Opinion
പാട്രിസ് ലുമുംബ-കാലത്തിനു മുന്നേ സഞ്ചരിച്ച ആഫ്രിക്കന്‍ നേതാവ്
Opinion

പാട്രിസ് ലുമുംബ-കാലത്തിനു മുന്നേ സഞ്ചരിച്ച ആഫ്രിക്കന്‍ നേതാവ്

അഭിഷേക് പള്ളത്തേരി
|
29 Jun 2021 11:23 AM GMT

ആഫ്രിക്കന്‍ ദേശീയതക്കും വൈദേശിക അധിനിവേശത്തിനും എതിരെ ധിഷണാപരമായി നിലപാടെടുത്ത മാസ്മരിക വ്യക്തിപ്രഭാവത്തിനു ഉടമയായ പാട്രിസ് ലുമുംബ എന്ന കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രിയെ, സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്നും ലോകം ഓര്‍ക്കുന്നു.

വിദേശികളാല്‍ ഭരിക്കപെടുകയും വൈദേശികരാല്‍ രചിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് ആഫ്രിക്കയുടേത്. 2021 ജൂണ്‍ 30 നു അറുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മധ്യ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നത് അവിടത്തെ ആഭ്യന്തരകലാപങ്ങളുടെയും എബോള പോലെയുള്ള അസുഖങ്ങളുടെയും പേരിലാണ്. ആഫ്രിക്കന്‍ ദേശീയതക്കും വൈദേശിക അധിനിവേശത്തിനും എതിരെ ധിഷണാപരമായി നിലപാടെടുത്ത മാസ്മരിക വ്യക്തിപ്രഭാവത്തിനു ഉടമയായ പാട്രിസ് ലുമുംബ എന്ന കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രിയെ, സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്നും ലോകം ഓര്‍ക്കുന്നു. തന്റെ ചെറുപ്രായത്തില്‍ തന്നെ കൊല്ലപ്പെട്ട ലുമുംബ, ലോക ഭൂപടത്തില്‍ ആഫ്രിക്കക്ക് തനതു സ്വത്വം നേടിയെടുക്കാന്‍ പരുവപ്പെടുത്തുമായിരുന്ന നേതാവായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി ചെറിയൊരു അവലോകനം:

1925ല്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനനം. അന്ന് ആകെ ലഭ്യമായിരുന്ന ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ പഠനം. വളരെ ചെറുപ്പത്തില്‍ തന്നെ വായനാശീലം തപസ്യയാക്കിയ ലുമുംബ പഠനത്തില്‍ വളരെ മുന്നിലായിരുന്നു. ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ ലുമുംബ പോസ്റ്റ് ഓഫീസ് ഗുമസ്തനായി ജോലി ആരംഭിച്ചു.

1908 മുതല്‍ കോംഗോ ബെല്‍ജിയം ആധിപത്യത്തിലായിരുന്നു. യൂറോപ്യന്‍ വസ്ത്രധാരണവും ഉന്നത ജോലിയും ഉണ്ടായിരുന്നവര്‍ ഉള്‍പ്പെട്ടിരുന്ന 'ഇവോലു' എന്ന മധ്യവര്‍ഗം കോംഗോയിലും ശക്തമായിരുന്നു. തുടക്കത്തില്‍ ഇതിനോട് ബന്ധപ്പെട്ടു പല ലേഖനങ്ങളും കവിതകളും ലുമുംബ എഴുതിയിരുന്നു. 1955 മുതല്‍ സംഘടനാപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം ഉന്നത പഠനാര്‍ത്ഥം 1956 ല്‍ ബെല്‍ജിയത്തിലേക്കു പോകുന്നു. അവിടെ കോംഗോ ദേശീയവാദം മനസ്സില്‍ കൊണ്ടുനടക്കുന്ന പലരും ലുമുംബയുടെ സുഹൃത്തുക്കളോ അനുയായികളോ ആകുന്നു. അവരില്‍ പ്രധാനപ്പെട്ട ഒരാള്‍ ജോസഫ് മോബോട്ടു എന്ന ചെറുപ്പക്കാരനായിരുന്നു.

