എതിർ ക്യാപ്റ്റനാര്? പ്രതിപക്ഷത്ത് ശീതയുദ്ധം, പന്ത് ഹൈക്കമാന്റിന്റെ കോര്‍ട്ടില്‍
|പുതിയൊരെതിരാളി ഉദയം ചെയ്യുന്നതൊഴിവാക്കാൻ രമേശിനെ പിന്തുണക്കാമെന്നതാണ് എ ഗ്രൂപ്പ് മാനേജർമാരുടെ കണക്കുകൂട്ടൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാമൂഴത്തിന് വ്യാഴാഴ്ച അനന്തപുരിയിൽ കൊടിയുയരുകയാണ്. പൊടിപാറിയ വിജയത്തിന്റെ പൊൻശോഭയിൽ പിണറായി തേര് തെളിക്കാനിറങ്ങുമ്പോൾ എതിർപാളയത്തിലെ പടനായകനാരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. നാൽപ്പത്തിയൊന്നംഗ പ്രതിപക്ഷ സംഘ നായകന്റെ പടച്ചട്ട അണിയാനുള്ള നിയോഗം ഇത്തവണയും രമേശ് ചെന്നിത്തലക്ക് തന്നെയാകുമോ? മഹായുദ്ധത്തിൽ ആയുധംവച്ച് കീഴടങ്ങേണ്ടിവന്നുവെങ്കിലും നായകക്കുപ്പായം അഴിച്ചുവെക്കാൻ രമേശ് ഒരുക്കമല്ല. യുദ്ധവിജയത്തിനായി അഹോരാത്രം പണിയെടുത്ത രമേശിനൊപ്പം സേനാവ്യൂഹം ഒന്നടങ്കം നീങ്ങാത്തതാണ് തോൽവിക്ക് കാരണമെന്ന് അടുപ്പക്കാർ പാളയത്തിൽ അടക്കംപറയുന്നുണ്ട്.
ബ്രൂവറി ഡിസ്റ്റിലറി, സ്പ്രിൻങ്ക്‌ലർ , പന്പാ മണൽ വാരൽ ,ആഴക്കടൽ മത്സ്യ ബന്ധനം, വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്, തുടങ്ങിയ രമേശിന്റെ പടക്കോപ്പുകളെല്ലാം മാരക പ്രഹരശേഷിയുള്ളവ തന്നെയായിരുന്നു. പിന്തിരിഞ്ഞോടാൻ സർക്കാരിനെ നിർബന്ധിതമാക്കിയ വജ്രായുധങ്ങൾ അദ്ദേഹം പലകുറി തൊടുത്തു. അതുകൊണ്ട് തന്നെ വീണ്ടുമൊരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് രമേശ് ഹൈക്കമാൻഡിനോട് ആണയിടുന്നു. പക്ഷെ രമേശിന്റെ പോരാട്ടശേഷിയിൽ വിശ്വാസം പോരാത്തവരുടെ എണ്ണം സ്വന്തം പാളയത്തിൽ പോലും കൂടുന്നുവെന്നതാണ് വെല്ലുവിളി. അപ്രതീക്ഷിതമായി എ ഗ്രൂപ്പിന്റെ പിന്തുണ കിട്ടുന്നു എന്നത് രമേശിന് ലോട്ടറിയാണെന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ രമേശിനെ മാറ്റുക അത്രയെളുപ്പമാകില്ല.
പുതിയൊരെതിരാളി ഉദയം ചെയ്യുന്നതൊഴിവാക്കാൻ രമേശിനെ പിന്തുണക്കാമെന്നതാണ് എ ഗ്രൂപ്പ് മാനേജർമാരുടെ കണക്കുകൂട്ടൽ. ഗ്രൂപ്പുകളുടെ താൽപര്യവഴികളിലൂടെ സഞ്ചരിക്കാനിഷ്ടമില്ലാത്ത 'തന്നിഷ്ടക്കാരനായ' വി.ഡി സതീശനേക്കാളും അവർക്ക് നല്ലത് രമേശ് തന്നെ. വീതംവെപ്പെങ്കിലും പരിക്കില്ലാതെ നടത്തിയെടുക്കാം. എന്നാൽ എ ഗ്രൂപ്പിലെ യുവതുർക്കികൾക്ക് രമേശിനോട് അത്രക്ക് ഇഷ്ടമില്ല.
