''കേരളത്തിന്റെ പണം കൊള്ളയടിച്ചാണ് മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിനെ നിയമിക്കുന്നത്; പ്രതിപക്ഷ നേതാവ് അല്ല എന്നെ നിയമിച്ചത്''- അയയാതെ ഗവർണർ
|സർക്കാർ എന്നെ കേൾക്കാൻ തയാറല്ലെങ്കിൽ വിഷയവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഗവര്ണര് വ്യക്തമാക്കി
സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാവിനുമെതിരെ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ മുഴുവൻ മന്ത്രിമാർക്കും 20ലേറെ പേഴ്സനൽ സ്റ്റാഫുകളുണ്ട്. രണ്ടുവർഷത്തിനുശേഷം ഈ പേഴ്സണൽ സ്റ്റാഫ് പിരിഞ്ഞുപോയാൽ മറ്റൊരു സംഘം വരുന്നു. എല്ലാവരും പാർട്ടിക്കാരാണ്. കേരളത്തിന്റെ പണം കൊള്ളയടിക്കുന്നതിന് തുല്യമാണിത്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവർണർ വിമർശിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു ദിവസം മുൻപാണ് പേഴ്സനൽ സ്റ്റാഫ് നിയമനത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചത്. ഞാൻ കേന്ദ്രമന്ത്രിയായയാളാണ്. പത്തോ പതിനൊന്നോ പേഴ്സനൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരമേ എനിക്കുണ്ടായിരുന്നുള്ളൂ. കേരളത്തിൽ എല്ലാ മന്ത്രിമാരും 20ലേറെ പേഴ്സനൽ സ്റ്റാഫിനെ നിയമിക്കുന്നുണ്ട്. രണ്ടു വർഷം ജോലി ചെയ്ത ശേഷം ഇവർ രാജിവയ്ക്കുകയും പിന്നീട് പുതിയ സംഘം ചുമതലയേൽക്കുന്നതുമാണ് ഈ നിയമനത്തിന്റെ രീതി. ഇവരെല്ലാം പാർട്ടി കേഡർമാരാണ്. പാർട്ടി അംഗങ്ങളാണ്. ഇവർ പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതിനു വേണ്ടിയാണ് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത്-ഗവർണർ ചൂണ്ടിക്കാട്ടി.
ഇതൊരു രാഷ്ട്രീയ അഭിപ്രായമാണെങ്കിൽ ആവട്ടെ. എല്ലാവിധ ഭരണഘടനാ നിയമങ്ങൾക്കും മാന്യതയ്ക്കും എതിരാണിത്. കേരളത്തിന്റെ പണം കൊള്ളയടിക്കുന്നതിനു തുല്യമാനണിത്. നിയമത്തിനും ഭരണഘടനയ്ക്കും അനുസരിച്ചാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പാക്കാനാണ്, ഭരണം നടത്താനല്ല ഞാൻ ഗവർണറായി ഇരിക്കുന്നത്. അത് രാഷ്ട്രീയാഭിപ്രായമാണെങ്കിൽ അത് അങ്ങനെത്തന്നെയാകട്ടെ. ഈ വിഷയം മുഖ്യമന്ത്രിയെ ബോധിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. സർക്കാർ എന്നെ കേൾക്കാൻ തയാറല്ലെങ്കിൽ ഇതുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും പകരം മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയിൽനിന്നും രമേശ് ചെന്നിത്തലയിൽനിന്നും പഠിക്കണമെന്നാണ് പ്രതിപക്ഷ നതോവ് വി.ഡി സതീശനോട് ഞാൻ പറഞ്ഞത്. വി.ഡി സതീശൻ പരിചയമില്ലാത്തയാളാണ്. വിനയപൂർവമുള്ള ഉപദേശമാണ് ഞാൻ നൽകിയത്. എന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവിന് അവകാശമില്ല. പ്രതിപക്ഷ നേതാവ് ആണോ എന്നെ നിയമിച്ചത്?-അദ്ദേഹം വിശദീകരിച്ചു.
മന്ത്രി ബാലന്റെ വിമർശനങ്ങളോടും ഗവർണർ പ്രതികരിച്ചു. മന്ത്രി ഇക്കാര്യത്തൽ വിശദീകരിച്ചതാണെന്നും ഗവർണർക്കെതിരെ താൻ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞതാണ്. അത് വളച്ചൊടിക്കരുതെന്നും ഗവർണർ ക്ഷുഭിതനായി പ്രതികരിച്ചു.
Summary: ''Personal staff of ministers is appointed by plundering Kerala's money; I was not appointed by the Leader of the Opposition '', says governor Arif Mohammad Khan