Opinion
കേരള രാഷ്ട്രീയത്തിലെ പ്രിസണർ; ഒരു കൊടുങ്കാറ്റിലും ഉലയാത്ത ബാലകൃഷ്ണപിള്ള
Opinion

കേരള രാഷ്ട്രീയത്തിലെ 'പ്രിസണർ'; ഒരു കൊടുങ്കാറ്റിലും ഉലയാത്ത ബാലകൃഷ്ണപിള്ള

എം അബ്ബാസ്‌
|
3 May 2021 6:21 AM GMT

ആറു പതിറ്റാണ്ടു മുമ്പ് വാളകം പുലിക്കോട്ടിലെ പുരയിടത്തിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽ ഗൗരിയമ്മയും വെളിയം ഭാർഗവനും പങ്കെടുത്ത യോഗമാണ് ബാലകൃഷ്ണപ്പിള്ള എന്ന രാഷ്ട്രീയക്കാരനെ ഉണ്ടാക്കിയത്

ആറു പതിറ്റാണ്ടു മുമ്പ് വാളകം പുലിക്കോട്ടിലെ പുരയിടത്തിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽ ഗൗരിയമ്മയും വെളിയം ഭാർഗവനും പങ്കെടുത്ത യോഗമാണ് ബാലകൃഷ്ണപ്പിള്ള എന്ന രാഷ്ട്രീയക്കാരനെ ഉണ്ടാക്കിയത്. അല്ലെങ്കിൽ താനൊരു റിട്ടയേഡ് കമ്യൂണിസ്‌റ്റോ ഹെഡ് മാസ്റ്ററോ ആയി മാറിയേനെ എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

കമ്യൂണിസ്റ്റുകാരൻ!

അവസാന കാലത്ത് ഇടത് രാഷ്ട്രീയത്തോട് ഓരം ചേർന്നു നിന്ന് പ്രവർത്തിച്ച ബാലകൃഷ്ണ പിള്ള രാഷ്ട്രീയജീവിതം ആരംഭിക്കുന്നതും കമ്യൂണിസ്റ്റുകാരനായാണ്. വാളകം ഹൈസ്‌കൂളിലെ നാലാം ഫോറം വിദ്യാർത്ഥിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് 1947ൽ സ്റ്റുഡന്റ്‌സ് ഫെഡറേഷനിൽ നാലണ അംഗത്വം നൽകിയത് പിന്നീട് മുഖ്യന്ത്രിയായ പി.കെ വാസുദേവൻ നായരായിരുന്നു. അന്ന് രാത്രി ബാലകൃഷ്ണപിള്ളയുടെ കുടുംബ വീടായ കീഴൂട്ട് തങ്ങിയാണ് പി.കെ.വി മടങ്ങിയത്. അങ്ങനെ തെക്കൻ തിരുവിതാംകൂറിലെ ജന്മിമാരിൽ ഒരാളായ കീഴൂട്ട് രാമൻ പിള്ളയുടെ ഏക മകൻ പതിയെ കമ്യൂണിസ്റ്റായി മാറി. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു രാമൻ പിള്ള.

അതിനിടെ, 1957ൽ കേരളത്തിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ ഒന്നാം സർക്കാർ അധികാരത്തിൽ വന്നു. അക്കാലത്താണ് വാളകത്ത് വെളിയംഭാർഗവനും ഗൗരിയമ്മയും പങ്കെടുത്ത ഒരു സമ്മേളനം നടന്നത്. 'കീഴൂട്ട് ഒരു കുഞ്ഞു മരിച്ചാൽ അതിനെ അടയ്ക്കണമെങ്കിൽ ഞങ്ങടെ അനുവാദം വേണം' എന്ന ഗൗരിയമ്മയുടെ പ്രസംഗം ബാലകൃഷ്ണപിള്ളയുടെ ഉള്ളം പിളർത്തു. അന്ന് കമ്യൂണിസത്തിൽ നിന്ന് പിള്ള എന്നെന്നേക്കുമായി 'രാജിവച്ചു'.

