്ല. മാനസികാരോഗ്യം കൈകാര്യം ചെയ്യേണ്ടത് പോലീസ് അല്ല. മനഃശാസ്ത്രജ്ഞന്മാർ ആണ്. സോഷ്യൽ വർക്കേഴ്സ് ആണ്, ഡോക്ടേഴ്സ് ആണ്. എല്ലാത്തിനുമുപരി മാതാപിതാക്കന്മാരുടെയും മനഃശാസ്ത്രജ്ഞൻമാരുടെയും സോഷ്യൽ വർക്കേഴ്സിന്‍റെയും അധ്യാപകരുടെയും ഒക്കെ കൂട്ടായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. ചിരിച്ചുകൊണ്ട് മാത്രം ഒരാളുടെ വിഷാദം കുറയില്ല. സ്മൈലിങ് ഡിപ്രഷൻ എന്നൊരു വിഷാദരോഗം തന്നെയുണ്ട്.
ഹിക്കിക്കോമോറി
യൌവ്വനത്തിൽ തന്നെ ജോലി നഷ്ടപെടുകയും പുറംലോകത്തിൽ നിന്ന് ഒറ്റപ്പെട്ട്, മാതാപിതാക്കളുടെ വീടുകളിൽ ഒതുങ്ങി, ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ പോലും കിടപ്പുമുറിയിൽ പൂട്ടിക്കിടക്കുന്നു, വീട്ടിൽ താമസിക്കുന്ന മറ്റുള്ളവരുമായി പോലും ആശയവിനിമയം നടത്താൻ ഇവർ വിസമ്മതിക്കുന്നു. കൗമാരക്കാരെയോ യുവാക്കളെയോ പ്രധാനമായും ബാധിക്കുന്ന ഈ അവസ്ഥയെ വിവരിക്കുന്ന ഒരു ജാപ്പനീസ് പദമാണ് ഹിക്കികോമോറി. ഈ രോഗികൾ ഇന്‍റർനെറ്റ് ധാരാളമായി ഉപയോഗിക്കുന്നു, മാത്രമല്ല അവരുടെ ഏറ്റവും അനിവാര്യമായ ശാരീരിക ആവശ്യങ്ങൾ മാത്രമാണ് അവർ നിറവേറ്റുന്നത്. പ്രായമായ മാതാപിതാക്കന്മാർ വേണം വീട്ടിലെ എല്ലാ കാര്യങ്ങളും നടത്താൻ. വൃദ്ധരായ മാതാപിതാക്കന്മാർ മരിക്കുന്നത് വരെ ഇവർ അവരുടെ ചെലവിൽ ആ വീട്ടിൽ കഴിഞ്ഞു കൂട്ടുന്നു. അരലക്ഷത്തോളം ജാപ്പനീസ് യുവാക്കൾ ഇപ്രകാരം സ്വയം ഏകാന്തതടവ് അനുഭവിക്കുന്നവരാണ്.
ഈ അവസ്ഥ ജപ്പാനിലാണ് ആദ്യം കണ്ടെത്തിയതെങ്കിലും, ലോകമെമ്പാടും ഇത്തരം കേസുകൾ വിവരിച്ചിട്ടുണ്ട്. പ്രോഡ്രോമൽ സൈക്കോസിസ്, സ്കീസോഫ്രീനിയ തുടങ്ങിയവയുടെ നെഗറ്റീവ് ലക്ഷണങ്ങൾ, ഇന്‍റർനെറ്റ് അഡിക്ഷൻ ഡിസോർഡർ തുടങ്ങിയവയൊക്കെ ഇവരിൽ പ്രകടമാണ്. എന്നിരുന്നാലും, ചില കേസുകളിലെങ്കിലും ഇവരിൽ മാനസിക വിഭ്രാന്തി ഉണ്ടാകില്ല. ഇത്തരക്കാർ ചികിത്സയുമായി ഒരു തരത്തിലും സഹകരിക്കാറില്ല. എന്നിരുന്നാലും ഇവർക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ട ചികിത്സയാണ് സൈക്കോതെറാപ്പി. സൈക്യാട്രിക് നോസോളജിയിൽ ഹിക്കികോമോറിയുടെ കൃത്യമായ സ്ഥാനം ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല.
സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (CMIE) യുടെ ഡാറ്റ കാണിക്കുന്നത് 2016 മുതൽ രാജ്യത്തു കടുത്ത തൊഴിലില്ലായ്മ ബാധിച്ചിരിക്കുകയാണെന്നാണ്. ഒന്നും ചെയ്യാനില്ലാതെ അനന്തമായി ഫോണിൽ സ്ക്രോൾ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. അവർ എവിടെയും ഇല്ലാത്ത "ജനറേഷൻ നോ വെയർ" എന്ന ഗണത്തിൽ പെടുന്നു.
- മൈസൂരിൽ ബിഹേവിയറൽ സൈക്കോളജിജിസ്റ്റും സൈബർ സൈക്കോളജി കൺസള്‍ട്ടൻ്റും ആണ് ലേഖകൻ.