യു.പിയിൽ അവസാനലാപ്പിൽ തിരിച്ചടി; ബി.ജെ.പി എം.പി റിത ബഹുഗുണയുടെ മകൻ എസ്.പിയിൽ
|മായങ്കിന് ലഖ്‌നൗ കന്റോൺമെന്റ് സീറ്റ് നൽകണമെന്ന ആവശ്യവുമായി റിത നേരത്തെ പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു
അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി എം.പിയും മുതിർന്ന നേതാവുമായി റിത ബഹുഗുണ ജോഷിയുടെ മകൻ സമാജ്‌വാദി പാർട്ടി(എസ്.പി)യിൽ ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അസംതൃപ്തനായിരുന്ന റിതയുടെ മകൻ മായങ്ക് ജോഷിയാണ് എസ്.പി അംഗത്വമെടുത്തത്. അസംഗഢിൽ തെരഞ്ഞെടുപ്പ് റാലിയിൽ എസ്.പി നേതാവ് അഖിലേഷ് യാദവാണ് പ്രഖ്യാപനം നടത്തിയത്. മായങ്ക് എസ്.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശരിവച്ചാണ് പ്രഖ്യാപനം. കഴിഞ്ഞ മാസം 22ന് യുവനേതാവിനൊപ്പമുള്ള ഫോട്ടോ അഖിലേഷ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
മായങ്കിന് ലഖ്‌നൗ കന്റോൺമെന്റ് സീറ്റ് നൽകണമെന്ന ആവശ്യവുമായി റിത നേരത്തെ പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. സീറ്റ് നൽകിയില്ലെങ്കിൽ താൻ എം.പി സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ മായങ്ക് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പിന്നീട് അവർ വ്യക്തമാക്കുകയായിരുന്നു.
ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ ആദ്യ ആറുഘട്ടങ്ങളും പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. പത്തിന് ഫലവും പുറത്തുവരും.
Summary: BJP MP Rita Bahuguna Joshi's Son Joins Akhilesh Yadav Party Amid UP Polls