'നോയ്ഡ അന്ധവിശ്വാസം' പൊളിച്ച് യോഗി; റെക്കോർഡുകളും തിരുത്തിക്കുറിച്ച് തേരോട്ടം
|വ്യവസായികൾക്ക് നോയ്ഡ ഒരു ഭാഗ്യനഗരമാണെങ്കിൽ രാഷ്ട്രീയക്കാർക്ക് അങ്ങനെയല്ലെന്നൊരു വിശ്വാസമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ നോയ്ഡ സന്ദർശിച്ച ഒരാൾക്കും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല, അല്ലെങ്കിൽ ഭരണകാലാവധി പൂർത്തിയാക്കാനാകില്ല എന്നാണ് ആ വിശ്വാസം
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രചാരമുള്ള അന്ധവിശ്വാസമാണ് 'നോയ്ഡ നിർഭാഗ്യം'. രാജ്യതലസ്ഥാനമായ ഡൽഹിക്കും യു.പിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന വ്യാവസായിക-ഐ.ടി നഗരമാണ് നോയ്ഡ. ഒരുവിധത്തിലുള്ള ബഹുരാഷ്ട്ര കുത്തകകമ്പനികൾക്കും രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്കുമെല്ലാം നോയ്ഡയിൽ ഒരു ഓഫീസുണ്ടാകും.
എന്നാൽ, വ്യവസായികൾക്ക് നോയ്ഡ ഒരു ഭാഗ്യനഗരമാണെങ്കിൽ രാഷ്ട്രീയക്കാർക്ക് അങ്ങനെയല്ലെന്നൊരു അന്ധവിശ്വാസമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ നോയ്ഡ സന്ദർശിച്ച ഒരാൾക്കും അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. അല്ലെങ്കിൽ ഭരണകാലാവധി പൂർത്തിയാക്കാനാകില്ല. ഇതാണ് നോയ്ഡ നിർഭാഗ്യം എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ, 2018 ഡിസംബർ 25ന് ഈ വിശ്വാസങ്ങളെയെല്ലാം കാറ്റിൽപറത്തിയാണ് യോഗി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡൽഹി മെട്രോയുടെ മജെന്ത ലൈൻ ഉദ്ഘാടനത്തിനു പോയത്.
യോഗിയും മോദിയും അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് അന്ന് അഖിലേഷിന്റെ പ്രതികരണവും വന്നിരുന്നു. എന്നാൽ, ആദ്യം മോദിയും ഇപ്പോൾ യോഗിയും ഉജ്വല വിജയത്തിലൂടെ നോയ്ഡ നിർഭാഗ്യമെന്ന അന്ധവിശ്വാസം തകർത്തുകളഞ്ഞിരിക്കുകയാണ്.
ഗൊരക്പൂർ അർബൻ സീറ്റിലാണ് യോഗിയുടെ മിന്നും വിജയം. 1,01,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ എസ്.പിയുടെ ശുഭവതി ദത്ത് ഉപേന്ദ്ര ശുക്ലയെ പരാജയപ്പെടുത്തിയത്.
കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച
1952 മെയ് 20നാണ് യു.പിയിൽ ആദ്യ സർക്കാർ അധികാരമേൽക്കുന്നത്. ഇതിനുശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ സംസ്ഥാനം 21 മുഖ്യമന്ത്രിമാരെ കണ്ടു.
എന്നാൽ, അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച നേടുന്ന ഒരു മുഖ്യമന്ത്രിയും ഇത്രയും കാലമുണ്ടായിരുന്നില്ല. ആ റെക്കോർഡാണ് ഇപ്പോൾ യോഗി ആദിത്യനാഥ് തിരുത്തിയിരിക്കുന്നത്. കോൺഗ്രസ്, എസ്.പി, ബി.എസ്.പി നേതാക്കൾക്കൊന്നും സ്വന്തമാക്കാനാകാത്തൊരു നേട്ടം അങ്ങനെ യോഗി സ്വന്തം പേരിലാക്കി.
