സലാം എയർ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു
|ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി തിരുവനന്തപുരത്തേക്കാണ് ആദ്യ കേരളാ സർവീസ്.
ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയർ യു എ ഇയിലെ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി തിരുവനന്തപുരത്തേക്കാണ് ആദ്യ കേരളാ സർവീസ്.
ജൂലൈ 16 മുതലാണ് സലാം എയറിന്റെ ഫുജൈറ-മസ്കത്ത്-തിരുവന്തപുരം സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ 4 വിമാനങ്ങൾ തിരുവന്തപുരത്തേക്ക് ഫുജൈറയിൽ നിന്ന് പറക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9:40 നും രാത്രി 8:10 നും പുറപ്പെടുമെന്ന് ഫുജൈറയിലെ ട്രാവൽഏജൻസികൾ അറിയിച്ചു. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം രാവിലെ 3.45 നാണ് വിമാനം തിരുവനന്തപുരത്ത് എത്തുന്നത്. രാവിലെ പുറപ്പെടുന്ന വിമാനത്തിന് പതിനാറര മണിക്കൂറും, രാത്രി പുറപ്പെടുന്ന വിമാനത്തിന് ആറ് മണിക്കൂറും യാത്രാ ദൈർഘ്യം കാണിക്കുന്നുണ്ട്.
ജൂലൈ 5 മുതലാണ് സലാം എയർ യു എ ഇയിലെ ഫുജൈറ വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റ് ഓപ്പറേഷൻ ആരംഭിക്കുന്നത്. ഇന്ത്യയിലെ ജയ്‌പൂരിലേക്കും ലക്‌നോവിലേക്കും ഫുജൈറയിൽ നിന്ന് സർവീസുണ്ടാകും. സലാം എയറിന്റെ വെബ്സൈറ്റിൽ ഫുജൈറ-മസ്കത്ത്-തിരുവനന്തപുരം ടിക്കറ്റുകൾ ലഭ്യമാകുന്നുണ്ടെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. 500 ദിർഹമിനാണ് പലർക്കും കഴിഞ്ഞദിവസം ടിക്കറ്റുകൾ ലഭിച്ചത്. സലാം എയറിന് നേരത്തേ മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസുണ്ട്. ഈ മാനങ്ങളെ ഫുജൈറയിൽ നിന്ന് കണക്ട് ചെയ്താണ് സർവീസ്.