സ്വപ്നാടനത്തിന് പിന്നിലെ മുഹമ്മദ് ബാപ്പുവും ഉറൂബും, അശോക് നഗറിൽ വച്ചു കണ്ട സൽമ; കെ.ജി ജോർജിന്റെ ജീവിതം
|അടിയന്തരാവസ്ഥയിലാണ് സ്വപ്നാടനം തിയേറ്ററിലെത്തിയത്. അഴിക്കുള്ളിലാകുമോ എന്ന് ഭയപ്പെട്ടിരുന്ന നിര്മാതാവ് മുഹമ്മദ് ബാപ്പു, അതു പിൻവലിക്കും മുമ്പാണ് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിൽ നിന്ന് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.
1998ൽ പുറത്തിറങ്ങിയ ഇളവങ്കോടു ദേശമാണ് കെജി ജോർജിന്റെ അവസാനത്തെ സിനിമ. അഭ്രപാളിക്കു പിന്നിൽ നിന്ന് അപ്രത്യക്ഷനായിട്ട് കാൽനൂറ്റാണ്ടായിട്ടും വജ്രശോഭ പോലെ സിനിമയുടെ പരിസരത്ത് കെ.ജി ജോർജുണ്ടായിരുന്നു. അതാണ് മലയാള സിനിമയിൽ ജോർജ് ചെയ്തു വച്ച മാജിക്. യവനികയ്ക്ക് പിന്നിലേക്ക് മറയുന്നതോടെ അവസാനിക്കുന്നത് സിനിമയിൽ ആഖ്യാനങ്ങൾക്ക് പുതുസങ്കേതങ്ങൾ സമ്മാനിച്ച ഒരു ജോര്ജിയന് യുഗം.
പെയിന്ററായിരുന്നു ജോർജിന്റെ അച്ഛൻ കുളക്കാട്ടിൽ ഗീവർഗീസ് സാമുവൽ. അച്ഛന്റെ കലാവിരുത് കൊച്ചുജോർജിനും പകർന്നു കിട്ടി. ചെറുപ്പത്തിൽ വരച്ചു കിട്ടുന്ന കാശുകൊണ്ട് ഓരോ വാരാന്ത്യത്തിലും ജോർജ് തിരുവല്ലയിലെ വിക്ടറി തിയേറ്ററിലേക്ക് വണ്ടി കയറി. വിക്ടറിയിലെ മങ്ങിയ വെളിച്ചത്തിൽ കണ്ട ഇംഗ്ലീഷ് ചിത്രങ്ങളാണ് ജോർജിൽ ഒരു സിനിമാക്കാരന്റെ വിത്തിട്ടത്.
ഹരിപ്പാട്ടുകാരനായിരുന്നു സാമുവൽ. സ്വന്തമായി വീടൊന്നുമുണ്ടായിരുന്നില്ല. നാടുചുറ്റലിനിടെ തിരുവല്ലയിലെത്തി. അവിടെ വച്ച് അന്നാമ്മ എന്ന യുവതിയെ കണ്ടു. വിവാഹം കഴിച്ചു. എന്നിട്ടും സാമുവലിന്റെ ഊരുചുറ്റൽ മാറിയില്ല. തിരുവല്ലയിൽനിന്ന് ചങ്ങനാശ്ശേരിക്കും കോട്ടയത്തേക്കും കുടുംബസമേതം വണ്ടി കയറി. പല വീടുകളിൽ മാറിമാറിപ്പാർത്തു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികൾക്കൊക്കെ ബോർഡും ചുവരുമെഴുതുമായിരുന്നു സാമുവേൽ. അച്ഛനിൽനിന്നാണ് കല പകർന്നു കിട്ടിയതെന്ന് പലകുറി പറഞ്ഞിട്ടുണ്ട് ജോർജ്.
1967ൽ ഡിഗ്രി കഴിഞ്ഞതോടെ സിനിമ പഠിക്കുകയായി ലക്ഷ്യം. അന്നത്തെ മറ്റേതു സിനിമാക്കാരനെയും പോലെ ലക്ഷ്യം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. മദ്രാസിലായിരുന്നു പരീക്ഷ. രാജ്കപൂർ അടക്കമുള്ളവർക്ക് മുമ്പിലായിരുന്നു പൂനെയിലെ ഇന്റർവ്യൂ. രണ്ടും പാസായി. രവി മേനോൻ, മോഹൻശർമ്മ, ആസാദ് ജമീല മാലിക്, ഗൗതമൻ, ജയഭാദുരി എന്നിവരൊക്കെ പഠിച്ചത് അക്കാലത്താണ്. ബാലു മഹേന്ദ്രയും ജോൺ അബ്രഹാമുമൊക്കെയാരുന്നു സീനിയേഴ്സ്.
