കൊച്ചിയില്‍ വിസസേവന കേന്ദ്രം ആരംഭിക്കാനൊരുങ്ങി ഖത്തര്‍
|തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്കല്‍, എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാകാനാകും
ഖത്തര്‍ ഇന്ത്യയിലാരംഭിക്കാന്‍ പോകുന്ന വിസസേവന കേന്ദ്രങ്ങളിലൊന്ന് കൊച്ചിയില്‍ സ്ഥാപിക്കും. മൊത്തം ഏഴ് സര്‍വീസ് സെന്‍ററുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക. ഇതോടെ ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ണമായും കേരളത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസസേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഖത്തറിലേക്കുള്ള തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴ് സേവനകേന്ദ്രങ്ങളാണുണ്ടാവുക. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്കല്‍, എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാകാനാകും.
അടുത്ത മാസത്തോടെ ആരംഭിക്കുന്ന സേവനകേന്ദ്രം ആദ്യം നിലവില്‍ വരുന്നത് ശ്രീലങ്കയിലാണ്. ഇന്ത്യയിലെ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് ഇതിന് ശേഷമായിരിക്കും. സിംഗപ്പൂര്‍ ആസ്ഥനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഇത് സംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ ധാരണയിലെത്തിയിരുന്നു.
പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഭരണവികസന തൊഴില്‍ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ വിസ സേവന വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. പുതിയ സംവിധാനം നിലവില്‍വരുന്നതോടെ റിക്രൂട്ട്മെന്‍റ് സേവനങ്ങളും നടപടിക്രമങ്ങളും ഒറ്റ ചാനലിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ പ്രതീക്ഷിക്കുന്നത്