ഇന്തോ-അറബ് വിമൻ എക്‌സലൻസ് പുരസ്‌കാരം മഞ്ജു വാര്യർ വിതരണം ചെയ്തു: ബീന കണ്ണനും, ജുമാന ഖാനും അവാർഡ്
|ഭരണനിർവഹണം, സംരംഭകത്വം, കല, വിനോദം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച നാല് പേരെയാണ് ഇക്കുറി പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത്
ഷാർജ: വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതകൾക്കായി ഗൾഫ് മാധ്യമം ഏർപ്പെടുത്തിയ ഇന്തോ-അറബ് വിമൻ എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കമോൺ കേരള മേളയിൽ നടി മഞ്ജുവാര്യരാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ശീമാട്ടി ഉടമ ബീന കണ്ണൻ, സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ജുമാന ഖാൻ എന്നിവർ ഇന്ത്യയിൽ നിന്നും പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിത പ്രതിഭകൾക്കാണ് ഗൾഫ് മാധ്യമം കമോൺ കേരള വേദിയിൽ ആദരമർപ്പിച്ചത്. ഭരണനിർവഹണം, സംരംഭകത്വം, കല, വിനോദം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച നാല് പേരെയാണ് ഇക്കുറി പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത്. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം കൈമാറി. സൗദി അറേബ്യ ശൂറ കൗൺസിലംഗം ലിന അൽ മഈന, സുൽത്താൻ ബിൻ അലി അൽ ഉവൈസ് റിയൽ എസ്റ്റേറ്റ് സി.ഇ.ഒ ഹലീമ ഹുമൈദ് അൽ ഉവൈസ് എന്നിവർ അറബ് മേഖലയിൽ നിന്നും പുരസ്‌കാരത്തിന് അർഹരായി.