12 രൂപ കൊടുത്തു വാങ്ങിയ കോൺഗ്രസ് അംഗത്വം

പിടി ചാക്കോ വഴിയാണ് ബാലകൃഷ്ണപിള്ള കോൺഗ്രസിലെത്തിയത്. പൂർണനായ മനുഷ്യൻ എന്നാണ് ആത്മകഥയിൽ അദ്ദേഹം ചാക്കോയെ വിശേഷിപ്പിക്കുന്നത്. ചാക്കോയുമായുള്ള കൂടിക്കാഴ്ച ബാലകൃഷ്ണപിള്ള ഓർത്തെടുക്കുന്നത് ഇങ്ങനെ;

'ഒരു ദിവസം എന്നെ വാൻറോസ് ജംഗ്ഷനിലെ കെ.പി.സി.സി ഓഫീസിൽ കൊണ്ടു പോയി. കെഎ ദാമോദര മേനോനാണ് അന്ന് കെപിസിസി പ്രസിഡണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിൽപ്പെട്ടു കോൺഗ്രസിൽ യുവനിരക്കാരുടെ ദാരിദ്ര്യം അനുഭവപ്പെട്ട കാലമാണ്. ദാമോദരമേനോൻ എന്നെ അടിമുടിയൊന്നു നോക്കി. അൽപ്പസമയത്തെ മൗനത്തിന് ശേഷം താൻ കോൺഗ്രസിൽ ചേരണമെന്ന് ആവശ്യപ്പെട്ടു. കോട്ടയത്തെ പേരെടുത്ത ക്രിമിനൽ അഭിഭാഷകൻ കൂടിയായിരുന്ന ചാക്കോച്ചന് മുന്നിൽ എന്റെ വാദമുഖങ്ങൾക്ക് ജയിക്കാനായില്ല'

12 രൂപ വാങ്ങിയാണ് കൊല്ലം ഡിസിസി പ്രസിഡണ്ട് എഎ റഹീം ബാലകൃഷ്ണപിള്ളയ്ക്ക് കോൺഗ്രസ് അംഗത്വം നൽകിയത്. തൊട്ടുപിന്നാലെ 21 അംഗ കെപിസിസി എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 23-ാം വയസ്സിൽ നിർവാഹക സമിതിയിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് ദാമോദര മേനോൻ, ആർ ശങ്കർ, സിഎം സ്റ്റീഫൻ, കുട്ടിമാളു അമ്മ, പിടി ചാക്കോ, പനമ്പിള്ളി ഗോവിന്ദമേനോൻ, മൊയ്തു മൗലവി, പിഎസ് ജോർജ് തുടങ്ങിയ അതികായർ. എൻഎസ്എസുമായും മന്നത്തു പത്മനാഭനുമായുള്ള ബന്ധമാണ് ബാലകൃഷ്ണപിള്ളയ്ക്ക് കോൺഗ്രസിൽ സ്വീകാര്യത നേടിക്കൊടുത്തത്.

കേരള കോൺഗ്രസ് ജന്മമെടുക്കുന്നു

പി.ടി ചാക്കോയും ആർ ശങ്കറും തമ്മിലുള്ള പടലപ്പിടക്കം കോൺഗ്രസിനെ ഉലച്ചു കളഞ്ഞ കാലമാണത്. അവർ തമ്മിൽ അകന്നിരുന്നില്ല എങ്കിൽ കേരള രാഷ്ട്രീയത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു എന്ന് ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. വിവാദമായ പീച്ചി യാത്രയോടെ ചാക്കോ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞു. തൊട്ടുപിന്നാലെ ചാക്കോയുടെ മരണം. തുടർന്ന് ശങ്കർ മന്ത്രിസഭയെ താഴെയിറക്കാനായി കെഎം ജോർജിന്റെ നേതൃത്വത്തിൽ ഒരു സംഘം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. മന്ത്രിസഭ വീണു.പിഎസ്പി അംഗം പി.കെ കുഞ്ഞാണ് സർക്കാറിനെതിരെ അവിശ്വാസ നോട്ടീസ് നൽകിയത്.

അക്കാലത്ത് ബാലകൃഷ്ണ പിള്ളയെ അനുനയിപ്പിക്കാനായി ശങ്കർ ശ്രമം നടത്തി. എന്നാൽ തനിക്കാരെയും ചതിക്കാൻ കഴിയില്ല. ചതിക്ക് താൻ കൂട്ടുനിൽക്കില്ല എന്നായിരുന്നു പിള്ളയുടെ ഉറച്ച മറുപടി. പിന്നീട് ഒരിക്കലും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നില്ല. പിള്ള ഉൾപ്പെടെ ചിലർക്ക് മന്ത്രിസ്ഥാനം നൽകി പ്രശ്‌നം പരിഹരിക്കാൻ ശങ്കർ ശ്രമം നടത്തിയിരുന്നു. മന്ത്രിസഭയിൽ ചേരാമോ എന്ന് ശംഖുമുഖം കടപ്പുറത്തു വച്ച് കെപിസിസി ജനറൽ സെക്രട്ടറി ഹെൻട്രി ഓസ്റ്റിനാണ് പിള്ളയോട് ചോദിച്ചിരുന്നത്.