കോംഗോയിലേക്ക് തിരിച്ചുവന്ന ലുമുംബയുടെ ഉയര്‍ന്നു വരുന്ന ജനപ്രീതി പലരേയും അലോസരപ്പെടുത്തി. ഇത് പോസ്റ്റല്‍ ജോലിക്കിടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ തടവിലാക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുകയും എം.എന്‍.സി എന്ന ദേശീയപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും ചെയ്തു. ഉജ്ജ്വല പ്രസംഗം, ആശയനൈപുണ്യം, ധിഷണപാടവം ഇതെല്ലം ജനങ്ങളെ ആകര്‍ഷിക്കാനുള്ള ലുമുംബയുടെ കൈമുതലായിരുന്നു. സംഗീതജ്ഞനായിരുന്ന ഫ്രാങ്കോയുമായി ചേര്‍ന്ന് കോംഗോ മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം പ്രസംഗത്തിലൂടെയും കോംഗോ സംഗീതത്തിലൂടെയും ഒരു ദേശീയ നേതാവായി ഉയര്‍ന്നു.

ഒരു പാവ സര്‍ക്കാര്‍ ഉണ്ടാക്കി അധികാരം നിലനിറുത്തുവാന്‍ ബെല്‍ജിയം ശ്രമിക്കുന്നതിന്റെ ഭാഗമായി 1959 ല്‍ തെരെഞ്ഞെടുപ്പ് നടത്തിയെങ്കിലും ലുമുംബയുടെ പാര്‍ട്ടി അടക്കം ഭൂരിഭാഗവും വിട്ടു നിന്നു. തുടര്‍ന്നുണ്ടായ കലാപത്തിന്റെ പേരില്‍ ലുമുംബയെ ജയിലിലടച്ചു. 1959 അവസാനം നടന്ന തദ്ദേശീയ തെരെഞ്ഞെടുപ്പില്‍ ലുമുംബയുടെ പാര്‍ട്ടി മികവാര്‍ന്ന വിജയം നേടി. ഇക്കാലയളവില്‍ കോംഗോ സ്വാതന്ത്ര്യം വിളംബരം ചെയ്യുന്നതിനുള്ള വട്ടമേശസമ്മേളനം ബെല്‍ജിയത്തില്‍ നടക്കുന്നുണ്ടായിരുന്നു. ലുമുംബയുടെ പാര്‍ട്ടിയുടെ സമ്മര്‍ദഫലമായി അദ്ദേഹത്തെ ജയില്‍ മോചിതനാക്കുകയും സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ആ സമ്മേളനത്തില്‍ വെച്ച് കോംഗോ 1960 ജൂണ്‍ 30 സ്വതന്ത്രമാകുവാന്‍ തീരുമാനം എടുത്തു. തുടര്‍ന്നു നടന്ന തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ലുമുംബയുടെ പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടി. മറ്റൊരു പ്രധാന പാര്‍ട്ടിയുടെ അധ്യക്ഷനായ ജോസഫ് കാസ വുബുവുമായി സഖ്യം ചേര്‍ന്ന ലുമുംബ പ്രധാനമന്ത്രിയും കസാവുബു പ്രസിഡന്റുമാി സര്‍ക്കാര്‍ രൂപീകരിച്ചു. 1960 ജൂണ്‍ 30 നു നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ ലുമുംബ നടത്തിയ പ്രസംഗം ലോകത്തെ ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ ലുമുംബ കോംഗോ ജനത അനുഭവിച്ച പാരതന്ത്ര്യത്തിന്റെ ഭീകരതകള്‍ കൂടി സൂചിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ സന്നിഹിതനായിരുന്ന ബെല്‍ജിയന്‍ രാജാവ് തീര്‍ത്തും അസംതൃപ്തനും ക്ഷുഭിതനുമായി.

കോംഗോ കുട്ടികളെ വളര്‍ത്തുമൃഗങ്ങളെ പോലെ കൂട്ടിലടച്ചു വെള്ളക്കാര്‍ അവരുടെ കുട്ടികള്‍ക്കു വിനോദത്തിനു നല്‍കുന്നത് സാധാരണയായിരുന്നു. ഇതുപോലെയുള്ള പല ദുരനുഭവങ്ങളുമാണ് ലുമുംബയെ അത്തരമൊരു പ്രസംഗത്തിന് പ്രേരിപ്പിച്ചത്. ഏതു വിധത്തിലുള്ള വിഭാഗീയതക്കും എതിരായി, കോംഗോ ജനതക്കും തുടര്‍ന്ന് ആഫ്രിക്കന്‍ ദേശീയതക്കും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില വാചകങ്ങള്‍....

