Politics
മിഷന്‍ 2024? അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു; യു.പിയിൽ അങ്കം മുറുക്കാന്‍ എസ്.പി തലവന്‍
Politics

മിഷന്‍ 2024? അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു; യു.പിയിൽ അങ്കം മുറുക്കാന്‍ എസ്.പി തലവന്‍

Web Desk
|
22 March 2022 9:51 AM GMT

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിക്കാതെ പോയതോടെ എം.എൽ.എ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണങ്ങൾ തള്ളിയാണ് അഖിലേഷ് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് മുൻപാകെ രാജിസമർപ്പിച്ചത്

സമാജ്‌വാദി പാർട്ടി(എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിക്കാതെ പോയതോടെ എം.എൽ.എ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണങ്ങൾ തള്ളിയാണ് അഖിലേഷ് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് മുൻപാകെ രാജിസമർപ്പിച്ചത്. അസംഗഢിൽനിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു അദ്ദേഹം.

ഇതാദ്യമായാണ് അഖിലേഷ് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് ജനവിധി തേടിയത്. എസ്.പി തട്ടകമായ മെയിൻപുരിയിലെ കർഹാൽ മണ്ഡലത്തിൽനിനിന്നുള്ള കന്നിയങ്കത്തിൽ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേഷിന് 1,48,196 വോട്ട് ലഭിച്ചപ്പോൾ കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി സ്ഥാനാർത്ഥി എസ്.പി സിങ് ബാഗേലിന് 80,692 വോട്ടാണ് ലഭിച്ചത്. ഇതിനുമുൻപ് ലെജിസ്ലേറ്റീവ് അസംബ്ലി വഴിയായിരുന്നു അഖിലേഷ് യു.പി മുഖ്യമന്ത്രിയായത്.

മുന്നിൽ 2024? യു.പിയില്‍ നേരിട്ടിറങ്ങാൻ അഖിലേഷ്

വലിയ തോതിലുള്ള പ്രചാരണകോലാഹലങ്ങൾക്കൊടുവിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും ഭരണത്തുടർച്ച ലഭിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത്. ആകെ 403 സീറ്റിൽ ബി.ജെ.പി സഖ്യം 273 സീറ്റിലാണ് ജയിച്ചത്.

അതേസമയം, അഖിലേഷിന്റെ നേതൃത്വത്തിൽ എസ്.പി മികച്ച മുന്നേറ്റം തന്നെ കാഴ്ചവച്ചു. 111 സീറ്റ് നേടിയായിരുന്നു പാർട്ടിയുടെ മികച്ച പ്രകടനം. 10 ശതമാനം വോട്ട് ഷെയർ വർധിക്കുകയും ചെയ്തു. 2017ൽ കോൺഗ്രസ് സഖ്യമുണ്ടായിട്ടും നേടിയ 47 സീറ്റിൽനിന്നാണ് എസ്.പിയുടെ കുതിച്ചുചാട്ടം. ബി.ജെ.പിയെ 325 സീറ്റിൽനിന്ന് താഴേക്ക് ചുരുക്കാനും സാധിച്ചു.

തെരഞ്ഞെടുപ്പിൽ എസ്.പി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ അധികാരം പിടിക്കാനായില്ല. ഇതിനാൽ, അഖിലേഷ് നിയമസഭാ അംഗത്വം രാജിവച്ച് ലോക്‌സഭയിൽ തന്നെ സജീവമാകുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ, അത്തരം വിലയിരുത്തലുകളെല്ലാം അപ്രസക്തമാക്കിയാണ് ലോക്‌സഭാ അംഗത്വം രാജിവച്ചത്.

ഉത്തർപ്രദേശിൽ ശക്തമായ പ്രതിപക്ഷമായി പോരാട്ടം ശക്തമാക്കാനാണ് അഖിലേഷിന്റെ പദ്ധതിയെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാകും ആദ്യ നീക്കങ്ങൾ. സംസ്ഥാനത്ത് കൂടുതൽ സജീവമായി ബി.ജെ.പി അടിത്തറ പൊളിക്കുകയാകും അഖിലേഷ് ലക്ഷ്യമിടുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിനൊപ്പം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടാകും ഇനി എസ്.പിയുടെ രാഷ്ട്രീയനീക്കങ്ങൾ.

Summary: Akhilesh Yadav Quits As MP, He Was Elected Uttar Pradesh MLA

Related Tags :
Similar Posts