പൾസ് ഓക്സിമീറ്റർ: അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
|ശാരീരിക പ്രയാസങ്ങൾ പോലെ തന്നെ ശരീരത്തിലെ ഓക്സിജൻ അളവ് കുറയുന്നുണ്ടോ എന്ന് നോക്കി കൂടിയാണ് ആശുപത്രിയിലേക്ക് വരണോ ഓക്സിജൻ കൊടുക്കണോ കൂടുതൽ മരുന്ന് ആവശ്യമുണ്ടോ എന്നുള്ള പല കാര്യങ്ങളും നിർണയിക്കുന്നത്. ഇവിടെയാണ് ഓരോ രോഗിയും പൾസ് ഓക്സിമീറ്റർ ഉപയോഗം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത.
കൊറോണ വ്യാപനത്തോടെ നമ്മൾ കേട്ടുപരിചയിച്ച പുതിയൊരു പദമാണല്ലോ പൾസ് ഓക്സിമീറ്റർ. രക്തം എടുക്കാതെ തന്നെ രക്തത്തിലെ ഓക്സിജൻ അളവ് അല്ലെങ്കിൽ ഓക്സിജൻ സാച്ചുറേഷൻ റേറ്റ് അറിയുന്നതിനുള്ള ഒരു ലഘു ഉപകരണമാണിത്. പണ്ടെല്ലാം ആശുപത്രിയിലെ ഐസിയുവിലും കാഷ്വാലിറ്റിയിലും അപകടവുമായി പ്രവേശിപ്പിച്ച രോഗിയുടെ വിരലിൽ വെച്ചിരുന്ന നീളൻ വയറും വലിയ സ്ക്രീനുമുള്ള കീകീ എന്ന ശബ്ദത്തോടെ പ്രവർത്തിച്ചിരുന്ന മെഷീൻ തന്നെയാണ് ഇന്ന് കുഞ്ഞ് രൂപത്തിൽ നമ്മുടെയെല്ലാം പോക്കറ്റിൽ എത്തിയിട്ടുള്ളത്. എന്നാൽ, ഈ മെഷീൻ എങ്ങനെയാണ് ഉപയോഗിക്കുക എന്നറിയാത്തതും റീഡിംഗ് തെറ്റായി മനസ്സിലാക്കിയതും മെഷീനുകൾ കംപ്ലൈൻറ് ആയതും കാരണം ഒരുപാട് പൊല്ലാപ്പുകൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ഇതിൻറെ ഉപയോഗവും പ്രവർത്തനവും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
കോവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവരെയും ഇന്നത്തെ സാഹചര്യത്തിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുക സാധ്യമല്ലല്ലോ. അതിനാൽ, വലിയ തോതിൽ രോഗമില്ലാത്ത, രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ അളവുള്ള രോഗികളോട് വീട്ടിൽ വെച്ച് മരുന്ന് കഴിക്കാനും വിശ്രമിക്കാനും ആവശ്യമാണെങ്കിൽ ഹോസ്പിറ്റലിലേക്ക് വരുവാനുമാണല്ലോ നിർദ്ദേശിക്കാറ്. ശാരീരിക പ്രയാസങ്ങൾ പോലെ തന്നെ ശരീരത്തിലെ ഓക്സിജൻ അളവ് കുറയുന്നുണ്ടോ എന്ന് നോക്കി കൂടിയാണ് ആശുപത്രിയിലേക്ക് വരണോ ഓക്സിജൻ കൊടുക്കണോ കൂടുതൽ മരുന്ന് ആവശ്യമുണ്ടോ എന്നുള്ള പല കാര്യങ്ങളും നിർണയിക്കുന്നത്. ഇവിടെയാണ് ഓരോ രോഗിയും പൾസ് ഓക്സിമീറ്റർ ഉപയോഗം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത.
