Opinion
ബി.ജെ.പിയിലെ കള്ളപ്പണം; അദ്വാനി മുതല്‍ കെ.സുരേന്ദ്രന്‍ വരെ
Opinion

ബി.ജെ.പിയിലെ കള്ളപ്പണം; അദ്വാനി മുതല്‍ കെ.സുരേന്ദ്രന്‍ വരെ

എം.കെ ഷുക്കൂര്‍
|
14 Jun 2021 4:20 PM GMT

വ്യത്യസ്തമായ പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍ രാഷ്ട്രീയ രംഗത്ത് വന്ന ബിജെപിയില്‍ അഴിമതിയും കള്ളപ്പണവുമെല്ലാം സ്വാഭാവികമായി മാറുന്നത് രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ വ്യക്തമാകും. 1990 കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ അഴുക്കുകളും ബി.ജെ.പിയിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 400 കോടി രൂപ വരെ ബി.ജെ.പി ഇറക്കിയെന്നാണ് വാര്‍ത്തകള്‍. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാനും സി കെ ജാനുവിനെ എന്‍.ഡി.എയില്‍ നിര്‍ത്താനുമായി മറിഞ്ഞ ലക്ഷങ്ങളുടെയും ഉപഹാരങ്ങളുടെയും കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊടകരയില്‍ കൊള്ള ചെയ്യപ്പെട്ട ബി.ജെ.പിയുടെ മൂന്നരക്കോടിയുടെ കാര്യത്തില്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. വ്യത്യസ്തമായ പാര്‍ട്ടി എന്ന മേല്‍വിലാസത്തില്‍ രാഷ്ട്രീയ രംഗത്ത് വന്ന ബിജെപിയില്‍ അഴിമതിയും കള്ളപ്പണവുമെല്ലാം സ്വാഭാവികമായി മാറുന്നത് രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ വ്യക്തമാകും. 1990 കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ അഴുക്കുകളും ബി.ജെ.പിയിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

1996 ല്‍ കേന്ദ്രഭരണം പിടിക്കുന്നതിന് മുന്‍പുള്ള 1995 ലെ ബി.ജെ.പിയുടെ ബോംബെ പ്ലീനറിക്ക് 5 കോടി രൂപയാണ് ചെലവിട്ടത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ബ്രോക്കര്‍മാര്‍ ഒരു കോടി രൂപ നല്‍കി. മുഹമ്മദലി ജിന്നയുടെ കൊച്ചു മകനും മുംബൈ വ്യവസായിയുമായ നുസ്‍ലി വാഡിയ വന്‍തുക നല്‍കി. ഇതേ നുസ്‍ലി വാഡിയ, വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വതന്ത്ര വ്യവഹാരം നടത്തി. അതുകണ്ട് സഹിക്കാതെ എത്രയൊക്കെയായാലും ജിന്നയുടെ രക്തമല്ലേ എന്ന് ചില ബി.ജെ.പി നേതാക്കള്‍ അടക്കം പറഞ്ഞു.

1991 ലെ എസ് കെ ജയിന്‍ ഹവാല കേസില്‍ പിടിച്ചെടുത്ത ഡയറിയില്‍ 60 പ്രമുഖരുടെ പേരുണ്ട്. ഹവാല വഴി വിദേശ പണം സ്വീകരിച്ച അറുപതു പേരുടെ പട്ടികയില്‍ എല്‍ കെ അദ്വാനിയുടെ പേരുമുണ്ടായിരുന്നു. എല്‍.കെ അദ്വാനി 60 ലക്ഷം കൈപ്പറ്റിയെന്നാണ് ഡയറിയിലുണ്ടായിരുന്നത്. ജെയിന്‍ കേസ് ഇല്ലായിരുന്നെങ്കില്‍ 1996 ലെ തെരഞ്ഞെടുപ്പില്‍ അദ്വാനി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