'' സ്വതന്ത്രരായ ഞങ്ങള്‍ -കറുത്തവര്‍-ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നത് ലോകത്തിനു കാണിച്ചു തരാം. ആഫ്രിക്ക എന്ന സൂര്യന്റെ കേന്ദ്ര ബിന്ദുവായി കോംഗോയെ ഞങ്ങള്‍ മാറ്റിയെടുക്കും. ഞങ്ങള്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകള്‍ മാറ്റി ഏവര്‍ക്കും സ്വാതന്ത്ര്യവും മാനുഷിക അവകാശവും അനുവദിക്കും. തോക്കിന്‍ കുഴലിലൂടെയും കത്തിയിലൂടെയും അല്ല ഞങ്ങള്‍ സമാധാനം നേടിയെടുക്കുക, മറിച്ചു ഹൃദയത്തിലൂടെയും മനഃശക്തിയിലൂടെയും ആയിരിക്കും.''

പ്രധാനമന്ത്രിയായി അധികാരം എടുത്ത ലുമുംബ നേരിട്ട ആദ്യത്തെ പ്രതിസന്ധി ഏകീകൃത കോംഗോ ആകുവാനുള്ള തീരുമാനം ആയിരുന്നു.


കോംഗോയിലെ ധാതുവിഭവ സമൃദ്ധമായിരുന്ന കതംഗ, സൗത്ത് കസായി എന്നീ രണ്ടു പ്രവിശ്യകള്‍ വിഭജിച്ചു പ്രത്യേക രാജ്യമായി മാറുവാന്‍ തീരുമാനിച്ചിരുന്നു. അനുയായി ആയിരുന്ന ജോസഫ് മോബോട്ടുവിനെ പട്ടാളമേധാവി ആയി നിയമിച്ചു എങ്കിലും ഇത് അദ്ദേഹത്തിനു തിരിച്ചടി ആയി മാറുകയാണ് ഉണ്ടായത്. സൗത്ത് കസായി കീഴടക്കുവാന്‍ അയച്ച പട്ടാളം അവിടെ കൂട്ടക്കൊല നടത്തുകയും അവിടത്തെ ജനങ്ങള്‍ ലുമുംബയ്ക്കു എതിരാവുകയും ചെയ്തു. കതംഗ കീഴ്‌പ്പെടുത്തുവാനുള്ള പട്ടാളശേഷി ഇല്ലാത്തതിനാല്‍ യു.എന്‍ സഹായം തേടി. എന്നാല്‍ ഇതിനു യു.എന്‍ തയ്യാറായില്ല. ഇത് ലുമുംബയെ സോവിയറ്റ് സഹായം അഭ്യര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിച്ചു.

ശീതസമരം കൊടുമ്പിരി കൊണ്ടിരുന്ന ഇക്കാലത്തു അമേരിക്കയും സോവിയറ്റ് യൂണിയനും ആഫ്രിക്കന്‍ രാജ്യങ്ങളിലും തങ്ങളുടെ ശക്തി തെളിയിക്കാന്‍ ശ്രമിച്ചിരുന്നു.

ഈ നടപടി അമേരിക്കയെ പ്രകോപിപ്പിക്കുകയും ലുമുംബയെ വകവരുത്തുവാന്‍ സി.ഐ.എ രഹസ്യതീരുമാനം എടുക്കുകയും ചെയ്തിരുന്നു. ആഫ്രിക്കയിലെ ഫിഡല്‍ കാസ്‌ട്രോ ആയി ലുമുംബ മാറുമോ എന്നുള്ള ഭയമായിരുന്നു ഇതിനു പിന്നില്‍. കൂടാതെ ബെല്‍ജിയം രാജാവിന്റെ ലുമുംബയോടുള്ള അതൃപ്തിയും അമേരിക്കയെ അറിയിച്ചിരുന്നു. ലുമുംബയെ വകവരുത്തുവാന്‍ സി.ഐ.എക്ക് സാധിച്ചില്ലെങ്കിലും ആഭ്യന്തര കലാപത്തിന്റെ പേരില്‍ കോംഗോ പ്രസിഡന്റ് ലുമുംബ സര്‍ക്കാരിനെ പിരിച്ചു വിട്ടു. ലുമുംബ പ്രസിഡന്റിനേയും ഇതിനു പകരമായി പിരിച്ചു വിട്ടത് നിയമപ്രതിസന്ധിയുണ്ടാക്കി

