Qatar
സുഷമാ സ്വരാജ് നാളെ ഖത്തറില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും  
Qatar

സുഷമാ സ്വരാജ് നാളെ ഖത്തറില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും  

Web Desk
|
27 Oct 2018 6:08 PM GMT

ഊർജ സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഖത്തറും കരാര്‍ ഒപ്പുവെക്കും

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നാളെ ഖത്തറിലെത്തും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായും സുഷമസ്വരാജ് കൂടിക്കാഴ്ച്ച നടത്തും. ഊര്‍ജ്ജ സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി സുപ്രധാന മേഖലകളില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ കരാറുകള്‍ ഒപ്പുവെക്കും.

വിദേശകാര്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് സുഷമ സ്വരാജ് ഖത്തറിലെത്തുന്നത്. നാളെ ദോഹയില്‍ വിമാനമിറങ്ങുന്ന സുഷമ സ്വരാജ് രണ്ട് ദിവസം ഖത്തറിലുണ്ടാകും. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച്ച നടത്തും. വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയെയും സുഷമ സ്വരാജ് കാണുന്നുണ്ട്.

ഊര്‍ജ്ജ സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി മേഖലകളില്‍ സുപ്രധാന കരാറുകള്‍ ഈ കൂടിക്കാഴ്ച്ചകളില്‍ ഒപ്പു വെച്ചേക്കും. ഗള്‍ഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് സുഷമ സ്വരാജിന്‍റെ ഖത്തര്‍ സന്ദര്‍ശനം. രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം അവര്‍ കുവൈത്തിലേക്ക് പോകും. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. വ്യാപാര, വാണിജ്യ രംഗത്ത് ശക്തമായ സഹകരണമാണ് നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്.

ഖത്തറില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത്. ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറില്‍ പ്രവാസികളായുള്ളത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. അതിനാല്‍ തന്നെ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ച്ചകളില്‍ ചര്‍ച്ചക്ക് വന്നേക്കുമെന്നാണ് സൂചന.

Similar Posts