ഒരു ക്ലിപ്പ് രൂപപ്പെടുത്തിലുള്ള ഇതിൻറെ മുകൾ ഭാഗത്ത് LCD ഡിസ്പ്ലേ ഉണ്ടാകും. ഓക്സിജൻ അളവ് പരിശോധിക്കുന്നതിന് കൈവിരലുകളിൽ ആണ് ഈ മെഷീൻ സെറ്റ് ചെയ്യുന്നത്. നിങ്ങൾ വലംകൈയ്യൻ ആണെങ്കിൽ വലതു കയ്യിലെ ചൂണ്ടു വിരലിലോ നടുവിരലിലോ ആണ് ഫിറ്റ് ചെയ്യുന്നത്. ഇടം കയ്യൻമാർക്ക് ഇടത് വിരലുകളിലും. നന്നായി സാനിറ്റൈസ് ചെയ്തു തുടച്ച് ഉണങ്ങിയതിനുശേഷം വിരൽ ഇതിൻറെ ഉള്ളിലേക്ക് ഇടുക. വിരലിൽ നയിൽ പോളിഷ്, മൈലാഞ്ചി, ഇലക്ഷന് മഷി എന്നിവ ഉണ്ടെങ്കിൽ തെറ്റായ റിപ്പോർട്ട് കാണിക്കും എന്നുള്ളതിനാൽ ഇതൊന്നും ഇല്ലാത്ത വിരലുകളിൾ വേണം ഉപയോഗിക്കാൻ.
ഇപ്രകാരം വിരൽ അതിൽ വെച്ചതിനുശേഷം ഓൺ ബട്ടൺ അമർത്തുക. അപ്പോൾ ചെറിയ രീതിയിലുള്ള ഡിസ്പ്ലേ വരുകയും ശബ്ദം കേട്ട് തുടങ്ങുകയും ചെയ്യും. കുറച്ചുനേരം -ഉദ്ദേശം 1- 2 മിനുട്ടിൽ താഴെ- അനക്കാതെ പിടിച്ചാൽ അതിൽ രണ്ട് തരത്തിലുള്ള വാല്യൂ ഉണ്ടാകും. %SPO2 എന്ന് എഴുതിയിട്ടുള്ള ഭാഗത്ത് കാണിക്കുന്നതാണ് ശരീരത്തിലെ ഓക്സിജൻ സാച്ചുറേഷൻ റേറ്റ്. ആ അളവ് രേഖപ്പെടുത്തിയിടത്ത് ശതമാനം എന്നുള്ളത് കൂടി ഉണ്ടാകും. ഇപ്രകാരം ശതമാനം എന്നെഴുതിയ വാല്യൂ നോക്കിയാണ് സാധാരണക്കാർ അത് ഓക്സിജൻ അളവ് ആണ് എന്ന് ഉറപ്പിക്കുന്നത്. (പലരും താഴെക്കാണുന്ന പൾസ് റേറ്റ് 70,75 എന്നെല്ലാം രേഖപ്പെടുത്തിയത് കണ്ടു ഓക്സിജൻ റേറ്റ് ആണ് എന്നു കരുതി ഡോക്ടറെ ഇത് കുറഞ്ഞു പോയല്ലോ എന്ന് പറഞ്ഞ് പേടി കാറുണ്ട്. ഇതൊഴിവാക്കാൻ അവർക്ക് പറഞ്ഞുകൊടുക്കുന്ന കുറുക്കു വഴിയാണ് ഇത് ഈ ശതമാന ചിഹ്നത്തിന് താഴെയുള്ള വാല്യു ആണ് ഓക്സിജൻ അളവ് എന്നത്)
സാധാരണയായി രക്തത്തിലെ ഓക്സിജൻ അളവ് 94 നു മുകളിലായാണ് ഉണ്ടാകാറുള്ളത്. മറ്റു രോഗങ്ങൾ ഇല്ലാത്തവരിൽ ഇത് 98, 99 എല്ലാം കാണിക്കാറുണ്ട്. ഇത് ക്രമാതീതമായി കുറയുമ്പോഴും 94 നു താഴെ കാണിക്കുമ്പോഴും ആണ് ഡോക്ടറെ ബന്ധപ്പെടേണ്ടത്. വളരെ ലളിതമായ ഈ റീഡിങ് നോക്കി കൊണ്ട് നമുക്ക് രോഗവിവരം വീട്ടിലിരുന്ന് അറിയാൻ കഴിയും
