Politics
പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ? എല്ലാവരും പിണറായിക്ക് പഠിക്കുകയാണോ? - വി.ടി ബല്‍റാം
Politics

പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ? എല്ലാവരും പിണറായിക്ക് പഠിക്കുകയാണോ? - വി.ടി ബല്‍റാം

Web Desk
|
21 Feb 2022 3:52 PM GMT

''വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തതുകൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ; സംഘ്പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികൾ''

തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പ്രതികരണത്തെ വിമർശിച്ച് മുൻ എം.എൽ.എ വി.ടി ബൽറാം. സംഭവത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളും യുവ മന്ത്രിമാരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

കൊലപാതകത്തിൽ സി.പി.എം നേതാവ് നടത്തിയ പ്രതികരണമെന്ന സൂചനയോടെ ഒരു സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ബൽറാമിന്റെ കുറിപ്പ്. ഏതെങ്കിലും കോൺഗ്രസ് നേതാവാണ് പ്രതിഷേധക്കുറിപ്പിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചതെന്ന് വെക്കുക. അതല്ലെങ്കിൽ മനോരമ അടക്കമുള്ള ഏതെങ്കിലും മാധ്യമത്തിന്റെ വാർത്താ തലക്കെട്ടാണ് ഇങ്ങനെയായതെന്ന് വെക്കുക. എന്തായിരിക്കും ഇവിടെ പുകില്!-ബൽറാം ചൂണ്ടിക്കാട്ടി.

സി.പി.എം ബുദ്ധിജീവികളുടെയും സൈബർ വെട്ടുകിളികളുടെയും തെറിവിളി ആറാട്ടായിരിക്കും ഇവിടം മുഴുവൻ. ഇപ്പോഴിതാ ആളുമില്ല, അനക്കവുമില്ല. പ്രതിഷേധമില്ല, പ്രകോപനവുമില്ല. പ്രതികളുടെ പാർട്ടിയുടെ നാടുനീളെയുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂർണസുരക്ഷിതത്വം. നല്ല കാര്യം, കേരളം കുരുതിക്കളമാകാതിരിക്കട്ടെ, ക്രമസമാധാനം ഭദ്രമായിരിക്കട്ടെ, മനുഷ്യർ സൈ്വര്യമായിരിക്കട്ടെ. ഏതായാലും വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തതുകൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ;

സംഘ്പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികളെന്നും ബൽറാം കുറിച്ചു.

ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'തലശ്ശേരി പുന്നോലിലെ സിപിഐ(എം) പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി'

കൂട്ടത്തിലൊരു അന്ത്യാഭിവാദ്യങ്ങളും.

കഴിഞ്ഞു!

ആര് വെട്ടിക്കൊലപ്പെടുത്തി?

അവർക്കുള്ള പ്രേരണയെന്ത്?

പ്രതികളുടെ രാഷ്ട്രീയമെന്ത്?

കേസും വിചാരണയും വിധിയുമൊക്കെ പിന്നാലെ വന്നോട്ടെ, പൊലീസ് എഫ്.ഐ.ആറിലുള്ള വിവരത്തിന്റെയോ പ്രാദേശിക പാർട്ടി നേതാക്കൾ നൽകുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കൾ? യുവ മന്ത്രിമാർ? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ?

ഏതെങ്കിലും കോൺഗ്രസ് നേതാവാണ് പ്രതിഷേധക്കുറിപ്പിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചതെന്ന് വെക്കുക, അതല്ലെങ്കിൽ മനോരമ അടക്കമുള്ള ഏതെങ്കിലും മാധ്യമത്തിന്റെ വാർത്താ തലക്കെട്ടാണ് ഇങ്ങനെയായതെന്ന് വെക്കുക, എന്തായിരിക്കും ഇവിടെ പുകില്! പ്രതികളുടെ രാഷ്ട്രീയം പറഞ്ഞില്ല, പറഞ്ഞെങ്കിൽത്തന്നെ അതിന് ശക്തി പോരാ, വാക്കുകൾക്ക് ആവശ്യത്തിന് ക്വിന്റൽ തൂക്കമില്ല, കുത്തും കോമയും ശരിയല്ല. സിപിഎം ബുദ്ധിജീവികളുടേയും സൈബർ വെട്ടുകിളികളുടേയും തെറിവിളി ആറാട്ടായിരിക്കും ഇവിടം മുഴുവൻ.

ഇപ്പോഴിതാ ആളുമില്ല, അനക്കവുമില്ല. പ്രതിഷേധമില്ല, പ്രകോപനവുമില്ല. പ്രതികളുടെ പാർട്ടിയുടെ നാടു നീളെയുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം. നല്ല കാര്യം, കേരളം കുരുതിക്കളമാകാതിരിക്കട്ടെ, ക്രമസമാധാനം ഭദ്രമായിരിക്കട്ടെ, മനുഷ്യർ സൈ്വര്യമായിരിക്കട്ടെ.

ഏതായാലും വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തത് കൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ; സംഘ്പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ, ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

Summary: Are the CPM and DYFI leaders unable to utter a single word against the accused in Haridasan murder?, Asks VT Balram

Similar Posts