മുസ്‌ലിം സ്ത്രീയുടെ വിവാഹ മോചന അവകാശം: ചരിത്ര വിധിയുടെ മാനങ്ങൾ
|49 വര്‍ഷം മുമ്പുള്ള ഹൈക്കോടതിയുടെ തന്നെ ഉത്തരവാണ് കോടതി ബാഹ്യമായി വിവാഹ മോചനം നേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം തടഞ്ഞുവെച്ചത്. ആ അവകാശം പുനഃസ്ഥാപിക്കുന്നുവെന്നതാണ് കേരളാ ഹൈക്കോടതിയുടെ പുതിയ വിധിയുടെ പ്രസക്തി. പക്ഷേ, ആ വിധിയിലും ഈ അവകാശ നിഷേധത്തിന്റെ പഴി സമുദായം കേൾക്കേണ്ടി വരുന്നുവെന്നതാണ് വിരോധാഭാസം
മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ടു ചരിത്രപ്രധാനമായ വിധിയാണ് 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതിയിൽനിന്നുണ്ടായത്. Dissolution of Muslim Marriage ആക്ട്-1939 നിലവിൽ വന്നതിനു ശേഷം മുസ്ലീം സ്ത്രീക്ക് കോടതി ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമല്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതാണ് മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ഹരജികൾ ഒരുമിച്ചു തീർപ്പാക്കുന്നതിനിടെ കോടതി പരിഗണിച്ചത്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ മുസ്ലീം സത്രീയുടെ കോടതി ബാഹ്യമായ വിവാഹ മോചനം അനുവദിക്കാതിരിക്കാനുള്ള മാനസികാവസ്ഥയാണ് ഇത്തരം കേസുകളിലൂടെ വെളിപ്പെടുന്നതെന്നു ഹൈക്കോടതി നിരീക്ഷിക്കുന്നു. മുത്വലാഖ് പുനഃസ്ഥാപിക്കാനുള്ള നിലവിളി ഉയരുന്നുണ്ടെങ്കിലും മുസ്ലീം സ്ത്രീയുടെ കോടതി ബാഹ്യമായ വിവാഹ മോചന അവകാശം സ്ഥാപിച്ചു കിട്ടാനുള്ള ആവിശ്യം സമൂഹത്തിൽ നിന്നു ഉയർന്നു വരുന്നില്ലെന്നും കോടതി വിമര്‍ശിക്കുന്നുണ്ട്. അത് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം പതിനാലിന്റെ നിഷേധമാണെന്നും വിധിന്യായം പറയുന്നു. പക്ഷെ കോടതി തിരുത്തുന്നത് 1939ൽ മുസ്ലീം സത്രീക്കു കോടതി മുഖാന്തിരം വിവാഹ മോചനം സാധ്യമാക്കിയ Dissolution of Muslim Marriage ആക്ട് വ്യാഖ്യാനിച്ചു K.C.Moyin v. Nafeesa & Others [1972 KLT 785] എന്ന കേസിൽ കേരളാ ഹൈക്കോടതി തന്നെ പുറപ്പെടുവുപ്പിച്ച വിധിന്യായമാണ്.
Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാനാവില്ലെന്ന വിധിയാണ് 49 വര്‍ഷമായി ഇവിടെ നിലനിന്നിരുന്നത്.ഈ വിധിന്യായമാണ് മുസ്ലീം സ്ത്രീക്ക് കോടതി ബാഹ്യമായ വിവാഹമോചനം അസാധ്യമാക്കുന്ന പ്രതിസന്ധി സൃഷ്ടിച്ചത് എന്നും ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്. അതായത്, മുസ്ലിം സ്ത്രീകള്ക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്ന, 49വര്‍ഷമായി ലഭിക്കാതിരുന്ന ഈ അവകാശം ലഭിക്കാതെ പോയതിന്റെ ഉത്തരവാദിത്തം മുസ്ലിം സമുദായമല്ല; ബഹുമാനപ്പെട്ട കോടതി തന്നെയാണ്. പക്ഷേ, എന്നിട്ടും മുസ്ലിം സ്ത്രീക്ക് ആ അവകാശം ലഭിക്കാതെ പോയതിന്റെ കുറ്റം സമുദായത്തിന് മേൽ ചാര്‍ത്തുന്നുവെന്നതാണ് ഈ വിധിയിലെ വിചിത്രമായ ചില പ്രയോഗങ്ങൾ.
