Qatar
എക്സിറ്റ് പെര്‍മിറ്റ് ഇനി ഇല്ല; തൊഴിലാളികള്‍ക്ക്   സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാം
Qatar

എക്സിറ്റ് പെര്‍മിറ്റ് ഇനി ഇല്ല; തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാം

Web Desk
|
8 Oct 2018 7:25 PM GMT

ഖത്തറില്‍ ജോലി ചെയ്യുന്ന ഏകദേശം രണ്ട് മില്യണ്‍ വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിയമഭേദഗതി പ്രയോജനപ്പെടും

ഖത്തറില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാനുള്ള അനുമതി അടുത്ത മാസം ആദ്യം നിലവില്‍ വന്നേക്കും. എക്സിറ്റ് പെര്‍മിറ്റ് പൂര്‍ണമായും എടുത്ത് കളഞ്ഞുകൊണ്ടുള്ള നിയമഭേദഗതി ഈ മാസാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ഇന്‍റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ മേധാവി വ്യക്തമാക്കി.

ഖത്തര്‍ പ്രധാനമന്ത്രിയുമായും തൊഴില്‍ മന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്‍റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ മേധാവി ഷാരണ്‍ ബറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എക്സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞു കൊണ്ട് അമീര്‍ പ്രഖ്യാപിച്ച നിയമഭേദകതി ഈ മാസാവസാനത്തോടെ നിലവില്‍ വന്നേക്കുമെന്നും ബറോ പറഞ്ഞു.

അങ്ങനെയെങ്കില്‍ അടുത്ത മാസം ആദ്യം മുതല്‍ ലേബര്‍ കോഡിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാം. എന്നാല്‍ അനുമതി പ്രായോഗിക തലത്തില്‍ പൂര്‍ണമാകണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്നും ബറോ പറഞ്ഞു. ഇക്കാര്യത്തില്‍ പക്ഷെ സര്‍ക്കാറിന്‍റെ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ മാസമാണ് ലേബര്‍ കോഡിന്‍റെ പരിധിയില്‍ വരുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സ്പോണ്‍സറുടെ അനുമതിയോ എക്സിറ്റ് പെര്‍മിറ്റോ ഇല്ലാതെ രാജ്യം വിടാമെന്ന നിയമഭേദഗതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചത്. എന്നാല്‍ ഓരോ കമ്പനിയുടെയും സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികളെ നിയമഭേദഗതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഖത്തറില്‍ ജോലി ചെയ്യുന്ന ഏകദേശം രണ്ട് മില്യണ്‍ വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിയമഭേദഗതി പ്രയോജനപ്പെടും.

ഐക്യരാഷ്ട്ര സഭയുടെ അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ ഓര്‍ഗനൈസേഷനുമായി കരറിലെത്തിയതിന് ശേഷം ഖത്തര്‍ പ്രഖ്യാപിച്ച ഏറ്റവും വലിയ നിയമഭേഗതിയായിരുന്നു എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കികൊണ്ടുള്ളത്.

Similar Posts