Politics
മിഥാലി രാജ് ബി.ജെ.പിയിലേക്ക്? തെലങ്കാന പിടിക്കാൻ സൂപ്പര്‍ താരങ്ങളെ വലവീശി ജെ.പി നദ്ദ
Politics

മിഥാലി രാജ് ബി.ജെ.പിയിലേക്ക്? തെലങ്കാന പിടിക്കാൻ സൂപ്പര്‍ താരങ്ങളെ വലവീശി ജെ.പി നദ്ദ

Web Desk
|
27 Aug 2022 12:24 PM GMT

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജിനു പുറമെ നടൻ നിതിനുമായും ഇന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്

ഹൈദരാബാദ്: തെലങ്കാനയിൽ ഭരണം പിടിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പര്യടനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഇന്ന് ഹൈദരാബാദിലെത്തിയ നദ്ദ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ്, ജൂനിയർ എൻ.ടി.ആർ നിതിൻ കുമാർ റെഡ്ഡി അടക്കമുള്ള തെലങ്കാനയിലെ സെലിബ്രിറ്റികളുമായികൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.

ഷംഷാബാദ് രാജ്യാന്തര വിമാനത്താവളത്തിനു തൊട്ടടുത്തുള്ള നൊവോട്ടൽ ഹോട്ടലിൽ വച്ചാണ് മിഥാലി-നദ്ദ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ നദ്ദ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ കായികതാരങ്ങൾക്കു ലഭിക്കുന്ന പ്രോത്സാഹനത്തെ താരം അഭിനന്ദിച്ചതായി നദ്ദ കുറിച്ചു. പ്രധാനമന്ത്രി നൽകുന്ന വ്യക്തിപരമായ പിന്തുണയെയും മാർഗനിർദേശങ്ങളെയും മിഥാലി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഥാലിയെ കണ്ട ശേഷം തെലുങ്ക് നടൻ നിതിനുമായും ഇതേ ഹോട്ടലിൽ വച്ച് നദ്ദ കൂടിക്കാഴ്ച നടത്തി. നിതിൻ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ 'തെലങ്കാന ടുഡേ' അടക്കമുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ബി.ജെ.പി തെലങ്കാന അധ്യക്ഷൻ എം.പി ബന്ദി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പദയാത്രയുടെ മൂന്നാംഘട്ടത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജെ.പി നദ്ദ ഇന്ന് സംസ്ഥാനത്തെത്തിയത്. വാറങ്കലിലാണ് വൈകീട്ട് പൊതുസമ്മേളനം നടക്കുന്നത്.



കഴിഞ്ഞ ജൂൺ എട്ടിനാണ് മിഥാലി രാജ് അന്താരാഷ്ട ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം സജീവക്രിക്കറ്റിന്റെ ക്രീസിൽനിന്ന് വിടവാങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് മിഥാലി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വിരമിക്കൽ കുറിപ്പിൽ ബി.സി.സി.ഐക്കും സെക്രട്ടറി ജയ് ഷായ്ക്കും അവർ പ്രത്യേകം നന്ദി പറയുകയും ചെയ്തിരുന്നു.



ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിഥാലി വനിതാ ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ താരം കൂടിയാണ്. 232 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട താരം 50 ശറാശരിയിൽ 7,805 റൺസാണ് വാരിക്കൂട്ടിയത്. 89 ടി20കളിൽനിന്നായി 2,364 റൺസും അടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി 12 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും അടക്കം 699 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം.

Summary: Former Indian cricketer Mithali Raj to join BJP? She meets BJP national president JP Nadda in Hyderabad

Similar Posts