Politics
വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് വോട്ടർമാർ
Politics

'വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട'; ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് വോട്ടർമാർ

Web Desk
|
18 Nov 2022 9:40 AM GMT

രാജ്‌കോട്ടിലാണ് വർഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഹൗസിങ് സൊസൈറ്റികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരിക്കുന്നത്

രാജ്‌കോട്ട്: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയുള്ള ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ച് നാട്ടുകാരുടെ പ്രതിഷേധം. രാജ്‌കോട്ടിൽ ഹൗസിങ് സൊസൈറ്റികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളും സൗകര്യങ്ങളും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധമെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിലെ നാലാമത്തെ വലിയ നഗരമാണ് രാജ്‌കോട്ട്. രാജ്‌കോട്ടിനു തൊട്ടടുത്തുള്ള ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് കൂടിയായ മോട്ട മാവയിലാണ് വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നർമദയ്ക്ക് തൊട്ടടുത്തുള്ള പ്രദേശമായിട്ടും ഇവിടെ പൊതുടാപ്പുകളിൽ കുടിവെള്ളം മുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴും ടാങ്കർ ലോറികളിൽ എത്തുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് ഇവർ കഴിയുന്നത്. അതിനു വലിയ തോതിൽ സ്വന്തമായി പണവും നൽകേണ്ടിവരുന്നു.

എന്നാൽ കുടിവെള്ള, ഭവന, റോഡ് നികുതികളെല്ലാം തങ്ങൾ മുടങ്ങാതെ അടയ്ക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നിട്ടും കുടിവെള്ളം കിട്ടാക്കനിയാണ്. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി കിടക്കുകയാണ്. ഇതിനാൽ ഇനി വോട്ട് ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്നാണ് നാട്ടുകാർ 'ഇന്ത്യ ടുഡേ'യോട് പ്രതികരിച്ചത്. വീടുകൾക്ക് മുന്നിൽ ആരും വോട്ട് ചോദിച്ച് വരേണ്ടെന്ന് ചൂണ്ടിക്കാട്ടി ബാനറുകളും നോട്ടീസുകളും പതിക്കുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 25ഓളം ഹൗസിങ് സൊസേറ്റികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 20,000ത്തിലേറെ വോട്ടർമാർ ഇവിടെയുണ്ടെന്നാണ് കണക്ക്. അടുത്ത ദിവസം തന്നെ നാട്ടുകാരെ കണ്ട് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ ലക്ഷഭായ് ചാനലിനോട് പ്രതികരിച്ചത്. നാട്ടുകാരുടെ പരാതി പരിഹരിക്കുമെന്ന് പുതിയ ബി.ജെ.പി സ്ഥാനാർത്ഥി ഭാനുബെൻ ബബാറിയയും അറിയിച്ചു.

Summary: Voters in Mota Mava, Rajkot, declare Gujarat assembly election boycott as they struggle for drinking water

Similar Posts