കോൺഗ്രസ് പുനഃസംഘടനയിൽ ജയിക്കുമോ സുധാകരൻ-സതീശൻ കൂട്ടുകെട്ട്? ആശയക്കുഴപ്പം തീർത്ത് ഗ്രൂപ്പ് ലോബികൾ
|ഭാരവാഹികളെ നിശ്ചയിക്കുന്നതും ഒഴിവാക്കുന്നതും മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് പട്ടിക വന്ന ശേഷം അണികൾക്ക് തോന്നിയില്ലെങ്കിൽ പ്രതിസന്ധി ഇനിയുമുണ്ടാകും. മെറിറ്റുണ്ടെന്ന് അണികൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ ഗ്രൂപ്പ് ലോബികൾ നിരാശപ്പെട്ടാലും കുഴപ്പമില്ലെന്ന നിലപാടും നേതൃത്വത്തിനുണ്ട്
എൽ.ഡി.എഫിന്റെ തുടർഭരണത്തെ തുടർന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഷ്ട്രീയം കോൺഗ്രസിന്റെ തകർച്ചയും യു.ഡി.എഫിന്റെ ശൈഥില്യവുമായിരുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്കും പലരും പ്രവചിച്ചു. ഹൈക്കമാൻഡിന്റെ യുക്തിപൂർവമായ രാഷ്ട്രീയതീരുമാനം കൂടുതൽ തകർച്ചയിൽനിന്ന് കോൺഗ്രസിനെ താങ്ങിനിർത്തുന്ന നീക്കമായി മാറി.
വി.ഡി സതീശൻ പ്രതിപക്ഷ നേതാവും കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റുമായുള്ള കോമ്പിനേഷൻ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. അണികളിൽ ആവേശമുണ്ടാക്കാനും നേതൃത്വത്തിൽ വിശ്വാസം തിരിച്ചുകൊണ്ടുവരാനും ഈ തീരുമാനത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുറിവുകളുണക്കി കോൺഗ്രസ് സജ്ജമാവുന്നുവെന്ന തോന്നൽ അന്തരീക്ഷത്തിലുണ്ടായി.
പുതിയ ഡി.സി.സി പ്രസിഡന്റുമാരെയും കെ.പി.സി.സി ഭാരവാഹികളെയും നിയമിച്ച് കെ.സുധാകരൻ-വി.ഡി സതീശൻ അച്ചുതണ്ട് തങ്ങളുടെ ആദ്യ റൗണ്ട് മികച്ച രീതിയിൽ പൂർത്തിയാക്കി. സി.യു.സികൾ പ്രവർത്തകരിൽ വലിയ ആവേശമാണ് നിറച്ചത്. വർഷങ്ങളായി കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിച്ച ഗ്രൂപ്പുകൾ പലപ്പോഴും പരാതികളുന്നയിക്കാൻ പോലും ആത്മവിശ്വാസമില്ലാതെ കാഴ്ചക്കാരായി മാറി. എങ്കിലും അവർ വെറുതെയിരുന്നില്ല.
സുധാകരൻ-സതീശൻ കൂട്ടുകെട്ടും ഗ്രൂപ്പ് മാനേജർമാരും
ശാഖാതട്ടിലുള്ള പ്രവർത്തനമല്ല, ഗ്രൂപ്പാണ് വലുത് എന്ന് ഉറച്ചുവിശ്വസിക്കുന്ന ലോബി അവസരം കാത്തിരുന്നു. ഡി.സി.സി, ബ്ലോക്ക് പ്രസിഡന്റ് പുനഃസംഘടന വീണുകിട്ടിയ അവസരമാക്കി. കെ. സുധാകരൻ-വി.ഡി സതീശൻ കൂട്ടുകെട്ട് തകരാനിടയാക്കുന്ന പ്രതിബന്ധങ്ങളും വാർത്തകളും തലപൊക്കിത്തുടങ്ങി. ഗ്രൂപ്പുള്ളവരെയും ഇല്ലാത്തവരെയും ഉൾക്കൊള്ളുക, മെറിറ്റിന് മുൻതൂക്കം നൽകുക, ഭാരവാഹികളുടെ എണ്ണം കുറച്ച് സമയബന്ധിതമായി പുനഃസംഘടന പൂർത്തിയാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് പുതിയ നേതൃത്വം അകലുന്നുവെന്ന തോന്നലുണ്ടാക്കാനും ഗ്രൂപ്പ് ലോബികൾക്ക് കഴിഞ്ഞു.
