നൂറു കോടി വാക്സിൻ ഡോസുകൾ പല ചോദ്യങ്ങൾക്കുള്ള ഉത്തരം: പ്രധാനമന്ത്രി
|"ഈ നേട്ടത്തിന് പിന്നിൽ 130 കോടി ഇന്ത്യയ്ക്കാരുടെ പ്രയത്നമുണ്ട്. ഈ വിജയം ഇന്ത്യയുടെ വിജയമാണ്. ഓരോ പൗരന്റെയും വിജയമാണ്."
ന്യൂഡൽഹി: നൂറു കോടി വാക്സിൻ ഡോസുകൾ എന്ന നേട്ടം കൈവരിച്ചതിൽ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിജയത്തിന് പിന്നിൽ 130 കോടി ഇന്ത്യക്കാരുടെയും പ്രയത്നമുണ്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മികവിന് തെളിവാണ് ഇതെന്നും വാക്സിൻ വിതരണത്തിൽ തുല്യത പാലിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
'ഇന്നലെ നൂറു കോടി വാക്സിനേഷൻ എന്ന അസാധാരണമായ ലക്ഷ്യം ഇന്ത്യ മറികടന്നു. ഈ നേട്ടത്തിന് പിന്നിൽ 130 കോടി ഇന്ത്യയ്ക്കാരുടെ പ്രയത്നമുണ്ട്. ഈ വിജയം ഇന്ത്യയുടെ വിജയമാണ്. ഓരോ പൗരന്റെയും വിജയമാണ്. നിരവധി പേർ ഇന്ത്യയുടെ വാക്സിനേഷൻ പദ്ധതിയെ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത്. 100 കോടി പിന്നിട്ട വേഗം അഭിനന്ദനീയമാണ്. എന്നാണ് എവിടെ നിന്നാണ് നമ്മൾ തുടങ്ങിയത് എന്ന കാര്യം വിട്ടുപോകുന്നു'- പ്രധാനമന്ത്രി പറഞ്ഞു.
'ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാമാരി വന്നപ്പോൾ ഇന്ത്യയിൽ ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. ആഗോള മഹാമാരിക്കെതിരെ പൊരുതാൻ ഇന്ത്യയ്ക്കാകുമോ എന്നായിരുന്നു ചോദ്യം. ഇത്രയും കൂടുതൽ വാക്സിൻ വാങ്ങാൻ ഇന്ത്യയ്ക്ക് എവിടെ നിന്ന് പണം കിട്ടും? എന്ന് ഇന്ത്യക്ക് വാക്സിൻ കിട്ടും? ഇന്ത്യയിലെ ജനങ്ങൾക്ക് വാക്സിൻ കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. ഇന്ന് നൂറു കോടി വാക്സിനേഷൻ അതിനുള്ള എല്ലാറ്റിനും ഉത്തരമാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.
'100 കോടി വാക്സിൻ ഒരു നമ്പർ മാത്രമല്ല, ചരിത്രത്തിലെ പുതിയ അധ്യായമാണ്. കഠിനമായ ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ ഇന്ത്യയ്ക്ക് ആകും എന്നതിന്റെ തെളിവാണ്. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തിന്റെ ജീവിക്കുന്ന തെളിവാണ് ഇന്ത്യയുടെ വാക്സിൻ ക്യാംപയിൻ. വാക്സിനേഷൻ പദ്ധതിയിൽ വിവിഐപികൾക്ക് പ്രത്യേക പരിഗണന ലഭിച്ചില്ല. എല്ലാവരെയും തുല്യാരായാണ് കണ്ടത്. ശാസ്ത്രീയമായിരുന്നു രാജ്യത്തിന്റെ വാക്സിനേഷൻ ഡ്രൈവ്.' - മോദി പറഞ്ഞു.