1964 സെപ്തംബർ എട്ടിന് അവിശ്വാസ പ്രമേയത്തിലൂടെ ശങ്കർ മന്ത്രിസഭ വീണു. 1964 ഒക്ടോബർ ഒമ്പതിന് വൈകിട്ട് കോട്ടയം തിരുനക്കര മൈതാനിയിൽ കേരള കോൺഗ്രസ് ഉദയം ചെയ്തു. കെഎം ജോർജായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ. ബാലകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി. പിന്നീടുള്ള ആറു പതിറ്റാണ്ടോളം കാലം കേരള കോൺഗ്രസ് വളർന്നും പിളർന്നും മുമ്പോട്ടു പോയി. ബാലകൃഷ്ണപിള്ള പിളർന്നു പോയ ഒരു ഘടകത്തിന്റെ മാത്രം സാരഥിയുമായി.

ഗോതമ്പുണ്ട നിർത്തലാക്കിയ മന്ത്രി

അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന സി അച്യുതമേനോൻ മന്ത്രിസഭയിലാണ് ബാലകൃഷ്ണ പിള്ള ആദ്യമായി മന്ത്രിയായത്. അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്ന്, നേരെ ജയിലിൽ നിന്നിറങ്ങി ജയിൽ വകുപ്പു മന്ത്രിയായി എന്ന അപൂർവ്വതയും പിള്ളയ്ക്ക് സ്വന്തം. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പിള്ളയും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും അടുത്തടുത്ത സെല്ലുകളിലാണ് കഴിഞ്ഞിരുന്നത്.

അധികാരത്തിലെത്തിയ ശേഷം ജയിലിൽ മികച്ച ഭക്ഷണം ഉറപ്പു വരുത്തിയത് ബാലകൃഷ്ണപിള്ളയാണ്. അതുവരെയുണ്ടായിരുന്ന ഗോതമ്പുണ്ട ജയിൽ കടന്നു. പകരം ദോശയും ചപ്പാത്തിയും ഇഡ്ഢലിയുമൊക്കെ വന്നു. കേരളത്തിലെ ജയിലുകളിൽ ആദ്യമായി ബെഡ് കോഫി നൽകാൻ ആരംഭിച്ചതും ഇദ്ദേഹത്തിന്റെ കാലയളവിലാണ്.

പത്തനാപുരത്ത് എംഎൽഎ ആയിരിക്കെ 1963ൽ ഇടമുളയ്ക്കൽ പഞ്ചായത്തിലേക്ക് മത്സരിച്ച അപൂർവ്വതയും ബാലകൃഷ്ണപിള്ളയ്ക്കുണ്ട്. രണ്ടു തവണ ഇടമുളയ്ക്കലും രണ്ടു തവണ കൊട്ടാരക്കരയിലും ഇങ്ങനെ മത്സരിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും ഏഴു വോട്ട്.

പുലിവാലു പിടിച്ച പഞ്ചാബ് മോഡൽ പ്രസംഗം

1985ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രിയായിരിക്കെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റി ആയിരുന്നു പ്രസംഗം. കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബികളെ പോലെ സമരത്തിന് (ഖലിസ്ഥാൻ) നിർബന്ധിതമാകും എന്നായിരുന്നു പ്രസംഗം. തന്റെ പ്രസംഗം മാതൃഭൂമി പത്രം വളച്ചൊടിക്കുകയായിരുന്നു എന്നാണ് ഇതേക്കുറിച്ച് പിന്നീട് ബാലകൃഷ്ണപിള്ള പരാതിപ്പെട്ടത്.

സംഭവം ഹൈക്കോടതിയിലെത്തിച്ചത് കെപിസിസി പ്രസിഡണ്ടായിരുന്ന കെഎം ചാണ്ടിയുടെ മകനാണ്. തുറന്ന കോടതിയിൽ വാദം കേട്ട ജസ്റ്റിസ് രാധാകൃഷ്ണ മേനോൻ പിള്ളയ്‌ക്കെതിരെ പരാമർശം നടത്തി. മന്ത്രി നിരപരാധിത്വം തെളിയിക്കണമെന്ന പരാമർശത്തിൽ 1985 ജൂൺ അഞ്ചിന് പിള്ള രാജിവച്ചു.