കെ. സുധാകരന്റെ ഉറച്ച അനുയായികളെന്ന പേരിൽ കെ.പി.സി.സി ഭാരവാഹികളായവരിൽ ചിലർക്കെങ്കിലും ശൈലി മാറ്റത്തെക്കാൾ പഥ്യം മുൻ ഗ്രൂപ്പ് മേധാവികളുടെ താൽപര്യങ്ങളായിരുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ടു വഴിക്കാണെന്ന പ്രചാരവേലകൾ അതോടെ ലോബികൾക്ക് എളുപ്പമായി. കെ. സുധാകരനെ മുൻനിർത്തി ഡി.സി.സി പട്ടികയിൽ പരമാവധി സ്വന്തക്കാരെ കുത്തിനിറക്കാൻ ചില ഭാരവാഹികൾ ശ്രമിച്ചുവെന്ന പ്രതീതി ശക്തമായി. ഇതോടെ ഭാരവാഹികളുടെ പേരുകളിൽ പലതും അപ്രധാനവും പഴയ ഗ്രൂപ്പ് മാനേജർമാർക്ക് വേണ്ടിയുള്ളതാണെന്നും എം.പിമാരടക്കമുള്ളവർ പരാതിപ്പെടുന്ന സ്ഥിതിയുണ്ടായി. അരികിലേക്ക് മാറിനിൽക്കേണ്ടി വന്ന രമേശ് ചെന്നിത്തല അടക്കമുള്ള ചിലർക്കും ഇപ്പോഴത്തെ പ്രതിസന്ധിയിൽ കാര്യമായ പങ്കുണ്ട്.
പ്രതിസന്ധികൾ മറികടക്കാനാകുമോ?
ഡി.സി.സി പ്രസിഡന്റ്-കെ.പി.സി.സി ഭാരവാഹി നിയമനങ്ങളിലും പുതിയ പുനഃസംഘടനയിലും സ്വന്തം നിലയിൽ പേരുകൾ ഉയർത്തുന്ന സമീപനം വി.ഡി സതീശൻ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും കരുവാക്കി പേരുകളയുർത്തുന്നത് തങ്ങൾ മുന്നോട്ടുവയ്ക്കുന്ന പുതിയ രാഷ്ട്രീയശൈലിയോട് ചെയ്യുന്ന അനീതിയാണെന്നാണ് സതീശന്റെ നിലപാട്. കെ. സുധാകരനും അതിനോട് യോജിപ്പാണ്.
ചരിത്രത്തില്ലാത്തവണ്ണം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാർട്ടിയെയും മുന്നണിയെയും രക്ഷിക്കാൻ ചുമതലപ്പെട്ടവർ എന്ന നിലയിൽ ഒരേമനസ്സോടെ പോകാൻ ഉറച്ച തീരുമാനമെടുത്ത ഇരുവരും പ്രതിസന്ധികളെ അനായാസം മറികടക്കുമെന്ന് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെയാണ് പ്രശ്‌നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കട്ടെയെന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചത്. കെ. സുധാകരനും വി.ഡി സതീശനും തമ്മിൽ തുടർച്ചയായി നടത്തിയ ചർച്ചയോടെ പുനഃസംഘടനാ നടപടികൾ ട്രാക്കിൽ കയറിയെങ്കിലും ഒരാഴ്ചത്തെ ആശയക്കുഴപ്പം പ്രവർത്തകരിൽ ആശങ്കയുണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്.
കാര്യക്ഷമത മാനദണ്ഡമാക്കി കെ. സുധാകരൻ സംഘടന അഴിച്ചുപണിയുന്നുവെന്ന വിശ്വാസമാണ് അണികൾക്കുള്ളത്. അതുകൊണ്ട് തന്നെ നിർജീവമായിരുന്ന പലരും താഴേതട്ടിൽ സജീവമാകാനും തുടങ്ങി. സി.യു.സി രൂപീകരണത്തിൽ ഗ്രൂപ്പ് താൽപര്യം നോക്കി ചില മണ്ഡലം പ്രസിഡന്റുമാർ ഇടപെടുന്ന ഘട്ടത്തിൽ നേരിട്ട് ഡി.സി.സി ഓഫീസുകളിൽ പട്ടിക സമർപ്പിക്കാൻ ധൈര്യം കാണിച്ച ബൂത്ത് പ്രസിഡന്റുമാർ പോലുമുണ്ട്. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും ഡി.സി.സി ഭാരവാഹി സ്ഥാനവും നിലനിർത്താൻ നെട്ടോട്ടമോടുന്ന നേതാക്കളും നിരവധിയാണ്.
ഭാരവാഹികളെ നിശ്ചയിക്കുന്നതും ഒഴിവാക്കുന്നതും മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന് പട്ടിക വന്ന ശേഷം അണികൾക്ക് തോന്നിയില്ലെങ്കിൽ പ്രതിസന്ധി ഇനിയുമുണ്ടാകും. മെറിറ്റുണ്ടെന്ന് അണികൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ ഗ്രൂപ്പ് ലോബികൾ നിരാശപ്പെട്ടാലും കുഴപ്പമില്ലെന്ന നിലപാടും നേതൃത്വത്തിനുണ്ട്. കാരണം ഗ്രൂപ്പിന്റെ പേരിൽ മാത്രം നിർഗുണരായ നിരവധി പേരെ മണ്ഡലം കമ്മിറ്റി മുതൽ മുകളിലേക്ക് അണികൾ ചുമക്കുന്ന സാഹചര്യമുണ്ട്. അതിനാൽ സതീശൻ-സുധാകരൻ കൂട്ടുകെട്ടിന് കാര്യങ്ങൾ ശരിയായി ചെയ്യാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ലെന്ന് ഉറപ്പാണ്.