യഥാർത്ഥത്തിൽ കോടതി ഇപ്പോൾ പുതുതായി അനുവദിച്ചു നൽകുന്ന വിവാഹ മോചന രീതികൾ മുസ്ലീം സമൂഹത്തിൽ പ്രചാരത്തിൽ ഉള്ളത് തന്നെയായിരുന്നു.നിയമപരമായ പ്രശ്‌നമുള്ളതിനാൽ അത് മറികടക്കുന്നതിനു ഉഭയകക്ഷി സമ്മത പ്രകാരം വിവാഹ മോചനം ചെയ്തു എന്ന രീതിയിൽ രേഖയുണ്ടാക്കുകയാണ് ചെയ്തു പോന്നിരുന്നത്.1972 ൽ കേരളാ ഹൈക്കോടതി വിധിന്യായത്തിലൂടെ നിരോധിച്ചു കളഞ്ഞ മുസ്ലീം സ്ത്രീയുടെ ശരീഅത്ത് പ്രകാരവും മുസ്ലീം വ്യക്തിനിയമ പ്രകാരവുമുള്ള അവകാശം നിഷേധിച്ചതിന്റെ ഉത്തരവാദിത്വം സമൂഹത്തിൽ കെട്ടിവെക്കുന്നതിൽ അർഥമില്ലെന്നു സാരം. കോടതി വിധികളിലൂടെ വ്യക്തിനിയമത്തെയും മുസ്ലീം സമൂഹത്തിന്റെ അവകാശത്തെയും നിഷേധിച്ചു കളയുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു 1972 ലെ കേരളാ ഹൈക്കോടതി വിധി എന്നതാണ് വസ്തുത. ആ അനീതി അവസാനിപ്പിക്കുന്ന കേരളാ ഹൈക്കോടതിയുടെ വിധിന്യായം മുസ്ലീം വ്യക്തിനിയമത്തിൽ ഉണ്ടാക്കുന്ന പ്രധാന പ്രതിഫലനങ്ങൾ പരിശോധിക്കാം.
കേസിന്റെ പശ്ചാത്തലം
കോടതിയുടെ മേൽപറഞ്ഞ നിരീക്ഷണങ്ങളുടെ പശ്ചാതലത്തിൽ ഈ വിധിക്കാസ്പദമായ ഒരോ കേസിന്റെ വസ്തുതകൾ പരിശോധിക്കുന്നത് ഉചിതമാകും.
