അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
|വെടിവെപ്പിനിടെ പൊലീസുകാർ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ട്വീറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു
വാഷിങ്ടൺ: വാഷിങ്ടണിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും ഒരു പൊലീസ് ഉദ്യഗസ്ഥനുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിങ്ടണ്‍ ഡി.സിയിലെ 14 യൂ സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിലാണ് സംഭവം. വെടിയേറ്റ മൂന്ന് പേരിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായ പൂർത്തിയാകാത്ത ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വെടിയേറ്റ ഒരു പൊലീസുകാരനും ചികിത്സയിലുണ്ടെന്ന് മെട്രോപൊളിറ്റൻ പൊലീസ് മേധാവി റോബർട്ട് ജെ കോണ്ടി പറഞ്ഞു. അക്രമികൾക്കുള്ള തെരച്ചിൽ ഊർജിതമാക്കിതായും അദ്ദേഹം അറിയിച്ചു.
വെടിവെപ്പിനിടെ പൊലീസുകാർ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ട്വീറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. യുഎസിലെ പൊലീസ് യൂണിയനായ നാഷണൽ ഫ്രറ്റേണൽ ഓർഡർ ഓഫ് പൊലീസാണ് ക്ലിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പൊലീസുകാരടക്കമുള്ള തിരക്കുള്ള നഗരത്തിലായിരുന്നു സംഭവം.
ദൃശ്യത്തിൽ നാല് വെടിയൊച്ചകൾ കേൾക്കുകയും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും കാണാം. പരിക്കേറ്റ പൊലീസുകാരനെയടക്കം ദൃശ്യങ്ങളിൽ കാണാം.
സംഭവത്തെ യുഎസ് പ്രസിഡന്റ് ജോബൈഡൻ അപലപിച്ചു. യുഎസിൽ ആവർത്തിച്ചുള്ള തോക്ക് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി ആയുധങ്ങൾ സ്വന്തമാക്കുന്നതിന് രാജ്യത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ജോ ബൈഡൻ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് അലബാമയിലെ വെസ്റ്റാവിയ ഹിൽസിലെ സെൻറ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആക്രമണത്തിൻറെ കാരണം വ്യക്തമായിട്ടില്ല.
അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ടെക്‌സസിലെ ഉവാൾഡെയിലെ ഒരു വിദ്യാലയത്തിൽ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട വെടിവെപ്പ് നടന്നത് മെയ് 24നാണ്.
ഗൺ വയലൻസ് ആർക്കൈവ് എന്ന എൻജിഒയുടെ കണക്കനുസരിച്ച്, അമേരിക്കയിൽ ഈ വർഷം ഇതുവരെ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ 20,000ത്തിൽ അധികം ആളുകൾ മരിച്ചു. സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.