കൊടുങ്കാറ്റിന്റെ ഈണം
|ഭഗ്നാശപ്രധാനമായ ആധുനികതയ്ക്ക് ഒരു സൂഫി-മിസ്റ്റിക് മുഖമുണ്ടെന്ന് ഉണർത്തിയത്, ഉസ്മാന്റെ കവിതകളാണ്.അതും നമുക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ല
'ഒരൊ പിറവിയും തിരോധനവും
മരണത്തിന് എത്തിപ്പെടാനാവാത്ത
പ്രാണന്റെ
ഒളിത്താവളങ്ങളാണ്'
(കാഴ്ചകൾക്കപ്പുറം )
എസ്. വി ഉസ്മാൻ, മലയാളത്തിലെ 'ശക്തമായ' ഭാഷാകവിതയുടെ വക്താവായിരുന്നു.ആധുനികതയുടെ മധ്യാഹ്നത്തിൽ എഴുതിത്തുടങ്ങിയ ഈ കവിയെ എത്രപേർക്കറിയാം, മലയാളകവിതയിൽഎന്നുമാത്രം ഞാൻ ചോദിക്കട്ടെ. മലയാളവും സെമിറ്റിക്കുമായ ഭാഷാപദങ്ങളുടെ ചേരുവകൊണ്ട് രൂപകങ്ങളുടെ വിചിത്രലഹരി സൃഷ്ടിച്ചുകൊണ്ട് ആധുനികതയ്ക്ക് അദ്ദേഹം വേറിട്ടൊരു മുഖപ്പുണ്ടാക്കി. എന്നാൽ അതിന് മാപ്പിളപ്പാട്ട് എന്നുപേരില്ല.
അധിനിവേശാനന്തരകാലത്തെ പ്രണയം എന്ന ശീർഷകത്തിൽ ഒരുകാവ്യസമാഹാരം തന്നെയുണ്ട്, ഉസ്മാന്റെ. ഖുർആനികവും സമിത്തികവുമായ ബിംബങ്ങൾകൊണ്ട്, ലോക /കേരളീയ ആധുനികതയുടെ മനുഷ്യസന്ദർഭത്തെയും സമ്മോഹനതയെയും അദ്ദേഹം നിരന്തരം അവതരിപ്പിച്ചു.അതുപോലെ മതത്തെ ഒരു ജീർണഭാരംപോലെ എഴുന്നള്ളിച്ചു നടക്കുന്ന നിറംകെട്ട സാമുദായികതയെ ഇതേ ഭാഷകൊണ്ട് തന്നെ ശീർഷാസനത്തിലാക്കി.എന്നാൽ, നമ്മുടെ പരമ്പരാഗത ആസ്വാദനശീലങ്ങളിൽ നങ്കൂരമിട്ട സവർണ ഭാവുകത്വത്തിന് ഉസ്മാനെ തിരിഞ്ഞില്ല. മാത്രമല്ല, ഈയൊരു കാവ്യ സരണിക്ക് മുസ്ലിംകവികളിൽനിന്നുപോലും പിൽക്കാലത്ത് ഒരു തുടർച്ചയുണ്ടായില്ല. മിതോളജിയുടെ ആഴങ്ങളിൽ നിന്നും ആധുനിക ജീവിതത്തിനും മനുഷ്യസന്ദർഭങ്ങൾക്കും കൊടിപ്പടമുണ്ടാക്കുന്നതിൽ, പുതുകവികൾ പോലും പരാജയമായിരുന്നു, എന്നുവേണംപറയാൻ.
അങ്ങനെ ചില സർത്ഥകശ്രമം നടത്തിയ ഉസ്മാനെ എന്തുകൊണ്ട് സാംസ്കാരിക കേരളം തിരിച്ചറിഞ്ഞില്ല, എന്ന വിമർശനത്തെ നാം നേരിടുകതന്നെവേണം.കേരളീയ സംഗീതത്തിന്റെ ഉരുവപ്പെടലിന്റെ ചർച്ചയിൽ, ഉസ്മാന്റെ കുടുംബപാരമ്പര്യത്തിന് ഒരു കണ്ണി നൽകാനായിട്ടുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. അതിന്റെ സാധ്യത തന്നെയായിരിക്കണം കവിതയിൽ മുഴങ്ങുന്നതാളം തോറ്റിയ അദ്ദേഹത്തിന് ഏറ്റവും മനോഹരമായ ഒരുകൂട്ടം മാപ്പിളപ്പാട്ടുകൾകൂടി സംഭാവനചെയ്യാൻ കഴിഞ്ഞു.അദ്ദേഹത്തിന്റെ പേര് കേൾക്കുന്നതിനു എത്രയോമുമ്പ്, എന്റെ ബാല്യ- കൗമാരങ്ങളിൽ ഞാൻ കല്യാണങ്ങൾക്ക് കേട്ടുപോന്ന പാട്ടുറെക്കോർഡ് ആയിരുന്നു,
'ലെങ്കി മറിയുന്നുളെ
ലെങ്കി മറിയുന്നൊളേ...'
എന്ന അപൂർവസുന്ദരഗാനം.
ഒരുപ്രാവശ്യം തന്റെ എഴുത്തുമുറിയിൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്.ഇടുങ്ങിയ, തീരെ അടുക്കുംചിട്ടയുമില്ലാത്ത ആ മുറിയിൽ സംഗീതത്തെക്കുറിച്ചായിരുന്നു ഏറെ അദ്ദേഹം വാചാലനായത്. സംഗീതത്തിന്റെ ഒരു സൂഫിധാര അദ്ദേഹത്തിന്റെ കവിതയിൽ എന്നുമുണ്ടായിരുന്നു. ഭഗ്നാശപ്രധാനമായ ആധുനികതയ്ക്ക് ഒരു സൂഫി/മിസ്റ്റിക് മുഖമുണ്ടെന്ന് ഉണർത്തിയത്, ഉസ്മാന്റെ കവിതകളാണ്.അതും നമുക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ല.പൊതുവെ, അന്തർമുഖനായിരുന്നു അദ്ദേഹം.ഏകാന്തത ഏറ്റവും പ്രിയമുള്ളയാൾ. കൊടുങ്കാറ്റിന് തമ്പുരുവിന്റെ ഈണംകല്പിച്ചുകൊടുത്തുകൊണ്ട്, നിരവധി വ്യവഹാരങ്ങളെ അദ്ദേഹം ഒറ്റക്ക് നയിച്ചു. അവധൂതസ്നേഹവും മൗനവും കൊണ്ട് എന്നും ലോകത്തെ പരിരംഭണം ചെയ്തുകൊണ്ട്.ഒറ്റയ്ക്കാവുന്നത് ഒറ്റയ്ക്കാനാവാനല്ല, എന്ന പൂർണബോധ്യത്തോടെ അദ്ദേഹം പിരിഞ്ഞുപോയിരുന്നു.