Opinion
മറാത്താ സംവരണ വിധിയില്‍ മനഃപ്പായസം ഉണ്ണാന്‍ നില്‍ക്കേണ്ട
Opinion

മറാത്താ സംവരണ വിധിയില്‍ മനഃപ്പായസം ഉണ്ണാന്‍ നില്‍ക്കേണ്ട

എന്‍.കെ അലി
|
6 May 2021 3:31 PM GMT

മറാത്താ കേസിലെ താല്‍പര്യം പോലെ കേരളത്തില്‍ നിലവില്‍ വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തിയ പത്തു ശതമാനം മുന്നോക്ക സംവരണം വകവെച്ചു കൊണ്ടും 2019, 2020 വര്‍ഷങ്ങളില്‍ നടത്തിയ എം.ബി.ബി.എസ്, എം.ഡി,എം.എസ്, എം.ഡി.എസ്,എം ടെക്ക് തുടങ്ങിയവയിലെ 10 ശതമാനം സംവരണം 2021ലെ അധ്യയനവര്‍ഷം മുതല്‍ ഒഴിവാക്കിയും സുപ്രീം കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം

മറാത്തസംവരണ കേസിലെ 50 ശതമാനം പരിധിയുടെ പിന്‍ബലത്തില്‍ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ മനഃപ്പായസമുണ്ണാന്‍ ശ്രമിക്കാതെ നീതിക്കായി പരമോന്നത നീതി പീഠത്തെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ഇന്ദിരാസാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിന്‍റെ വിധിയെ ശരിവെച്ചും അമ്പതുശതമാനം പരിധി ഉയര്‍ത്തിപ്പിടിച്ചുമുള്ള മെയ് അഞ്ചിലെ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്‍റെ വിധിയില്‍ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ അമിതാഹ്ളാദം നടത്തിയിട്ടുണ്ട്. ഒരു കാര്യവുമില്ല. കഥയറിയാതെ ആട്ടംകാണുന്നവരും അന്ധന്‍ ആനയെ കണ്ടതുപോലെയാണ് ചിലരുടെ പ്രസ്താവനകളും അവകാശവാദങ്ങളും. ഒരേസമയം പിന്നോക്കവിഭാഗങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ വിധിയാണിത്. പ്രത്യേകിച്ച് 50 ശതമാനമെന്ന പരിധി കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതികൂലമാകുവാനും സാധ്യതയുണ്ട്. അമ്പതുശതമാനമെന്ന പരിധി ഭരണഘടനയുടെ ഒരു അനുഛേദത്തിലുംഇല്ലാത്ത വ്യവസ്ഥയാണ്. മൈസൂര്‍ സംസ്ഥാനവും ബാലാജിയുമായുള്ള കേസിലെ വിധിയെതുടര്‍ന്നാണ് 50 ശതമാനമെന്ന പരിധി നിശ്ചയിക്കപ്പെട്ടത്. 1992ലെ ഇന്ദിരാസാഹ്നി കേസിലും ഒമ്പതംഗ ബെഞ്ചിന്‍റെ വിധിയിലൂടെയാണ് ഇത് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ പരിധി മറികടക്കാമെന്നും പരാമര്‍ശങ്ങളുണ്ട്.