ഇനി സതീശൻ യുഗം?
പടനയിക്കാൻ പറവൂർ ദേശത്തുനിന്ന് സതീശൻ വരട്ടെയെന്ന് പറയുന്നവരാണ് പടയാളികളിലേറെയും. യുദ്ധസംഘത്തിന് പുതിയ മുഖവും നിറവും വരണമെന്നാണ് അവരുടെ മോഹം. 2016-ൽ ഭരണം കൈവിട്ട ഉമ്മൻചാണ്ടി നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന മാതൃകയും അവർ രമേശ് ചെന്നിത്തലക്ക് മുന്നിൽ വക്കുന്നു. ഹൈക്കമാൻഢിന്റെ ഉള്ളിലിരിപ്പും അതുതന്നെയാണ്. പക്ഷെ അഞ്ചാണ്ട് വിയർപ്പൊഴുക്കിയ ചെന്നിത്തലയെന്ന വൻമരത്തെ എങ്ങനെ പിഴുതുമാറ്റുമെന്നത് ഹൈക്കമാൻഡിന് മുന്നിലെ ചെറിയ പ്രതിസന്ധിയല്ല. ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുകയാണ് അവരുടെ പോംവഴി.
തിരുവഞ്ചൂരോ ?
21 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ടു പ്രധാനികളാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും പി ടി തോമസും. ഇതിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാൽ സീനിയർ
തിരുവഞ്ചൂർ തന്നെയാണ്. ഹൈക്കമാൻിന് മുന്നിലുള്ള മൂന്ന് പേരുകളിൽ ഒന്ന് തിരുവഞ്ചൂരിന്റേതാണ്. എന്നാൽ കരുത്തുറ്റ മുഖവുമായി രണ്ടാം തവണ വന്ന പിണറായി സർക്കാരിനെ പ്രതിരോധിക്കാൻ തിരുവഞ്ചൂരിന് കഴിയുമോ എന്ന ചോദ്യവും നേതൃത്വത്തിന് മുന്നിലുണ്ട്. തിരുവഞ്ചൂരിനെ പ്രതിപക്ഷ നേതാവായി അവതരിപ്പിച്ചാൽ തലമുറമാറ്റം വേണമെന്ന യൂത്ത് കോൺഗ്രസ് വികാരത്തെ പാർട്ടിക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിവരും.
സ്ഥാനാർഥി പട്ടികയിൽ യൂത്തിന് പരിഗണന നൽകി, തലമുറമാറ്റമെന്ന വലിയ യജ്ഞത്തിന് ഹൈക്കമാന്റ് തുടക്കം കുറിച്ച സാഹചര്യത്തിൽ തിരുവഞ്ചൂരിനെ മുൻനിർത്തി ഒരു കളിക്ക് ഹൈക്കമാന്റിന് മുതിരാൻ സാധ്യത തീരെ കുറവാണ്.
പാർട്ടിക്കുള്ളിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് ഒരു വിഭാഗം ശക്തമായി തന്നെ വാദിക്കുന്നുണ്ട്. എം.എൽ.എമാരെ ഒറ്റക്കൊറ്റക്ക് നേരിൽ കണ്ട ഹൈക്കമാന്റ് പ്രതിനിധികളുടെ മുന്നിൽ ഉന്നയിക്കപ്പെട്ട നിർദേശങ്ങളുടെ ആകത്തുകയും പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും നേതൃമാറ്റം വേണമെന്നതുതന്നെ. പാർട്ടിക്ക് അകത്തും പുറത്തും പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും പന്ത് ഇപ്പോഴും ഹൈക്കമാന്റിന്റെ കോട്ടിൽ തന്നെയാണ്.അ