Politics
കോൺഗ്രസ് ഒറ്റ പാർട്ടി; പാർട്ടിക്ക് ഒരൊറ്റ പ്രസിഡന്റ്- സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗുലാം നബി ആസാദ്
Politics

കോൺഗ്രസ് ഒറ്റ പാർട്ടി; പാർട്ടിക്ക് ഒരൊറ്റ പ്രസിഡന്റ്- സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗുലാം നബി ആസാദ്

Web Desk
|
18 March 2022 4:23 PM GMT

പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് രംഗത്തെത്തിയ തിരുത്തൽവാദി നേതാക്കൾ ഗുലാം നബിയുടെ വസതിയില്‍ നിരവധി തവണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നത്

തിരുത്തൽവാദി നേതാക്കളുടെ നേതൃത്വത്തിൽ അതൃപ്തി പുകയുന്നതിനിടെ ജി-23 സംഘത്തിലെ പ്രമുഖൻ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്നു വൈകീട്ട് അഞ്ചരയോടെയാണ് 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ ഗുലാം നബി എത്തിയത്. കോൺഗ്രസ് ഒറ്റ പാർട്ടിയാണെന്നും പാർട്ടിക്ക് ഒരൊറ്റ പ്രസിഡന്റാണ് ഉള്ളതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയും ചെയ്തു.

സോണിയ ഗാന്ധിയുടെ രാജി ആരും ആവശ്യപ്പെട്ടില്ല

തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ജി-23 നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന വിമതനീക്കങ്ങളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണിയ ഗുലാം നബിയെ കണ്ടതെന്നാണ് കരുതപ്പെടുന്നത്. നേതൃമാറ്റത്തെക്കുറിച്ച് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായതിനാൽ സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ അത്തരം ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് ഗുലാം നബി ഇന്ത്യാ ടുഡേയോട് വെളിപ്പെടുത്തി.

നേതൃത്വത്തിന്റെ കാര്യത്തിൽ നേരത്തെ തീരുമാനമായതാണ്. സോണിയ ഗാന്ധി തുടരണം. നേതൃത്വമല്ല പ്രശ്‌നം. സോണിയ ഗാന്ധി രാജിവയ്ക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. മറ്റു ചില നിർദേശങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് കൂടിക്കാഴ്ചയിലുണ്ടായത്-ഗുലാം നബി പറഞ്ഞു.

പ്രവർത്തക സമിതിക്കിടെ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചതാണെന്നും എന്നാൽ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അടുത്ത പ്രസിഡന്റിനെ പ്രവർത്തകർ തെരഞ്ഞെടുക്കും. കോൺഗ്രസ് ഒറ്റ പാർട്ടിയാണ്. പാർട്ടിക്ക് ഒരൊറ്റ പ്രസിഡന്റുമാണ് ഉള്ളത്. ബാക്കിയുള്ളവരെല്ലാം നേതാക്കന്മാരാണ്-ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തോൽവിയും ജി-23 നീക്കവും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് തിരുത്തൽവാദി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബമടക്കം നേതൃത്വത്തിൽനിന്നു മാറിനിൽക്കണമെന്നും എന്നാലേ പാർട്ടിക്ക് തിരിച്ചുവരവിന് സാധ്യതയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്.

മുതിർന്ന നേതാവ് ഗുലാം നബിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം നേതാക്കളുടെ യോഗം നടന്നത്. കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണിശങ്കർ അയ്യർ, ശശി തരൂർ, ജനാർദൻ ദ്വിവേദി, പി.ജെ കുര്യൻ അടക്കമുള്ള കോൺഗ്രസിലെ പ്രബലർ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന വിമതയോഗത്തിൽ പങ്കെടുത്തിരുന്നുവെന്നതാണ് ശ്രദ്ധേയം.

തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലുമെല്ലാം എല്ലാ സ്ഥാനവും ഉപേക്ഷിച്ച് മാറിനിൽക്കാൻ യോഗത്തിൽ സന്നദ്ധത അറിയിച്ചെങ്കിലും ഗാന്ധി കുടുംബത്തോട് കൂറുപുലർത്തുന്ന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും ഇത് തടയുകയായിരുന്നു. ഇതോടെ നേതൃമാറ്റത്തിനുള്ള സാധ്യത വീണ്ടും അടഞ്ഞതോടെ ജി-23 നേതാക്കളും കടുത്ത നിലപാട് തുടരുകയാണ്.

Summary: Congress is one party, there is only one president, says Ghulam Nabi Azad after meeting Sonia Gandhi

Similar Posts