ഇന്ത്യ-ഖത്തര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച
|ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഖത്തര്‍
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ടി.എസ് തിരുമൂര്‍ത്തിയുടെ നേതൃത്ത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഖത്തറിലെത്തി. ഖത്തര്‍ വിദേശകാര്യമന്ത്രാലയം സെക്രട്ടറിയുമായി ഇന്ത്യന്‍ സംഘം കൂടിക്കാഴ്ച്ച നടത്തി. ചര്‍ച്ചകള്‍ ഹൃദ്യവും ഫലപ്രദവുമായിരുന്നുവെന്ന് ടി.എസ് തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു
വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ സംഘത്തിന്‍റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ലക്ഷ്യമാക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ഉഭയകക്ഷി രാഷ്ട്രീയ കൂടിയാലോചനാ യോഗം ഇന്ന് ദോഹയില്‍ ചേര്‍ന്നു. ഇന്ത്യന്‍ സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം സെക്രട്ടറി ടി.എസ് തിരുമൂര്‍ത്തിയും ഖത്തര്‍ സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ഹമ്മാദിയുമാണ് നയിച്ചത്.
ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്ന് നടന്നത്. ചര്‍ച്ചകള്‍ തൃപ്തികരവും ഫലപ്രദവുമായിരുന്നുവെന്ന് ടി.എസ് തിരുമൂര്‍ത്തി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ടി.എസ് തിരുമൂര്‍ത്തി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിലെ രണ്ടംഗപ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ഖത്തര്‍ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ അഹമ്മദ് ഹസന്‍ അല്‍ ഹമ്മാദി കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ചതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിന്‍റെ സന്ദര്‍ശനം. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഖത്തര്‍.