ചരിത്രത്തിലിടംനേടിയ ഇടമലയാര്‍

ഇരുപത്തഞ്ചു വർഷത്തോളം നീണ്ട നിയമവ്യവഹാരങ്ങൾക്കിടയാക്കുകയും ഒടുവിൽ 2011-ൽ ബാലകൃഷ്ണപിള്ളയ്ക്ക് കീഴടങ്ങേണ്ടി വരികയും ചെയ്ത സംഭവബഹുലമായ ഒരു അധ്യായമായിരുന്നു ഇടമലയാർ കേസ്. ഇടമലയാർ ടണൽ നിർമാണത്തിനു നൽകിയ ടെൻഡറിൽ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയും കൂട്ടാളികളും ഗൂഢാലോചനയും വിശ്വാസവഞ്ചനയും നടത്തി സർക്കാറിന് മൂന്നു കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കി എന്നായിരുന്നു വിജിലൻസ് കേസ്. 1985 ജൂലൈ ഏഴിന് ടണൽ പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചപ്പോൾ ചോർച്ച കണ്ടതോടൊണ് ആരോപണങ്ങളുടെയും കേസിന്റെയും തുടക്കം. നിജസ്ഥിതി അന്വേഷിക്കാനായി ഹൈക്കോടതി ജഡ്ജിയായിരുന്ന കെ. സുകുമാരൻ നായർ അധ്യക്ഷനായി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചു. 1988 ജൂണിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കേസ് നടത്തിപ്പിനായി കൊച്ചിയിൽ പ്രത്യേക ഇടമലയാർ കോടതിയും സമാപിച്ചു.

ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശപ്രകാരം രൂപീകരിക്കപ്പെട്ട പ്രത്യേക വിജിലൻസ് സംഘം 1990 ഡിസംബർ 14ന് കൊച്ചിയിലെ ഇടമലയാർ പ്രത്യേക കോടതിയിൽ 22 പേരെ പ്രതി ചേർത്ത് കുറ്റപത്രം നൽകി. പ്രാരംഭ വാദത്തിനുശേഷം അക്കാലത്ത് മരിച്ചുപോയവരെയും മറ്റു ചിലരെയും ഒഴിവാക്കി ബാലകൃഷ്ണപിള്ള ഉൾപ്പെടെ 11 പ്രതികൾ ബാക്കിയായി.

കുറ്റപത്രം റദ്ദാക്കാൻ പിള്ള ഉൾപ്പെടെയുള്ളവർ ഭരണഘടനാ പ്രശ്‌നങ്ങളുന്നയിച്ച് ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു. തടസ്സങ്ങൾ നീങ്ങി 1997-ലാണ് വിചാരണ തുടങ്ങിയത്.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പല ഘട്ടങ്ങളിലായി ജൂനിയർ അഭിഭാഷകർ മുതൽ സുപ്രീം കോടതിയിലെ പ്രമുഖ ഭരണഘടനാ വിദഗ്ദ്ധരും നിയമജ്ഞരുമായ എഫ്.എസ്. നരിമാൻ, പി.പി. റാവു, ജി. രാമസ്വാമി, അൽത്താഫ് അഹമ്മദ്, കപിൽ സിബൽ തുടങ്ങിയ പ്രമുഖർ അണിനിരന്നു. ജസ്റ്റിസുമാരായ എസ്.പി. ബറൂച്ച, ആർ .സി. ലഹോട്ടി, എം.ബി. ഷാ, ജെ.എസ്. വർമ, ബി.പി. ജീവൻ റെഡ്ഡി എന്നിവർ പലപ്പോഴായി വിധികൾ എഴുതി. ഈ കേസിൽ സുപ്രീംകോടതി ജഡ്ജിമാർ എഴുതിയ വിധികൾ നിരവധി നിയമഗ്രന്ഥങ്ങളിൽ സ്ഥാനംപിടിച്ചു.

കേസിൽ ഒരു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും സുപ്രീം കോടതി വിധിച്ചതിനെ തുടർന്ന് 2011 ഫെബ്രുവരിയിൽ ബാലകൃഷ്ണപിള്ള കൊച്ചിയിലെ ഇടമലയാർ പ്രത്യേക കോടതിയിൽ കീഴടങ്ങി.

Similar Posts