ഭർത്താവ് ഷണ്ഡനാണെന്നും ക്രൂരത കാണിക്കുന്നുവെന്നുംചൂണ്ടിക്കാട്ടി ഒരു മുസ്ലീം സ്ത്രീ തലശ്ശേരിയിലെ കുടുംബ കോടതിയിൽ നിന്നും Dissolution of Muslim Marriage ആക്ട് പ്രകാരം വിവാഹമോചനം തേടുന്നു. വിവാഹ മോചനം അനുവദിച്ചുള്ള കുടുംബ കോടതിയുടെ വിധിയെ ചോദ്യം ചെയ്തു ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുന്നു. ഭാര്യയുടെ വാദം കളവാണെന്നു തെളിയിക്കാൻ താൻ Potency test നു തയ്യാറാണെന്നും വാദിക്കുന്നു. ഈ ഘട്ടത്തിൽ മുസ്ലീം സ്ത്രീക്ക് വ്യക്തിനിയമപ്രകാരം ഖുൽഅ് (Khula) ചെയ്യാനുള്ള അവകാശം കെ.സി മോയീൻ കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അതുകാരണമാണ് ഇത്രയും നാൾ -ൺ വ്യവഹാരവുമായി മുന്നോട്ടു പോവാൻ തങ്ങൾ നിർബന്ധിതരാകുന്നതെന്നും ആ വിധി പുന:പരിശോധിക്കുകയാണെങ്കിൽ വിവാഹമോചന വിധി റദ്ദു ചെയ്യുന്നതിനു തങ്ങൾക്ക് എതിർപ്പില്ലെന്നും ഭാര്യയുടെ അഭിഭാഷകൻ അറിയിക്കുന്നു. തന്നെഖുൽഅ് ചൊല്ലാൻ അനുവദിക്കണമെന്നും ഭാര്യ ആവശ്യപെട്ടു. ഇത് കോടതി അംഗീകരിക്കുന്നു. കേസിന്റെ അടുത്ത ദിവസത്തെ വാദത്തിനിടെ തങ്ങൾ മഹർ തിരിച്ചു നൽകാൻ തയ്യാറാണെന്നു ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നു. എന്നാൽ ഭർത്താവ് മഹർ തിരിച്ചു വാങ്ങാൻ തയ്യാറായില്ലെന്നും പിന്നീട് കോടതിയെ അറിയിക്കുന്നു.
മറ്റൊരു കേസിൽ കുടുംബ കോടതിയിലെ മധ്യസ്ഥ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉഭയകക്ഷി സമ്മതം രേഖപെടുത്തി വിവാഹമോചന ഉത്തരവ് നൽകിയ കുടുംബ കോടതി വിധി ചോദ്യം ചെയ്തു ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുന്നു. വിവാഹമോചനം തന്റെ സമ്മതത്തോടെ അല്ലെന്നും കോടതിവിധി മുസ്ലീം നിയമപ്രകാരം സാധുവല്ലെന്നും ഭർത്താവ് വാദിക്കുന്നു.മലപ്പുറത്തു നിന്നുള്ള മറ്റൊരു ഹരജിക്കാരി തനിക്ക് എത്രയും പെട്ടന്നു വിവാഹമോചനം വേണമെന്നും കോടതി ബാഹ്യമായ വിവാഹമോചനത്തിനുള്ള അവകാശം വിനിയോഗിക്കാൻ സ്വാതന്ത്ര്യം നൽകണമെന്നും ആവശ്യപെടുന്നു. എറണാകുളത്തു നിന്നുള്ള മറ്റൊരു ഹരജിക്കാരി ഉഭയകക്ഷി സമ്മതപ്രകാരമുള്ള (mubaraat) തങ്ങളുടെ വിവാഹ മോചനം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കുടുംബ കോടതിയുടെ തീരുമാനം ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചത്.
മുസ്ലീം വ്യക്തിനിയമപ്രാകാരവും 1937 ലെ ശരീഅത്ത് അപ്ലികേഷൻ ആക്ട് പ്രകാരവും മുസ്ലീം സ്ത്രീക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന വിവാഹമോചന രീതികൾ ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. നാല് മാർഗങ്ങളിലൂടെയാണ് മുസ്ലീം സ്ത്രീക്ക് വിവാഹ മോചനം തേടാവുന്നത്.
1) Talaq-e-tafwiz
വിവാഹ സമയത്തു തന്നെ ഭാര്യയും ഭർത്താവും തമ്മിലുണ്ടാക്കുന്ന കരാർ പ്രകാരം കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ഭാര്യക്ക് കോടതിയെ സമീപിക്കാതെ വിവാഹമോചനം തേടാൻ അവകാശം നൽകുന്നതാണ് ഈ രീതി. ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം കഴിക്കുകയോ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ മാത്രമെ ഈ രീതി അവംലബിക്കാനാവൂ എന്നും കരാറിലെ വ്യവസ്ഥ പ്രകാരം ഭാര്യക്ക് പൊതു വ്യവസ്ഥകൾക്ക് (Public Policy) എതിരല്ലാത്ത രീതിയിൽ വിവാഹ മോചനം ചെയ്യാമെന്നും പണ്ഡിതർ പറയുന്നു. ഭർത്താവ് വിവാഹ മോചനം ചെയ്യാനുള്ള തന്റെ അവകാശം ഭാര്യക്ക് കരാർ പ്രകാരം ഏൽപ്പിച്ചു നൽകുന്നതാണ് (Delegated Divorce) ഈ രീതി. ഈ രീതി പൊതുവെ കേരളത്തിലെ മുസ്ലീം സമൂഹത്തിൽ പ്രചാരത്തിലുള്ളതല്ല.