തുടര്‍ന്നു വീട്ടു തടങ്കലിലായ ലുമുംബ, മോബോട്ടുവും കാസവുബും തമ്മില്‍ അനുരഞ്ജനത്തില്‍ എത്തിയത് അറിയുന്നു. തന്റെ ശക്തികേന്ദ്രമായ സ്റ്റാന്‍ലിവില്ലേക്കുള്ള യാത്രക്കിടയില്‍ മോബോട്ടുവിന്റെ പട്ടാളം ലുമുംബയെ അറസ്റ്റ് ചെയ്ത് ഒരു മാസം തടങ്കലില്‍ വെച്ചു. ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റായി ജിമ്മി കാര്‍ട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു. എയ്‌സെന്‍ഹോവര്‍ അധികാരം കൈമാറുന്നതിന് മുമ്പ് ബെല്‍ജിയം രാജാവിന്റെ അറിവോടെ ലുമുംബയെ കതാംഗ പ്രവിശ്യയിലേക്കു മാറ്റി. അദ്ദേഹത്തെയും രണ്ടു കൂട്ടാളികളേയും വിമാനത്തില്‍ വെച്ച് മര്‍ദിച്ച് അവശരാക്കുകയും അന്ന് 1961 ജനുവരി 17നു രാത്രി വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. ലുമുംബയുടെ മൃതദേഹം പോലും കിട്ടാതിരിക്കാന്‍ വെട്ടി നുറുക്കി ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നു.

ഇതിനു അനുവാദം നല്‍കിയ മോബോട്ടു പിന്നീട് കോംഗോ പ്രസിഡന്റ് ആയി 1965 മുതല്‍ 1997 വരെ ഭരിച്ചു എന്നുള്ളത് ചരിത്രം.

മരിക്കുന്നതിന് തൊട്ടു മുന്‍പ് കൈകള്‍ പിന്നില്‍ കെട്ടി പട്ടാള വണ്ടിയില്‍ കൊണ്ട് പോകുന്ന ലുമുംബയുടെ ചിത്രം ഇന്നും ഒരു ദാര്‍ശനിക മാനം ഉള്ളതാണ്. ഒരു പക്ഷേ തന്റെ മരണം അല്ല , കോംഗോ യുടെയും ആഫ്രിക്കയുടെ ചരിത്രം മാറ്റി കുറിക്കുവാന്‍ സാധിക്കുവാന്‍ പോകാതെ ഉള്ള ദാര്ശനികഭാവം ആ ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.

അറുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന കോംഗോ ജനത പാട്രിസ് ലുമുംബയുടെ വീക്ഷണത്തിനും സ്വപ്നത്തിനും മുമ്പത്തേക്കാള്‍ പ്രാധാന്യം ഇപ്പോഴും ഉണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

2001ല്‍ ബെല്‍ജിയം സര്‍ക്കാര്‍ ഔദ്യോഗികമായി ലുമുംബയുടെ കൊലപാതകത്തില്‍ ക്ഷമ ചോദിച്ചെങ്കിലും ലുമുംബയുടെ നഷ്ടം കോംഗോക്കാര്‍ക്ക് മാത്രമല്ല, ചരിത്രം മാറി മറിയുമായിരുന്ന ആഫ്രിക്കന്‍ ജനതക്കും കൂടെയാണ്. ഒരു പക്ഷേ, കാലത്തിനു മുന്നേ സഞ്ചരിക്കുന്നവര്‍ക്ക് ഒപ്പമെത്താന്‍ പല ജനതയും പ്രാപ്തരാകേണ്ടതുണ്ട് എന്നതാണ് സത്യം. ഒരു ലോകനേതാവായി മാറുവാന്‍ തക്ക മാസ്മരികവ്യക്തി പ്രഭാവം ഉണ്ടായിരുന്ന പാട്രിസ് ലുമുംബ എന്ന ചെറുപ്രായത്തില്‍ വിട പറഞ്ഞ നേതാവിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കോംഗോ സ്വാതന്ത്ര്യദിനമായ ജൂണ്‍ 30.

Similar Posts