രൂപക്കെതിരെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍
|ചരിത്രത്തിലാദ്യമായി ഇരുപത് കടന്ന ഖത്തര്‍ റിയാലിന്‍റെ മൂല്യം 21 രൂപയും കടന്നേക്കും
രൂപയ്ക്കെതിരെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍ കുതിപ്പ് തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍. ചരിത്രത്തിലാദ്യമായി ഇരുപത് കടന്ന ഖത്തര്‍ റിയാലിന്‍റെ മൂല്യം 21 രൂപയും കടന്നേക്കും. അവസരം മുതലാക്കി ലോണെടുത്ത് നാട്ടിലേക്ക് പണമയക്കാനുള്ള പ്രവണത നല്ലതല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇരുപത് രൂപ 15 പൈസയാണ് ഇന്ന് ദോഹയിലെ പല എക്സചേഞ്ച് സെന്‍ററുകളിലും ഖത്തര്‍ റിയാലിന് ലഭിച്ച വിനിമയ മൂല്യം. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യമാണിത്. രൂപയുടെ തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് കറന്‍സികളുടെ മുന്നേറ്റം തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം. ചരിത്രത്തിലാദ്യമായി ഒരു ഒമാനി റിയാലിന്റെ വിനിമയ മൂല്യം 190 രൂപ പിന്നിട്ടു.
എണ്ണവിലയിലെ വര്‍ധനവ്, ഇറാനെതിരെ അമേരിക്കയുടെ സാമ്പത്തിക ഉപരോധം,അമേരിക്ക ചൈന സാമ്പത്തിക ശീതയുദ്ധം എന്നിവ അപരിഹാര്യമായി തുടരുന്നതാണ് രൂപയെ ബാധിക്കുന്നത്.
ശമ്പളസമയത്ത് തന്നെ ഗള്‍ഫ് കറന്‍സികള്‍ക്ക് ഉയര്‍ന്ന മൂല്യം ലഭിച്ചത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. എന്നാല്‍ ബാങ്ക് വായ്പയെടുത്ത് നാട്ടിലേക്ക് പണമയക്കാനുള്ള പ്രവണതകള്‍ ഗുണം ചെയ്യില്ലെന്നും അല്‍ സമാന്‍ ഓപ്പറേഷന്‍ മാനേജര്‍ സുബൈര്‍ അബ്ദുറഹ്മാന്‍ പറഞ്ഞു.