Qatar
ഖത്തര്‍ സ്വദേശികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹജ്ജ് നഷ്ടമാക്കുന്നു
Qatar

ഖത്തര്‍ സ്വദേശികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹജ്ജ് നഷ്ടമാക്കുന്നു

Web Desk
|
12 Aug 2018 2:02 AM GMT

ഖത്തരികളുടെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സൗദി ഭരണകൂടം പറയുന്നുണ്ടെങ്കിലും തടസ്സങ്ങള്‍ നീങ്ങിയിട്ടില്ലെന്നാണ് ഖത്തറിലെ ഹജ്ജ് ഏജന്‍സികള്‍ പറയുന്നത്.

ഉപരോധം സൃഷ്ടിച്ച രാഷ്ട്രീയ സാങ്കേതിക തടസങ്ങള്‍ ഖത്തര്‍ സ്വദേശികള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹജ്ജ് നഷ്ടമാക്കുന്നു. ഹജ്ജ് സീസണ്‍ അവസാനിക്കാനിരിക്കെ ഖത്തരി തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും പുണ്യസ്ഥലങ്ങളിലേക്ക് എത്താനാകില്ലെന്ന് ഉറപ്പായി.

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഖത്തര്‍ പൗരന്മാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ല. ഖത്തരികളുടെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സൗദി ഭരണകൂടം പറയുന്നുണ്ടെങ്കിലും തടസ്സങ്ങള്‍ നീങ്ങിയിട്ടില്ലെന്നാണ് ഖത്തറിലെ ഹജ്ജ് ഏജന്‍സികള്‍ പറയുന്നത്.

ഖത്തര്‍ ഹജ്ജ് മിഷന്റെയും ഖത്തര്‍ കോണ്‍സുലേറ്റിന്റെയും സാന്നിധ്യം മക്കയിലും ജിദ്ദയിലുമില്ലാതെ സുരക്ഷിതമായ ഹജ്ജ് യാത്ര സാധ്യമാകില്ല. ഖത്തര്‍ എയര്‍വേയ്‌സിനു നേരിട്ട് യാത്രാ അനുമതിയുമില്ല. ഹജ്ജിനുള്ള സമയവും ഏറെക്കുറെ അവസാനിച്ച ഘട്ടത്തില്‍ യാത്ര, താമസം, ഗതാഗതം, ഭക്ഷണം, ആരോഗ്യപരിചരണം എന്നിവയുള്‍പ്പടെയുള്ള അവശ്യ ലോജിസ്റ്റുകള്‍ക്ക് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടാണ്. ഖത്തരി ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയുണ്ട്.

ഭയവും സുരക്ഷാ ആശങ്കയും കാരണം ഖത്തരികള്‍ വ്യക്തിഗതമായും ഹജ്ജിനു പുറപ്പെടാന്‍ മടിക്കുന്നുണ്ടെന്ന് ഹജ്ജ് ട്രിപ്‌സ് കമ്പനി ഹമദ് അല്‍ഷഹ്വാനി പറഞ്ഞു.മക്കയില്‍ താമസ, യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മതിയായ സമയം ഇനി ലഭിക്കുകയില്ലെന്നും ഏജന്‍സികള്‍ വ്യക്തമാക്കി. അതേസമയം ഹജ്ജിന് പോകുന്നതില്‍ നിന്നും ഖത്തര്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ തടയുകയാണെന്നാണ് സൗദിയുടെ വാദം.

ആരോപണം അടിസ്ഥാനരഹിതമാണെന്നും സൗദി തയ്യാറാക്കിയെന്ന് പറയുന്ന സംവിധാനങ്ങളൊന്നും കാര്യക്ഷമമല്ലെന്നും ഖത്തര്‍ മറുപടി നല്‍കിയിരുന്നു.

Similar Posts