2) Khula
ഭാര്യക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്. ഭർത്താവിനു ത്വലാഖ് പോലെ തന്നെ ഭാര്യക്ക് ഏകപക്ഷീയമായുള്ള അവകാശമാണ് ഖുൽഅ് എന്നു കോടതി വ്യക്തമാക്കുന്നുണ്ട്. ഖുൽഇനു കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. അങ്ങനെ ഭാര്യ ഖുൽഅ് ചെയ്താൽ ഭർത്താവ് അതിനു നിർബന്ധമായും സമ്മതിക്കണം. ഭർത്താവിനു മഹർ തിരിച്ചു നൽകണം, നഷ്ടപരിഹാരം നൽകണം തുടങ്ങിയ വ്യവസ്ഥകളും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ കാണുന്നുൺ്. അങ്ങനെ ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്തഅഭിപ്രായങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. എന്നാൽ ഭർത്താവ് അനുമതി നൽകാതെ ഭാര്യക്ക് ഖുൽഅ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഈ രീതിയുടെ അടിസ്ഥാനത്തെ തന്നെ ബാധിക്കുമെന്നതിനാൽ ഭർത്താവിന്റെ സമ്മതം ഖുൽഇന് വേണ്ടതില്ല എന്ന നിഗമനത്തിലാണ് കോടതി എത്തിചേരുന്നത്. ഭാര്യക്ക് നൽകിയ മഹർ തിരികെ ലഭിക്കാൻ ഭർത്താവിന് അവകാശമുണ്ട്. അത് ഭാര്യ നൽകാതെ വന്നാൽ ഭർത്താവിനു കോടതിയെ സമീപിക്കാം. അതേസമയം വിവാഹമോചനത്തിനു മുൻപുള്ള അനുരജ്ഞന ചർച്ചകൾ ഖുർആന്റേയും ശരീഅത്തിന്റേയും താൽപര്യമാണെന്നു നിരീക്ഷിക്കുന്ന കോടതി ത്വലാഖ് പോലെ തന്നെ ഖുല്ഉം സാധുവാകുന്നതിനു അതിനു മുൻപായി അനുരജ്ഞന ചർച്ചകൾ നടന്നിട്ടുണ്ടാകണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ മൂന്ന് നിബന്ധനങ്ങൾക്ക് വിധേയമായി മുസ്ലീം സ്ത്രീക്ക് ഖുൽഅ് ചെയ്യാം.
1) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം. 2) വിവാഹ സമയത്തോ വിവാഹ ബന്ധത്തിനു ഇടയിലോ ഭർത്താവിൽ നിന്നും ലഭിച്ച നേട്ടങ്ങൾ തിരിച്ചു നൽകാമെന്നുള്ള വാഗ്ദാനം. 3)ഖുൽഇന് മുൻപ് കൃത്യമായ അനുരജ്ഞന ചർച്ചകൾ നടന്നിട്ടുണ്ടാവണം.
