സാദിഖലി തങ്ങൾക്ക് ദുബൈയിൽ സ്വീകരണം; വിഭാഗീയത ചെറുക്കാൻ ആഹ്വാനം
|സമൂഹത്തിൽ വിഭാഗീയത പടർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ
സമൂഹത്തിൽ വിഭാഗീയത പടർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറായ ശേഷം ഇതാദ്യമായി യു.എ.ഇയിലെത്തിയ സാദിഖലി തങ്ങൾ ദുബൈയിൽ ഒരുക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാനും വിദ്വേഷം രൂപപ്പെടുത്താനും ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കം വിജയിക്കില്ല. കേരളത്തിലുടനീളം നടത്തിയ ബോധവത്കരണ യാത്രക്ക് ലഭിച്ച പിന്തുണ മുൻനിർത്തി കൂടുതൽ ശക്തമായ തുടർ നീക്കങ്ങൾ ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദുബൈയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രതിലോമ നീക്കങ്ങൾ നടത്തി രംഗത്തു നിന്ന് പിൻവാങ്ങുന്നവരെ കരുതിയിരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. മതസൗഹാർദം ശക്തിപ്പെടുത്താൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് നടത്തുന്ന നീക്കങ്ങൾ ആഹ്ലാദകരമാണെന്ന് എം.എ യൂസുഫലി പറഞ്ഞു. യു.എ.ഇയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ നിർദേശങ്ങൾ മുന്നോട്ടു വെച്ചു. പികെ ഫിറോസ്, പുത്തൂർ റഹ്മാൻ, ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, അബ്ദുല്ല ഫാറൂഖി, പി.കെ അൻവർ നഹ, നിസാർ തളങ്കര, തുടങ്ങിയവർ സംബന്ധിച്ചു.