തുടർഭരണത്തിൽ അഞ്ചാമൻ; കഴിഞ്ഞ 37 വർഷത്തിനിടെ ആദ്യം
യോഗി ഉൾപ്പെടെ അഞ്ചു മുഖ്യമന്ത്രിമാർക്ക് മാത്രമാണ് യു.പിയിൽ തുടർച്ചയായി അധികാരം ലഭിച്ചിട്ടുള്ളത്. ഇതിനുമുൻപ് കോൺഗ്രസിന്റെ സമ്പൂർണാനന്ദ(1957), ചന്ദ്രബാനു ഗുപ്ത(1962), എച്ച്.എൻ ബഹുഗുണ(1974), കോൺഗ്രസ്-തിവാരി കോൺഗ്രസ് നേതാവ് നാരായൺ ദത്ത് തിവാരി(1985) എന്നിവർക്കാണ് ഇതിനുമുൻപ് ഭരണത്തുടർച്ച ലഭിച്ചത്.
ഇവരിൽ ആരും നിശ്ചിതമായ ഭരണകാലാവധി പൂർത്തിയാക്കിയിട്ടില്ല. എന്നാൽ, അഞ്ചുവർഷത്തെ കാലാവധിയും പൂർത്തിയാക്കി യോഗിയിലൂടെ 37 വർഷത്തെ ഇടവേളയ്ക്കുശേഷം ബി.ജെ.പി ചരിത്രമെഴുതിയിരിക്കുകയാണ്.
ആദ്യ ബി.ജെ.പിക്കാരൻ
നാല് ബി.ജെ.പി മുഖ്യമന്ത്രിമാരാണ് ഇതുവരെ ഉത്തർപ്രദേശ് ചരിത്രത്തിലുള്ളത്. യോഗിക്കുമുൻപ് കല്യാൺ സിങ്, രാംപ്രകാശ് ഗുപ്ത, നിലവിലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് മുഖ്യമന്ത്രിമാരായ ബി.ജെ.പി നേതാക്കൾ.
എന്നാൽ, കല്യാൺ സിങ്ങിനും രാംപ്രകാശിനും രാജ്‌നാഥിനുമൊന്നും സാധിക്കാതെ പോയൊരു റെക്കോർഡാണ് യോഗി ഇന്ന് കുറിച്ചത്. യു.പിയിൽ ഭരണത്തുടർച്ച ലഭിക്കുന്ന ആദ്യ ബി.ജെ.പി മുഖ്യമന്ത്രികൂടിയാണ് യോഗി.
കാലാവധി പൂർത്തിയാക്കുന്ന മൂന്നാമൻ; 15 വർഷത്തിനിടയിലുള്ള ആദ്യ എം.എൽ.എ മുഖ്യമന്ത്രി
70 വർഷത്തെ ചരിത്രത്തിൽ ആകെ മൂന്നുപേർ മാത്രമാണ് യു.പിയിൽ അഞ്ചുവർഷക്കാലയളവ് പൂർത്തിയാക്കുന്നത്. അതിൽ മൂന്നാമൻ മാത്രമാണ് യോഗി. ബി.എസ്.പിയുടെ മായാവതി(2007-2021)യാണ് യു.പിയുടെ ചരിത്രത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രി. തൊട്ടടുത്ത തവണ എസ്.പി നേതാവ് അഖിലേഷ് യാദവും(2012-2017) കാലാവതി പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാൽ, കഴിഞ്ഞ 15 വർഷത്തിനിടെ എം.എൽ.എയായി മുഖ്യമന്ത്രിയാകുന്ന ആദ്യത്തെയാൾകൂടിയാണ് യോഗി. ഇതിനുമുൻപ് മായാവതിയും അഖിലേഷും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ(എം.എൽ.സി) ആയായിരുന്നു സംസ്ഥാനം ഭരിച്ചത്.
Summary: Yogi Adityanath breaks down 'Noida jinx', into second term with a number of records