3) Mubaraat
ഉഭയകക്ഷി സമ്മത പ്രകാരം കോടതി ഇടപെടൽ ഇല്ലാതെ ഭാര്യക്കും ഭർത്താവിനും വിവാഹമോചനം ചെയ്യാവുന്നതാണ്. ആ അവകാശം ഉപയോഗപെടുത്താൻ ഭാര്യക്കും തുല്യ അവകാശമുണ്ട്എന്നാണ് കോടതി പറഞ്ഞു വെക്കുന്നത്. അങ്ങനെ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹ മോചനം തീരുമാനിച്ചാൽ ഭർത്താവ് ഭാര്യയെ ത്വലാഖ് ചെയ്യുന്നതാണ് മുസ്ലീം സമുദായം സ്വീകരിച്ചു പോരുന്ന രീതി. അതിൽ ഭാര്യക്കും അവകാശമുണ്ട്് എന്നു പറയുന്ന കോടതി വിധിയിൽ പക്ഷെ ത്വലാഖ് ചെയ്യേണ്ടത്ഭർത്താവ് തന്നെയാണ് എന്ന ഭാഗത്തെ കുറിച്ചു ഒന്നും പറയുന്നില്ല. ഉഭയകക്ഷി സമ്മതപ്രകാരമായതിനാൽ തന്നെ ഈ വിവാഹമോചന രീതിയിൽ പിന്നീട് തര്ക്കശങ്ങളുണ്ടാവാനുള്ള സാധ്യത കുറവാണ്. അങ്ങനെ വിവാഹമോചനം ചെയ്ത തങ്ങളുടെ വിവാഹമോചനം നിയമപരമായി സാധുവാണെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യം നിയമപരമായി വ്യവസ്ഥയില്ലെന്നു പറഞ്ഞു കുടുംബ കോടതി നിരാകരിച്ചതിനെതിരെയാണ് ഹൈക്കോടതി പരിഗണിച്ച ഒരു ഹരജിയുള്ളത്. കൃത്യമായ ചട്ടങ്ങൾ ഇല്ലാത്തതു കൊണ്ട് കോടതികൾ സൃഷ്ടിക്കുന്ന ഇത്തരം പ്രതിസന്ധികൾ പരിഹരിക്കുന്നതിനു ഈ വിധി ഒരു പരിഹാരമാവും. കോടതി ബാഹ്യമായ രീതികളിലൂടെ വിവാഹമോചന ചെയ്യുന്ന മുസ്ലീം സ്ത്രീ പുരുഷൻമാരുടെ Marital Status പ്രഖ്യാപിച്ചു നൽകുന്നതിനു (Declaration) കുടുംബകോടതികൾക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു.
എന്നാൽ ഇത്തരം കോടതി ബാഹ്യമായ വിവാഹമോചനങ്ങൾ ഭാര്യയും ഭർത്താവും അംഗീകരിച്ചാൽ പിന്നെ കോടതിയെ സമീപിച്ചു Marital സ്റ്റാറ്റസ് പ്രഖ്യാപിച്ചു കിട്ടേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഭർത്താവ് ത്വലാഖ് ചെയ്യുകയോ ഭാര്യ ഖുൽഅ് ചെയ്യുകയോ ചെയ്ത് മറ്റേയാൾ അത് അംഗീകരിക്കുകയോ ഉഭയകക്ഷി സമ്മത പ്രകാരം പിരിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ അത് രേഖാമൂലം രേഖപെടുത്തി കരാറുണ്ടാക്കിയാൽ കോടതിയെ സമീപിക്കേണ്ടകാര്യമെന്താണ്?. കോടതി ബാഹ്യമായ വിവാഹ മോചനം കോടതിയിലേക്ക് വലിച്ചിഴക്കുന്ന ഈ രീതി അനാവശ്യമാണ്. അത്തരം കരാറുകൾക്ക് വ്യവസ്ഥയും നിയമസാധുതയും ഉറപ്പുവരുത്തുകയാണ് വേണ്ടത്.നിലവിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചനങ്ങൾ കോടതിയെ സമീപിക്കാതെ തന്നെ കരാറെഴുതി നടന്നു വരുന്നതുമാണ്.
