ഭക്ഷ്യ സുരക്ഷയില്‍ പശ്ചിമേഷ്യയില്‍ മുമ്പന്‍ ഖത്തര്‍
|ഉപരോധത്തിനിടയിലും മികച്ച മുന്നേറ്റം നടത്തിയ ഖത്തറാണ് സൂചികയില്‍ നേട്ടമുണ്ടാക്കിയത്.
ഭക്ഷ്യസുരക്ഷയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമെന്ന നേട്ടം ഖത്തറിന്. ഇക്കണോമിക് ഇന്‍റലിജന്‍സ് ഇന്‍ഡക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മൊത്തം ലോക രാജ്യങ്ങള്‍ക്കിടയില്‍ 22ആം സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി.
113 രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഇക്കണോമിക് ഇന്‍റലിജന്‍സ് ഇന്‍ഡക്സ് 2018ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചിക തയ്യാറാക്കിയത്. ഉപരോധത്തിനിടയിലും മികച്ച മുന്നേറ്റം നടത്തിയ ഖത്തറാണ് സൂചികയില്‍ നേട്ടമുണ്ടാക്കിയത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയ രാജ്യം ഖത്തറാണ്. ഇറ്റലി ചൈന റഷ്യ ഉള്‍പ്പെടെയുള്ള വന്‍ ശക്തികളെ പിന്നിലാക്കിയാണ് ഖത്തര്‍ ഇക്കാര്യത്തില്‍ കരുത്ത് കാട്ടിയത്.
ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തിന് ശേഷവും ഭക്ഷ്യസുരക്ഷാ രംഗത്ത് രാജ്യം നടപ്പിലാക്കിയ കുറ്റമറ്റ പദ്ധതികള്‍ ഫലം കണ്ടുവെന്നതിന്‍റെ തെളിവാണ് പുതിയ റിപ്പോര്‍ട്ടെന്ന് ഖത്തര്‍ പരിസ്ഥിതി മന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ റുമൈഹി ചൂണ്ടിക്കാട്ടി. ഭക്ഷ്യോല്‍പ്പാദന രംഗത്ത് പൂര്‍ണമായ സ്വയം പര്യാപ്തത കൈവരിക്കലാണ് ഖത്തറിന്‍റെ അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആളോഹരി വരുമാനം, രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖല, ഭക്ഷ്യരംഗത്തെ വൈവിധ്യങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഇക്കണോമിക് ഇന്‍റലിജന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊത്തം ലോക രാജ്യങ്ങളില്‍ സിംഗപ്പൂരാണ് ഭക്ഷ്യസുരക്ഷയില്‍ ഒന്നാമത്. അയര്‍ലണ്ട് രണ്ടാം സ്ഥാനവും അമേരിക്ക മൂന്നാം സ്ഥാനത്തുമുണ്ട്.