മറാത്തകള്‍ക്ക് പൊതുജീവിതങ്ങളില്‍ മതിയായ പ്രാതിനിധ്യമില്ലന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലന്നോ അവര്‍ പിന്നോക്ക വിഭാഗമാണെന്നോ സ്ഥാപിക്കുവാന്‍ തക്കവിധം തെളിവുകളോ സ്ഥിതി വിവരകണക്കുകളോ ഇല്ലാതെ രാഷ്ട്രീയ ലാഭത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമ്പത് ശതമാനത്തിനു മുകളിലുള്ള സംവരണമാണ് സുപ്രീം കോടതി റദ്ദാക്കിയത്. 16(4) പ്രകാരമുള്ള മതിയായ പ്രാതിനിധ്യം ഇല്ലെന്ന് തെളിയിക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോ അവിടുത്തെ എസ്.ഇ.ബി.സി (വിദ്യാഭ്യാസ-സാമൂഹിക പിന്നോക്ക വിഭാഗം) കമ്മീഷനോ കഴിഞ്ഞില്ല. അതാണ് വിധിയുടെ കാതല്‍. അതേസമയം വിധിയിലൂടെ എസ്.ഇ.ബി.സിയെ നിര്‍ണയിക്കുന്നതിനുള്ള ഈ ദേശീയ കമ്മീഷന്‍റെ അധികാരത്തെ എസ്.ഇ.ബി.സി പട്ടിക അംഗീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അനുമതി, സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുള്ള അധികാരാവകാശം എന്നിവയുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരുകള്‍ എസ്.ഇ.ബി.സിയെ നിര്‍ണയിക്കാനും സംവരണ തോത് നിശ്ചയിക്കാനുമുള്ള അവകാശം ദേശീയ കമ്മീഷന്‍റെ മറവില്‍ കേന്ദ്രം ഏറ്റെടുക്കുന്നത് 102ആം ഭരണഘടനാ ഭേദഗതി ശരിവെക്കുന്നതും കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി പോലെ തന്നെ പിന്നോക്ക വിഭാഗങ്ങള്‍ക്കും ദോഷകരമാകും. ഇന്ദിരാസാഹ്നി കേസിലെ ഒമ്പതംഗ ബെഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണ് എസ്.ഇ.ബി.സി നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നത്. ഈ അധികാരവകാശം കേന്ദ്രത്തിനു മാത്രമാകുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. എന്നുമാത്രമല്ല, ഒരു സംസ്ഥാന പിന്നോക്ക വിഭാഗം ഇതര സംസ്ഥാനങ്ങളില്‍ മുന്നോക്കമായിരിക്കും. സംസ്ഥാനാടിസ്ഥാനത്തില്‍ തന്നെയാണ് എസ്.ഇ.ബി.സിയെ നിര്‍ണയിക്കേണ്ടത്. അഞ്ചംഗ വിധിയില്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 75-80 ശതമാനം പിന്നോക്ക വിഭാഗങ്ങളെ ഇപ്പോള്‍ 50 ശതമാനമെന്ന പരിധി മറിക്കടക്കേണ്ട അസാധാരണ സാഹചര്യം വന്നുചേരും. കേരളത്തില്‍ ജനസംഖ്യാനുപാതികമായി എസ്.ഇ.ബി.സി സംവരണം പുനര്‍നിര്‍ണയിക്കുന്നതിനും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അമ്പത് ശതമാനമെന്ന പരിധി മറിക്കേണ്ടത് അനിവാര്യമാണ്.



കേരളത്തില്‍ എസ്.സി-എസ്.ടി-എസ്.ഇ.ബി.സി വിഭാഗങ്ങള്‍ 80 ശതമാനവും മുന്നോക്ക വിഭാഗങ്ങള്‍ 20 ശതമാനത്തിനടുത്തുമായിരിക്കെ മതിയായ പ്രാതിനിധ്യവും ജനസംഖ്യാനുപാതികമായി തിട്ടപ്പെടുത്തുന്നതിന് പരിധി മറികടക്കാതെ നിര്‍വ്വാഹമില്ല. പിന്നോക്ക വിഭാഗങ്ങളിലെ സംവണാര്‍ഹരെ ക്രീമിലെയറിന്‍റെയും വരുമാനമാനദണ്ഡത്തിന്‍റെയും പേരില്‍ സംവരണം നിഷേധിക്കുന്നതടക്കമുള്ളതാണ് യഥാര്‍ത്ഥ അസാധാരണ സാഹചര്യം. ഇത്തരം അസാധാരണ സാഹചര്യത്തില്‍ പരിധി നിര്‍ണയിക്കുന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് ദോഷകരമാണ്. പിന്നോക്ക വിഭാഗങ്ങളിലെ യോഗ്യര്‍ക്കും അര്‍ഹരായവരെയും സംവരണത്തില്‍ നിന്നും ഒഴിവാക്കുന്ന സാഹചര്യം ഇല്ലാതാകണമെങ്കില്‍ പരിധി നിര്‍ണയം പാടില്ല.