4) Faskh
മുസ്ലീം സ്ത്രീക്ക് നിർദ്ദിഷ്ട കാരണങ്ങളാൽ വിവാഹമോചനം തേടാവുന്ന രീതിയാണ് ഫസ്ഖ്. ഇപ്പോഴും നിരവധിയാളുകൾ കോടതിയെ സമീപിക്കാതെ പത്രങ്ങളിലൂടെ പരസ്യം നൽകിയും മറ്റും ഫസ്ഖ് ചെയ്യാറുണ്ട്. എന്നാൽ അത് നിയമപരമായി സാധുവല്ല. ഫസ്ഖിനു മുസ്ലീം സ്ത്രീക്കു കോടതിയെ സമീപിക്കാം എന്നു തന്നെയാണ് ഈ വിധിയിലും കോടതി വ്യക്തമാക്കിയിരിക്കുന്നത്. Dissolution of Muslim Marriage ആക്ടില്‍ പറയുന്ന കാരണങ്ങളാൽ മുസ്ലീം സ്ത്രീക്കു കോടതി മുഖാന്തിരം ഫസ്ഖ് ചെയ്യാം. ശരീഅത്ത് അപ്ലികേഷൻ ആക്ട് അനുസരിച്ചു ഫസ്ഖ് ഒഴികെയുള്ള എല്ലാ മാർഗങ്ങളിലൂടെയും കോടതി ബാഹ്യമായി മുസ്ലീം സ്ത്രീക്കു വിവാഹമോചനം തേടാമെന്നു കോടതി വ്യക്തമാക്കുന്നു. Dissolution of Muslim Marriage ആക്ട് പ്രകാരം മാത്രമെ മുസ്ലീം സ്ത്രീ വിവാഹമോചനം തേടാൻ പാടുള്ളൂ എന്ന 1972 ലെ ഹൈക്കോടതി വിധി ശരീഅത്ത് അപ്ലികേഷൻ ആക്ടിന്റെയും ഡിസൊലൂഷൻ ഓഫ് മുസ്ലീം മാര്യേജ് ആക്ടിന്റേയും താൽപര്യങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിക്കുന്നു. യഥാർഥത്തിൽ ഫസ്ഖും മഹല്ല് സംവിധാനങ്ങളെ ഏൽപ്പിച്ചാൽ കോടതി ബാഹ്യമായി തന്നെ ചെയ്യാവുന്നതാണ്. ഖാദിമാർക്ക് ഫസ്ഖിനു അപേക്ഷ നൽകുന്നതിനോ ഫസ്ഖ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനോ ശരീഅത്ത് അനുസരിച്ചു യാതൊരു തടസ്സവുമില്ല. കോടതി വ്യവഹാരങ്ങളുടെ പ്രശ്‌നങ്ങളും കാലതാമസുവുമൊക്കെ പരിഹരിക്കപെടുകയും ചെയ്യും. അത്തരം തീരുമാനങ്ങളിൽ എതിർപ്പുണ്ടെൺങ്കിൽ മാത്രം കോടതിയെ സമീപിക്കാൻ അവസരമുണ്ടായാൽ മതിയാകും. നിലവിൽ കോടതി മുഖാന്തിരം മാത്രമേ ഫസ്ഖ് ചെയ്യാനാവൂ എന്ന നിയമം മുസ്ലീം വ്യക്തിനിയമത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതാണോ എന്നു പരിശോധിക്കാൻ കോടതികൾ തയ്യാറാവണം. മുസ്ലീം സമുദായത്തിലെ അത്തരം സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാൻ കോടതികൾ തയ്യാറാല്ലാത്തത് കൂടിയാണ് കോടതി ബാഹ്യമായ വിവാഹമോചനങ്ങളുടെ സാധുത അടച്ചു കളയുന്നത്.
ഏകപക്ഷീയമായി ഭർത്താവിനു ത്വലാഖ് ചെയ്യാനാവുമോ?