പഠനം കഴിഞ്ഞ്, 1972ൽ നേരെ മദ്രാസിലേക്ക് വണ്ടി കയറി. പൂനെയിലെ പരീക്ഷയ്ക്ക് എക്സാമിനറായി വന്ന സംവിധായകൻ രാമു കാര്യാട്ട് ഇനിയെന്താണ് പരിപാടി എന്ന് ജോർജിനോട് ചോദിച്ചിരുന്നു. മദ്രാസിലേക്ക് വരാമെന്ന മറുപടിയും നൽകി. ജോൺ അബ്രഹാമിന്റെ സിനിമയിലാണ് ആദ്യമായി സഹകരിച്ചത്. പിന്നീട് മായ, നെല്ല് എന്ന സിനിമയിൽ രാമുകാര്യാട്ടിന്റെ അസിസ്റ്റന്റായി.
'അധോലോക സിനിമ' കൊണ്ട് തുടക്കം
ഉറൂബ് ആണ് ജോർജിന്റെ ആദ്യ സിനിമയ്ക്ക് പേരിട്ടത്- സ്വപ്നാടനം. ഒരു തുടക്കക്കാരന്റെ സിനിമയ്ക്ക് കിട്ടാവുന്ന വലിയ അംഗീകാരം. മനഃശാസ്ത്ര വിദഗ്ധൻ പ്രഫ. ഇ മുഹമ്മദിന്റെ (സൈക്കോ മുഹമ്മദ്) ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് സ്വപ്നാടനത്തിന്റെ ഇതിവൃത്തം. സിഗ്മണ്ട് ഫ്രോയിഡിന്റെ ആരാധകനായിരുന്നു സൈക്കോ മുഹമ്മദ്. പലായനം എന്നാണ് മുഹമ്മദ് സിനിമയ്ക്ക് നൽകിയിരുന്ന പേര്.
ബോംബെയിലെ സിനിമാ ഭ്രാന്തനായിരുന്ന വ്യവസായി മുഹമ്മദ് ബാപ്പുവാണ് സ്വപ്നാടനം നിർമിച്ചത്. ബോംബെയിൽ അധോലോകവും ബിസിനസുമൊക്കെയുള്ള വണിക്കായിരുന്നു മുഹമ്മദ് ബാപ്പു. പൊന്നാനിക്കാരൻ. അധോലോക നായകരായ വരദരാജ മുതലിയാർ, കലിംലാല, ഹാജി മസ്താൻ എന്നിവരുമായൊക്കെ ചങ്ങാത്തമുണ്ടായിരുന്നു മുഹമ്മദ് ബാപ്പുവിന്. കലാമേഖലയിൽ മുഹമ്മദ് റഫി, ലതാമങ്കേഷ്കർ, അമിതാഭ് ബച്ചൻ തുടങ്ങിയവരും സൗഹൃദവലയത്തിൽ. രാമു കാര്യാട്ടുമായും അടുപ്പം. മദ്രാസിൽ കാര്യാട്ടിന്റെ പരിസരത്തുനിന്നാണ് മുഹമ്മദ് ബാപ്പു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ജോർജിനെ കണ്ടെത്തുന്നത്. അതിന് നിമിത്തമായത് രാരിച്ചൻ ലത്തീഫും. കുങ്കുമം, കേരള ശബ്ദം പ്രസിദ്ധീകരണങ്ങളുടെ ഉടമയായിരുന്ന കൊല്ലത്തെ കൃഷ്ണസ്വാമി റെഡ്ഢ്യാറുടെ ഓഫീസിൽ വച്ചാണ് പലായനത്തിന്റെ പേര് സ്വപ്നാടനമായി മാറിയത്. ആ കൂടിക്കാഴ്ചയിൽ ജോർജിനും മുഹമ്മദ് ബാപ്പുവിനും ഒപ്പം ഉറൂബുമുണ്ടായിരുന്നു. അന്ന് കുങ്കുമത്തിന്റെ പത്രാധിപരായിരുന്നു ഉറൂബ്.
