Politics
MV Govindan-Minister V. Abdurahiman-INDvsSL ODI- poor poeple- CPM State Secretary
Politics

'പട്ടിണിപ്പാവങ്ങൾ കളി കാണാൻ വരില്ലല്ലോ'; മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞതിൽ ഒരു പ്രശ്‌നവുമില്ലെന്ന് എം.വി ഗോവിന്ദൻ

Web Desk
|
15 Jan 2023 4:10 PM GMT

പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നായിരുന്നു ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാന്റെ പരാമർശം

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പട്ടിണിപ്പാവങ്ങൾ കളി കാണാൻ പോകില്ലെന്നും മന്ത്രി പറഞ്ഞതിൽ ഒരു പ്രശ്‌നവുമില്ലെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച് അബ്ദുറഹ്മാന്റെ പരാമർശം.

'മന്ത്രിയുടെ വിവാദ പ്രസ്താവനയിൽ ഒരു പ്രശ്‌നവുമില്ല. മാധ്യമങ്ങൾ സൃഷ്ടിച്ച വിവാദമാണത്. പട്ടിണിപ്പാവങ്ങൾ കളികാണാൻ വരില്ലല്ലോ.. അവർക്ക് കളിക്കുള്ള ടിക്കറ്റെടുക്കാൻ പൈസയുണ്ടാകില്ലല്ലോ..'-എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

പട്ടിണിപ്പാവങ്ങൾ ഉൾപ്പെടെയുള്ള പാവപ്പെട്ട മുഴുവൻ മനുഷ്യരും സ്‌പോർട്‌സിൽ, പ്രത്യേകിച്ച് ഫുട്‌ബോളിലൊക്കെ വലിയ താൽപര്യമുള്ളവരാണ്. അവർ വരേണ്ട എന്നല്ല പറഞ്ഞത്. പണമില്ലാത്ത ആളുകൾക്ക് വരാൻ സാധിക്കില്ലല്ലോ എന്ന ദുഃഖമാണ് മന്ത്രി അവതരിപ്പിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചു.

വിനോദ നികുതി കുറക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. നികുതി കുറച്ചുകൊടുത്താലും അതിന്റെ ഇളവ് സാധാരണക്കാരനു കിട്ടില്ലെന്നും സംഘാടകർ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും അബ്ദുറഹ്മാൻ പറഞ്ഞു. ഇന്ന് നടന്ന മത്സരത്തിൽ വളരെ കുറഞ്ഞ ആളുകളാണ് മത്സരം കാണാനെത്തിയിരുന്നത്. 30,000ത്തിലേറെ പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട് സ്റ്റേഡിയത്തിൽ. എന്നാൽ, 20,000ത്തിലേറെ ടിക്കറ്റിൽ 7,000ത്തിനടുത്ത് മാത്രമാണ് വിറ്റുപോയതെന്നാണ് കണക്ക്.

Summary: 'The starving people will not go to watch the cricket matches and there is no problem with what the minister said'; Says CPM State Secretary MV Govindan in the defense of the controversial statement made by Minister V. Abdurahiman

Similar Posts