ഖുല്അ്ഇ ആവട്ടെ ത്വലാഖ് ആവട്ടെ, ഏകപക്ഷീയമായ വിവാഹമോചനങ്ങൾ എതിർ കക്ഷി അംഗീകരിക്കാതെ വന്നാലും കുടുംബ കോടതിയെ സമീപിച്ചാൽ എതിർ കക്ഷിക്ക് നോട്ടീസ് അയച്ചു Marital Statusപ്രഖ്യാപിച്ചു നൽകണമെന്നു കോടതി വിധിച്ചിട്ടുണ്ട്. അതായത്, ഭർത്താവിനു ത്വലാഖും ഭാര്യക്കും ഖുല്ഉം ഏകപക്ഷീയമായി മാനദണ്ഡങ്ങൾ പാലിച്ചു ചെയ്യാം. കുടുംബ കോടതിക്ക് അത് പ്രഖ്യാപിച്ചു നൽകുന്നതിനു അപ്പുറത്ത് അതതരം അപേക്ഷകൾ തീർപ്പാക്കുന്നതിൽ മറ്റു അധികാരങ്ങളില്ല. എതിർ കക്ഷി അതിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ് അവർക്ക് നിയമവ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാം. മുത്വലാഖ് വിധിക്കും നിയമത്തിനും ശേഷം മുസ്ലീം പുരുഷൻ സ്ത്രീയുടെ സമ്മതമില്ലാതെ ചെയ്യുന്ന വിവാഹമോചനങ്ങൾ സാധുവല്ല എന്ന പ്രതീതി നിലവിലുണ്ട്. ഖുർആനികമായ മാനദണ്ഡങ്ങൾ പാലിച്ചു കോടതി ബാഹ്യമായുള്ള ത്വലാഖുകളും സാധുവാണ് എന്ന് വ്യക്തമാക്കുന്നുണ്ട് കേരളാ ഹൈക്കോടതിയുടെ പുതിയ വിധി. ഭാര്യ സമ്മതിക്കാതെ വന്നാൽ ത്വലാഖ് സാധുവല്ലെന്ന സാഹചര്യമുണ്ടായാൽ മുസ്ലീം പുരുഷന് വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ നിയമപരമായ വ്യവസ്ഥകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് ഈ വിധി.ഈ വിഷയത്തിൽ ഇനിയും കൂടുതൽ വ്യക്തത ആവശ്യമാണ്. ഫലത്തിൽ മുസ്ലീം വ്യക്തിനിയമത്തിന് അൽപ്പം കൂടി കരുത്ത് പകരുന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഖുർആൻ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചു വ്യക്തിനിയമത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനെ എതിർക്കുന്ന പ്രവണത സമൂഹത്തിൽ നിലനിൽക്കുന്നുൺഎന്നൊരു പരാമര്ശം- ഡിവിഷൻ ബെഞ്ച് വിധിയിലുണ്ട്.ഈ പരാമര്‍ശം വസ്തുതാപരമായി ശരിയല്ലെന്നു മാത്രമല്ല മുസ്ലീം സമുദായം ഭരണകൂടത്തിൽ നിന്നും നേരിടുന്ന കടുത്ത അനീതികളെ പരോക്ഷമായി ന്യായീകരിക്കുന്നതായി അത് മാറുന്നുമുണ്ട്. പ്രത്യേകിച്ചും ഒരു മതവിഭാഗത്തിലെ പുരുഷൻമാരെ മാത്രം ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് ജയിലിൽ അടക്കാനും ശിക്ഷിക്കാനും ഭരണഘടനാ വിരുദ്ധമായ ക്രിമിനൽ നിയമം നടപ്പാക്കുകയും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന ഭീതി ഭരണകൂടം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ. ഹൈക്കോടതി വിധി മൂലം 49 വർഷമായി മുസ്ലീം സ്ത്രീക്ക് നിഷേധിക്കപ്പെട്ട ശരീഅത്ത് പ്രകാരമുള്ള ഒരു അവകാശം പുനഃസ്ഥാപിക്കുമ്പോൾ ഇത്രയും കാലം നീതി നിഷേധിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം സമുദായത്തിന് മേൽ കെട്ടിവെക്കുന്നത് നീതിപൂര്‍വ്വകമല്ല.