ആ ചിത്രീകരണത്തിനിടെ നായിക നടി റാണിചന്ദ്രയിൽ നിന്നുണ്ടായ ഒരനുഭവത്തെ കുറിച്ച്് പിന്നീട് ജോർജ് മനസ്സു തുറന്നിട്ടുണ്ട്. 60കളിലെ മിസ് കേരളയായിരുന്നു റാണിചന്ദ്ര. സ്വപ്നാടനത്തിന്റെ ആദ്യ സീൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ വച്ചായിരുന്നു. മൃതദേഹങ്ങൾക്കിടയിൽ കിടന്ന് അഭിനയിക്കണം. അതിൽ അവർ ഇഷ്ടക്കേട് കാണിച്ചു. ഒടുവിൽ ക്യാമറാമാൻ രാമചന്ദ്ര ബാബു മൃതദേഹങ്ങൾക്കിടയിൽ കിടന്നു കാണിച്ചാണ് റാണിചന്ദ്രയെ അനുനയിപ്പിച്ചത്. സുമിത്രയെന്ന ആ കഥാപാത്രം റാണിചന്ദ്രയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു.
അടിയന്തരാവസ്ഥയിലാണ് സ്വപ്നാടനം തിയേറ്ററിലെത്തിയത്. സാമ്പ്രദായിക സിനിമാ സിനിമാ രീതിയെ പൊളിച്ചെഴുതിയ സൈക്കോ ത്രില്ലർ രണ്ട് ദേശീയ പുരസ്കാരവും എട്ട് സംസ്ഥാന പുരസ്കാരവും വാരിക്കൂട്ടി. അടിയന്തരാവസ്ഥയിൽ അഴിക്കുള്ളിലാകുമോ എന്ന് ഭയപ്പെട്ടിരുന്ന മുഹമ്മദ് ബാപ്പു, അത് പിൻവലിക്കും മുമ്പാണ് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിൽ നിന്ന് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.
അധോലോക ബന്ധമുള്ള മലയാള സിനിമ മാത്രമായിരുന്നില്ല സ്വപ്നാടനം. മലയാളത്തിൽ നാർക്കോ അനാലിസിസ് ഒരു ആഖ്യാന സങ്കേതമായി ഉപയോഗിച്ച ആദ്യ ചിത്രം കൂടിയായിരുന്നു.
അവസരം ചോദിച്ചു വന്ന സൽമ
ആ സിനിമയിൽ അവസരം ചോദിച്ചുന്ന ഗായിക സൽമ, ആദ്യം ജോർജിന്റെ സിനിമകളുടെ ഭാഗവും പിന്നീട് ജീവിതത്തിന്റെ പാതിയുമായി മാറി. കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന പപ്പുക്കുട്ടി ഭാഗവതരുടെ മകളായിരുന്നു സെൽമ. ചെന്നൈ അശോക് നഗറിൽ വച്ചാണ് സൽമയും അമ്മ ബേബിയും ജോർജിനെ ആദ്യമായി കാണുന്നത്. സ്വപ്നാടനത്തിൽ പാട്ടുകളുണ്ടായിരുന്നില്ല എന്നതായിരുന്നു കൗതുകം. വന്നതല്ലേ, ഇനിയൊരു പ്രോജക്ട് വരുമ്പോൾ വിളിക്കാം എന്നു പറഞ്ഞ് ജോർജ് സൽമയെ മടക്കിയയച്ചു.
നിർമാതാവ് ശോഭന പരമേശ്വരൻ നായരുടെ വീട്ടിൽ വച്ചാണ് അവരുമായുള്ള അടുത്ത കൂടിക്കാഴ്ച. സെൽമയുടെ അയൽക്കാരനായിരുന്നു പരമേശ്വരൻ നായർ. അവിടെ വച്ച് ജോർജ് സൽമയോട് വിവാഹാഭ്യാർത്ഥ നടത്തി. വീട്ടിൽ വന്ന് പെണ്ണു ചോദിച്ചു. നിർമാതാവ് മുഹമ്മദ് ബാപ്പുവിനെ കൂട്ടി മൂത്ത സഹോദരൻ മോഹൻ ജോസിനെ പോയിക്കണ്ടു. സിനിമാ സംവിധായകനല്ലേ, മറ്റു പെൺകുട്ടികളുമായി ബന്ധമൊക്കെ ഉണ്ടാകും എന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് ഒഴിയുകയാണ് ആദ്യം ചെയ്തതെന്ന് പിന്നീട് സെൽമ പറഞ്ഞിട്ടുണ്ട്. എന്നാൽ സംഗതി കാര്യമായി. 1977 ഫെബ്രുവരി ചെന്നൈയിലെ സെന്റ് മത്യാസ് ചർച്ചിൽ വച്ച് ജോർജ് സൽമയുടെ കഴുത്തിൽ മിന്നുകെട്ടി.
