Politics
ഈ മന്ത്രിസഭയിൽ രണ്ടാമനാര്? എന്തുകൊണ്ട്?
Politics

ഈ മന്ത്രിസഭയിൽ രണ്ടാമനാര്? എന്തുകൊണ്ട്?

Web Desk
|
19 May 2021 11:24 AM GMT

മുതിർന്ന അംഗങ്ങൾക്ക് അപ്രധാന വകുപ്പുകൾ, സുപ്രധാന വകുപ്പുകളിൽ പുതുമുഖങ്ങൾ... വകുപ്പു വിഭജനത്തിലൂടെ മന്ത്രിസഭയിലെ രണ്ടാമന്റെ വഴിയടഞ്ഞതിങ്ങനെ

ഏത് സർക്കാർ അധികാരത്തിൽ വരുമ്പോഴും ഉയരുന്ന ചർച്ചയാണ് മുഖ്യമന്ത്രിക്ക് ശേഷം മന്ത്രിസഭയിലെ രണ്ടാമനാരായിരിക്കും എന്നത്. പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണ് സാധാരണ ഈ വിശേഷണത്തിന് അർഹരാകാറുള്ളത്. അത് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവോ അല്ലെങ്കിൽ ഭരണ മുന്നണിയിലെ ഏറ്റവും മുതിർന്ന നേതാവോ ആയിരിക്കും. കേരളത്തിൽ അധികാരത്തിൽ വന്ന എല്ലാ മന്ത്രിസഭകളിലും ഇത്തരത്തിലൊരാളെ ചൂണ്ടിക്കാട്ടാനുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാറിനെ നയിക്കുകയും നിലപാടുകൾ വിശദീകരിക്കുകയും തീരുമാനങ്ങൾ അറിയിക്കുകയും ചെയ്യുകയെന്ന ചുമതലയും സാധാരണ ഈ രണ്ടാമനാണ് നിർവഹിക്കുക.

ഒന്നാം പിണറയി സർക്കാറിന്റെ കാലയളവിൽ മുഖ്യമന്ത്രി വിദേശ പര്യടനത്തിന് പോയത് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മറ്റാർക്കും ചുമതല കൈമാറാതെ മുഖ്യമന്ത്രി വിദേശത്ത് പോയതിനാൽ ഭരണ സ്തംഭനമുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇങ്ങനെ ചുമതല കൈമാറണമെന്ന് ചട്ടമില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇതിനെ ഭരണപക്ഷം പ്രതിരോധിച്ചത്. മുഖ്യന്ത്രി സ്ഥലത്തില്ലാത്ത സമയത്ത് ഫയലുകൾ ഇലക്ട്രോണിക് സംവിധാനം വഴി അയച്ചുകൊടുത്ത് തീരുമാനം എടുക്കുന്നുണ്ടെന്നും ഫിസിക്കൽ ഫയലുകൾ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുന്നുണ്ടെന്നും സർക്കാർ അന്ന് വിശദീകരിച്ചു. ചുമതല കൈമാറിയിരുന്നെങ്കിൽ ഇതൊരു ചർച്ചാ വിഷയംപോലും ആകുമായിരുന്നില്ല.

ഈ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഇത്തവണത്തെ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ കൗതുകകരമായ ചില സൂത്രവാക്യങ്ങൾ ഉള്ളടങ്ങിയതായി കാണാം. സി.പി.എമ്മിലെ പാർട്ടി വദവികൾ പരിഗണിച്ചാൽ മന്ത്രിസഭയിലെ മുതിർന്ന അംഗം കെ രാധാകൃഷ്ണനാണ്. തൊട്ടുതാഴെ എം.വി ഗോവിന്ദനും. കേന്ദ്രകമ്മിറ്റിയിലെ സീനിയോറ്റിയാണ് ഇവരുടെ പാർട്ടിയിലെ സ്ഥാനം നിർണയിക്കുന്നത്. എന്നാൽ ഇരുവർക്കും നൽകിയത് താരതമ്യേന ചെറിയ വകുപ്പുകളാണ്. മന്ത്രിയും സ്പീക്കറുമായി മുൻ പരിചയമുള്ള കെ. രാധാകൃഷ്ണന് ദേവസ്വം, പിന്നാക്ക ക്ഷേമം എന്നീ താരതമ്യേന ചെറിയ വകുപ്പുകളാണ് ലഭിച്ചത്. എം.വി ഗോവിന്ദന് ലഭിച്ച വകുപ്പുകൾ പൊതു ഭരണ നിർവഹണത്തിൽ പ്രത്യേക പങ്ക് വഹിക്കാൻ അവസരം നൽകുന്നതുമല്ല.

ഭരണത്തിൽ കൂടുതൽ പങ്കാളിത്തവും അധികാരവും ലഭിക്കുക ധനമന്ത്രിക്കാണ്. എന്നാൽ ധന വകുപ്പ് നൽകിയത് താരതമ്യേന പാർട്ടിയിൽ ജൂനിയറായ സംസ്ഥാന കമ്മിറ്റി അംഗം മാത്രമായ ബാലഗോപാലിനാണ്. വ്യവസായവും മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗത്തിന് തന്നെ - പി രാജീവ്.

ധനം, വ്യവസായം, വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയവയിൽ ഏതെങ്കിലും വകുപ്പ് കെ. രാധാകൃഷ്ണനോ എം.വി ഗോവിന്ദനോ ലഭിച്ചിരുന്നെങ്കിൽ മന്ത്രിസഭയിലെ രണ്ടാമനെന്ന പദവിയിലേക്ക് അവർ സ്വാഭാവികമായി എത്തിച്ചേരുമായിരുന്നു. ആ വഴി വകുപ്പ് വിഭജനത്തിലൂടെ അടച്ചു. കഴിഞ്ഞ സർക്കാറിൽ കേന്ദ്ര കമ്മറ്റി അംഗങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളിലൊന്നുപോലും ഇത്തവണ അതേ സംഘടനാപദവി വഹിക്കുന്നവർക്ക് നൽകിയിട്ടില്ല. കെ കെ ശൈലജയുടെ ആരോഗ്യ വകുപ്പ് നൽകിയത് വീണ ജോർജിനും ജി സുധാകരൻ ഭരിച്ചിരുന്ന പൊതുമരാമത്ത് നൽകിയത് മുഹമ്മദ് റിയാസിനും. ഇരുവരും മന്ത്രിസഭയിലെ ഏറ്റവും ജൂനിയർ അംഗങ്ങൾ.

പുതിയ മന്ത്രിസഭയിൽ രണ്ടാമത്തെയാളാകും എന്ന് പ്രതീക്ഷിച്ചിരുന്ന കെ.കെ ശൈലജയെ ഒഴവാക്കിയാണ് മന്ത്രിസഭ തന്നെ രൂപീകരിച്ചത്. രണ്ടാമനെന്ന വിശേഷണത്തിന് അർഹനാകുന്ന ഒരാൾ പാർട്ടി പദവിക്കൊത്ത വകുപ്പുമായി ഈ മന്ത്രിസഭയിലുണ്ടാകില്ല എന്നുറപ്പാക്കുന്നതാണ് ഇത്തവണത്തെ വകുപ്പ് വിഭജനം. ചട്ടപ്രകാരം രണ്ടാമൻ എന്നൊരു സങ്കൽപമില്ലെന്ന വാദം പോലും ഇക്കുറി ഉന്നയിക്കേണ്ടിവരില്ല.

Similar Posts