വിവാദം കത്തിപ്പിടിച്ചപ്പോള്‍, ജെയിന്‍ ഡയറി പ്രകാരം അദ്വാനി കൈപ്പറ്റിയ അറുപത് ലക്ഷം പാര്‍ട്ടി ഫണ്ടാണെന്ന് വാജ്പേയി ന്യായീകരിച്ചു. 'എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഭാവനകള്‍ കള്ളപ്പണമായി വാങ്ങാറുണ്ട്. ഒരു ഡയറിയുടെ പേരില്‍ ഒരാളെ ലക്ഷ്യം വെക്കുന്നത് നീതീകരിക്കാനാവില്ല. അദ്വാനിയുടെ വിശദീകരണം തൃപ്തികരമാണ്. ഞാന്‍ ലഖ്നൗവില്‍ മത്സരിക്കാന്‍ പോകുന്നു. വഴിയില്‍ ഒരാള്‍ വന്ന് ഒരു ലക്ഷം രൂപ സംഭാവന തന്നാല്‍ ഞാന്‍ വാങ്ങാതിരിക്കണോ ?'.വാജ്പേയിയുടെ വിശദീകരണം ഇങ്ങനെ നീളുന്നു.

ജെയിന്‍ ഡയറിയുമായി ബന്ധപ്പെട്ട് വാജ്പേയി കള്ളപ്പണത്തെ ന്യായീകരിച്ചതോടെ പാര്‍ട്ടി ഫണ്ടിംഗുമായി ബന്ധപ്പെട്ട ബിജെപിയുടെ നയത്തില്‍ കാതലായ മാറ്റം വന്നു. ചെറിയ സംഭാവനകളും പ്രവര്‍ത്തകരുടെ വിഹിതവുമാണ് ജനസംഘത്തിന്റെ കാലത്ത് പാര്‍ട്ടിക്ക് വരുമാനമായി ലഭിച്ചിരുന്നത്. ഗ്വാളിയോറിലെ രാജമാതാ സിന്ധ്യയും നുസ്‍ലി വാഡിയയും മാത്രമേ ബി.ജെ.പിക്ക് കാര്യമായി സംഭാവന നല്‍കിയിരുന്നുള്ളൂ. 1996 ന് മുന്‍പ് എല്ലാ സമ്പന്നരും ഫണ്ട് നല്‍കിയിരുന്നത് കോണ്‍ഗ്രസിനാണ്. അക്കാലത്ത് ബി.ജെ.പിയില്‍ നിന്ന് ബോധപൂര്‍വ്വം സമ്പന്നര്‍ അകന്നു നിന്നു. 1996 ല്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം പിടിക്കുമെന്ന പ്രതീതി വന്നപ്പോള്‍ തന്നെ കോര്‍പറേറ്റ് ലോകം പണപ്പെട്ടിയുമായി കാവിപ്പാര്‍ട്ടിയിലേക്ക് തിരിഞ്ഞു.

അന്നത്തെ ബി.ജെ.പി ട്രഷറര്‍ വേദപ്രകാശ് ഗോയല്‍ കോര്‍പറേറ്റുകളില്‍ നിന്ന് കോടികള്‍ പാര്‍ട്ടിയിലേക്ക് എത്തിച്ചു. പ്രമോദ് മഹാജന്‍ ബി.ജെ.പിയുടെ ഫണ്ട് റേസര്‍ ആയി ഉദിക്കുന്നതും ഈ കാലത്താണ്. കോടികള്‍ പാര്‍ട്ടിക്കായി പിരിച്ചതിന്റെ പേരില്‍ പ്രമോദ് മഹാജന്‍ പാര്‍ട്ടിയിലും പുറത്തും പ്രശസ്തനായി. പ്രമോദ് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് അദ്ദേഹം പണം പിരിക്കുന്നതെന്നും വാജ്പേയി തന്നെ ഒരിക്കല്‍ പറയുകയുണ്ടായി.

ഇപ്പോള്‍ കെ.സുരേന്ദ്രന്‍ കള്ളപ്പണ വിവാദത്തില്‍ അമ്പേറ്റ് നില്‍ക്കുമ്പോള്‍ 90 കള്‍ മുതലുള്ള ബി.ജെ.പിയുടെ ചരിത്രം വീണ്ടും രാഷ്ട്രീയ കൗതുകം ജനിപ്പിക്കുകയാണ്.

Related Tags :
Similar Posts