ഇതിനു താഴെയായി പൾസ് റേറ്റ് കാണിക്കാറുണ്ട്. അത് 60 മുതൽ 110 വരെ പ്രായത്തിനും ശാരീരിക അവസ്ഥക്കും അനുസരിച്ച് വ്യത്യാസം വരാറുണ്ട്. പലപ്പോഴും പൾസ് ഓക്സിമീറ്ററിൻറെ തെറ്റു കാരണം തെറ്റായ രോഗ നിർണയത്തിലേക്ക് നയിക്കാറുണ്ട്. രോഗമുള്ളവരുടെ രോഗം തിരിച്ചറിയാതിരിക്കാനും രോഗമില്ലാത്തവർ പരിഭ്രാന്തരാവാനും ഇത് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഈ മെഷീൻ വർക്ക് ചെയ്യുന്നുണ്ടോ എന്നറിയുന്നതിന് ഒരാളുടെ തന്നെ വ്യത്യസ്ത വിരലിൽ ഉപയോഗിച്ച് ഒരേ വാല്യൂ ആണോ കാണിക്കുന്നത് എന്ന് നോക്കുന്നത് നന്നായിരിക്കും. അതുപോലെ ആരോഗ്യമുള്ള വീട്ടിലെ മറ്റുള്ളവരിൽ നോക്കിയിട്ട് അത് നോർമൽ ആണ് എന്നും ഉറപ്പു വരുത്തിയാൽ ഇതിൻറെ പ്രവർത്തനം തെറ്റുണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയും. അതിനും പ്രയാസമാണ് എന്നുണ്ടെങ്കിൽ ശരിയായ രീതിയിൽ വർക്ക് ചെയ്യുന്ന പൾസ് ഓക്സിമീറ്റർ ഉള്ളിടത്ത് കൊണ്ടുപോയി അതിൽ നോക്കിയ വാല്യൂ ഇൗ മെഷീനിലും നോക്കി കൊണ്ട് നമ്മുടെ കയ്യിൽ ഉള്ള ഉപകരണം ശരിയാണ് എന്ന് ഉറപ്പു വരുത്താനാകും.
'ഡിമാൻഡ് ആൻഡ് സപ്ലൈ' തീയറി പ്രകാരം ഇപ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവായി പൾസ് ഓക്സിമീറ്റർ മാറിയിട്ടുണ്ട്. 700 - 800 രൂപ മാർക്കറ്റിൽ ലഭ്യമായിരുന്ന പൾസ് ഓക്സിമീറ്റർ ഇന്ന് 1500 രൂപ കൊടുത്താലും കിട്ടാത്ത അവസ്ഥയാണ്. വ്യാജ ഉത്പന്നങ്ങളും ധാരാളം ഇറങ്ങുന്നുണ്ട്. ഇതൊഴിവാക്കാൻ ഏറ്റവും നല്ലത് നാട്ടിലെ വാർഡ് മെമ്പർ/ RRD മെമ്പർ എന്നിവർ മാത്രം കുറച്ച് പൾസ് ഓക്സിമീറ്റർ വാങ്ങിവെക്കുക. ഓരോരുത്തരുടെയും ഉപയോഗം കഴിഞ്ഞ് അടുത്ത ആൾക്ക് കൊടുക്കുക. അല്ല എന്നുണ്ടെങ്കിൽ ഇത് കൃത്രിമക്ഷാമം ഉണ്ടാകാനും വ്യാജന്മാർ ഉടലെടുക്കാനും കാരണമാകും
happy hypoxia എന്ന ഒരു രോഗത്തെയും ഈ കൊറോണ കാലത്ത് നമ്മൾ കണ്ടു.കൊറോണയുടെ യാതൊരുവിധ ലക്ഷണങ്ങളും ഉണ്ടാവില്ല. എന്നാൽ പൾസ് ഓക്സിമീറ്റർ നോക്കുമ്പോൾ oxygen saturation level വളരെ കുറവായിരിക്കും. അത്തരം സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ/ രോഗിയുമായി ബന്ധം ഉള്ളവർ എല്ലാം രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും തങ്ങളുടെ ഓക്സിജൻ സാച്ചു റേഷൻ ലെവൽ നോക്കുന്നത് നല്ലതാവും.
ഏതെങ്കിലും സാഹചര്യത്തിൽ വാല്യൂ കുറയുകയാണെങ്കിൽ ഉടൻതന്നെ പേടിച്ചു പോകേണ്ടതില്ല. ആരോഗ്യമുള്ള ഒരാളിൽ ഒന്ന് വെച്ച് നോക്കിയിട്ട് അവർക്ക് നോർമൽ വാല്യൂ കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം മുന്നോട്ടു നീങ്ങിയാൽ മതി.