സ്വയം ആവർത്തിക്കാത്ത ജോർജ്
പ്രമേയത്തിലെ വൈവിധ്യമാണ് ജോർജിനെ സിനിമയിൽ വേറിട്ടുനിർത്തിയത്. സ്വപ്നാടനത്തിന് ശേഷം ചെയ്ത വ്യാമോഹം, ഓണപ്പുടവ, മണ്ണ് തുടങ്ങിയ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇളയരാജ ആദ്യമായി മലയാളത്തിലെത്തിയ ചിത്രമായിരുന്നു വ്യാമോഹം. എന്നാൽ പത്മരാജന്റെ തിരക്കഥയിൽ ജോർജ് ഒരുക്കിയ രാപ്പാടികളുടെ ഗാഥ ശ്രദ്ധിക്കപ്പെട്ടു.
സ്വപ്നാടനം എടുത്ത് ഏഴു വർഷത്തിന് യവനിക പുറത്തുവരുന്നത്-1982ൽ. മലയാള സിനിമാ ചരിത്രത്തിന്റെ ദിശ നിർണയിക്കുകയും ഭാവുകത്വവും പുതുക്കിപ്പണിയുകയും ചെയ്ത ഇൻവസ്റ്റിഗേഷൻ ത്രില്ലർ. സിനിമയുടെ തിരക്കഥ വായിച്ച് ത്രില്ലടിച്ച ഒഎൻവി കുറുപ്പ് ജോർജിനോട് ഒരിക്കൽ പറഞ്ഞു- യവനിക എന്ന പേരല്ലാതെ മറ്റൊരു പേരും ഈ സിനിമയ്ക്കിടരുത്. തിയേറ്ററിൽ ഐവി ശശിയുടെ ഈ നാട് ചിത്രത്തോടാണ് യവനികയ്ക്ക് ഏറ്റുമുട്ടാനുണ്ടായിരുന്നത്. രണ്ടിലും പ്രധാനകഥാപാത്രം മമ്മൂട്ടി. രണ്ടും നൂറ് ദിവസത്തിലേറെ ഓടി. ചലചിത്ര പഠിതാക്കളുടെ ടെക്റ്റ് ബുക്ക് കൂടിയായി യവനിക.
പിന്നീടെത്തിയ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറി. അന്തരിച്ച നടി ശോഭയുടെ ജീവിതമായിരുന്നു ലേഖയുടെ മരണത്തിന്റെ ഇതിവൃത്തം. ജോർജിന്റെ ഉൾക്കടലിൽ അഭിനയിച്ച താരമായിരുന്നു ശോഭ. സ്ത്രീ കേന്ദ്രീകൃത സിനിമയായിരുന്നു ആദാമിന്റെ വാരിയെല്ല്. മലയാളത്തിലെ ഏറ്റവും വലിയ പൊളിറ്റക്കൽ സറ്റയറുകളിലൊന്നായ പഞ്ചവടിപ്പാലം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്.
84ലെ പഞ്ചവടിപ്പാലത്തിന് ശേഷം ആറു സിനിമ മാത്രമാണ് ജോർജ് ചെയ്തത്. ഇരകൾ, കഥയ്ക്കു പിന്നിൽ, മറ്റൊരാൾ, ഈ കണ്ണി കൂടി, ഒരു യാത്രയുടെ അന്ത്യം, ഇലവങ്കോട് ദേശം എന്നിവ. ഇതിൽ ഒരു യാത്രയുടെ അന്ത്യം തിയേറ്ററിലെത്തിയത് 1991ലാണ്. അടുത്ത സിനിമ വരാൻ ഏഴു വർഷം കാത്തിരിക്കേണ്ടി വന്നു. 98ൽ ഇലവങ്കോട് ദേശത്തിന് ശേഷം ജോർജ് സിനിമയെടുത്തിട്ടില്ല.