'പിന്തുണച്ചവരെ വഞ്ചിക്കാനാവില്ല': അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ശശി തരൂര്‍
|മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടത് സാധാരണ പാർട്ടി പ്രവർത്തകർ
നാഗ്പൂർ: പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി ശശി തരൂർ എം.പി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ല. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
"ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുമായും (സോണിയ, രാഹുല്‍, പ്രിയങ്ക) ഞാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും അങ്ങനെയൊരു സ്ഥാനാർഥിയുണ്ടാകില്ലെന്നും അവർ എന്നോട് പറഞ്ഞിരുന്നു. നീതിയുക്തമായ തെരഞ്ഞെടുപ്പാണ് അവർ ആഗ്രഹിക്കുന്നത്. ഗാന്ധി കുടുംബം നിഷ്പക്ഷരാണ്. കൃത്യമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നുണ്ട് . പാർട്ടി അധ്യക്ഷ ഉറപ്പുനൽകിയ കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല"- ശശി തരൂര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എതിരില്ലാതെ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യത്തിന് ശശി തരൂരിന്‍റെ മറുപടിയിങ്ങനെ- "എന്നിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളെ വഞ്ചിക്കാന്‍ കഴിയില്ല. അവരെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല"- തരൂർ പറഞ്ഞു.
മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടത് സാധാരണ പാർട്ടി പ്രവർത്തകരാണെന്ന് തരൂര്‍ വിശദീകരിച്ചു. കോൺഗ്രസിലെ സാധാരണ പ്രവർത്തകർ പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവരാണ്. അവരുടെയും യൂത്ത് കോൺഗ്രസിന്റെയും ശബ്ദമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായാൽ പാർട്ടിയിൽ അധികാര വികേന്ദ്രീകരണം നടത്തുമെന്നും താഴെതട്ടു മുതലുള്ള പ്രവർത്തകരെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ പ്രിയപ്പെട്ട സ്ഥാനാർഥി ഖാർഗെയാണോ എന്ന ചോദ്യത്തിന് ഇത് സഹപ്രവർത്തകർ തമ്മിലുള്ള തെരഞ്ഞെടുപ്പാണെന്നും ശത്രുതയോ യുദ്ധമോ ഇതിലില്ലെന്നും സൗഹൃദ മത്സരമാണെന്നും തരൂര്‍ മറുപടി നൽകി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂരും പാർട്ടിയിലെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുമാണ് മത്സരരംഗത്തുള്ളത്.
പാർട്ടിയുടെ എല്ലാ തലങ്ങളിലും സംഘടനാപരമായ പുനഃസംഘടനയും തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട ജി-23 ഗ്രൂപ്പിന്റെ ഭാഗമായിരുന്ന തരൂര്‍ വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ബിആർ അംബേദ്കർ തന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി സ്മാരകം സന്ദർശിച്ച് തരൂര്‍ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ആരംഭിച്ചു. ഒക്‌ടോബർ എട്ട് വരെ നാമനിർദേശ പത്രിക പിൻവലിക്കാം. അന്നേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്ത് വിടും.
പാർട്ടി പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സെപ്തംബർ 24 മുതൽ 30 വരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.വോട്ടെടുപ്പ് ഒക്‌ടോബർ 17നും വോട്ടെണ്ണൽ ഒക്‌ടോബർ 19നും നടക്കും. അന്നുതന്നെ ഫലം പ്രഖ്യാപിക്കും. തരൂര്‍ ഇന്നു രാവിലെ ഒന്‍പതിന് വാർധയിലെ മഹാത്മാഗാന്ധിയുടെ സേവാഗ്രാം ആശ്രമം സന്ദർശിച്ചതിന് ശേഷം പാവ്‌നാറിലെ വിനോബ ഭാവെയുടെ ആശ്രമത്തിലേക്ക് പോകും. ഉച്ചയ്ക്ക് 12.45 ഓടെ നാഗ്പൂരിലേക്ക് മടങ്ങുന്ന അദ്ദേഹം മുതിർന്ന കോൺഗ്രസ് നേതാക്കള്‍, പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് അംഗങ്ങള്‍, പ്രവർത്തകര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. നാഗ്പൂർ സന്ദർശനത്തിടെ തരൂരിന്‍റെ "അംബേദ്കർ: എ ലൈഫ്" എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.