Qatar
വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താന്‍ സംയുക്ത കമ്മീഷന്‍; ഇന്ത്യയും ഖത്തറും കരാര്‍ ഒപ്പുവെച്ചു
Qatar

വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താന്‍ സംയുക്ത കമ്മീഷന്‍; ഇന്ത്യയും ഖത്തറും കരാര്‍ ഒപ്പുവെച്ചു

Web Desk
|
29 Oct 2018 2:18 PM GMT

വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജിന്റെ ദോഹ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു.

ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിന് ഇന്ത്യയും ഖത്തറും സംയുക്ത ഉന്നത തല സമിതി രൂപവത്കരിക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഖത്തര്‍ സന്ദര്‍ശനത്തിലാണ് തീരുമാനം. ഇന്ത്യയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സമിതിക്ക് രൂപം നൽകിയത്.

ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഖത്തറിലെത്തിയ സുഷമ സ്വരാജ് തിങ്കളാഴ്ച രാവിലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2016 ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തർ സന്ദർശനത്തിലാണ് മന്ത്രിതല സംയുക്ത സമിതിയെന്ന നിര്‍ദേശമുയര്‍ന്നത്.

സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, ശാസ്ത്രം, സാങ്കേതിക വിദ്യ, വിവര സാേങ്കതിക വിദ്യ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുകയാണ് മന്ത്രിതല സമിതിയുടെ ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലെ കരാറുകൾ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കും. ആവശ്യമെങ്കിൽ ഉപസമിതികളോ ജോയിൻറ് വർക്കിങ് ഗ്രൂപ്പുകളോ രൂപവത്കരിക്കാനും സംയുക്ത സമിതിക്ക് അധികാരമുണ്ട്.

Similar Posts