മറാത്ത സംവരണ കേസിലൂടെ ശരിവെക്കുന്ന 102ആം ഭരണഘടന ഭേദഗതി അപ്പാടെ അംഗീകരിക്കുകയും എസ്.ഇ.ബി.സി നിര്‍ണയം ദേശീയ പിന്നോക്ക കമ്മീഷനിലൂടെ കേന്ദ്രത്തില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഫാസിസ്റ്റ് വര്‍ഗീയ സര്‍ക്കാരുകള്‍ ഇത്തരം അധികാരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കും പ്രതികാരനടപടികള്‍ക്കും വിനിയോഗിക്കുമെന്നുറപ്പാണ്. മറാത്താ സംവരണ തല്‍പ്പരരുടെ ഉദ്ദേശ്യവും അതായിരുന്നു. ആയതിനാല്‍ ഫെഡറല്‍ സംവിധാനത്തില്‍ തന്നെ സംസ്ഥാന പിന്നോക്ക വിഭാഗം കമ്മീഷനുകളെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരവകാശങ്ങള്‍ വകവെച്ച് സാമൂഹ്യനീതിയുടെ നിര്‍വ്വഹണം ഉറപ്പുവരുത്തുവാന്‍ 102ആം ഭരണഘടനഭേദഗതിയുടെ കാര്യത്തില്‍ പുനര്‍ വിചിന്തനം വേണം.

മറാത്താകേസിലെ വിധിയുടെ ചുവട് പിടിച്ചു കേരളം സ്വമേധയാ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. 2019ലെ 103ആം ഭരണഘടനാ ഭേദഗതിയിലൂടെയുള്ള 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണ തീരുമാനവും ഉത്തരവും ചട്ടങ്ങളും റദ്ദാക്കുകയാണ് ആദ്യപടിയായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. 103ആം ഭരണഘടനാ ഭേദഗതിക്കു മുമ്പ് തന്നെ 2018 മുതല്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സംവരണമേര്‍പ്പെടുത്തിയ ഇടതുസര്‍ക്കാര്‍ ഈ വിഷയത്തില്‍ നീതിപുലര്‍ത്തേണ്ട നിര്‍ബന്ധിത സാഹചര്യമാണിപ്പോള്‍.



മറാത്താ കേസിലെ താല്‍പര്യം പോലെ കേരളത്തില്‍ നിലവില്‍ വിദ്യാഭ്യാസ രംഗത്ത് ഏര്‍പ്പെടുത്തിയ പത്തു ശതമാനം മുന്നോക്ക സംവരണം വകവെച്ചു കൊണ്ടും 2019, 2020 വര്‍ഷങ്ങളില്‍ നടത്തിയ എം.ബി.ബി.എസ്, എം.ഡി,എം.എസ്, എം.ഡി.എസ്,എം ടെക്ക് തുടങ്ങിയവയിലെ 10 ശതമാനം സംവരണം 2021ലെ അധ്യയനവര്‍ഷം മുതല്‍ ഒഴിവാക്കിയും സുപ്രീംകോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പത്തുശതമാനം മുന്നോക്ക സംവരണം വ്യവസ്ഥ ചെയ്യുന്ന 103ആം ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ യാതൊരു വിധ നടപടിയുമില്ലാതെ കിടക്കുന്ന മുപ്പതോളം ഹര്‍ജികളില്‍ യാതൊരു വിധ പരാമര്‍ശമോ നിരീക്ഷണമോ മറാത്ത കേസുമായി ബന്ധപ്പെട്ടു ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ 103ആം ഭേദഗതിക്കെതിരെയുള്ള കേസുകളില്‍ അന്തിമതീരുമാനമാകുന്നതു വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം അടിയന്തരമായി റദ്ദാക്കുക തന്നെ വേണം. മറാത്തസംവരണ വിധിയുമായി ബന്ധപ്പെടാതെ കിടക്കുന്ന പ്രസ്തുത കേസ് അടിയന്തിരമായി തീര്‍പ്പു കല്‍പ്പിക്കുവാന്‍ മുപ്പതോളം വരുന്ന ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് വിധിതീര്‍പ്പാക്കുന്നതിന് മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടതാണ്. ഈ വിഷയത്തില്‍ മാറിയ സാഹചര്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും നീതി പൂര്‍വ്വകമായ നയ-നിലപാടുകളും നടപടികളുമുണ്ടാവണം.

Similar Posts