Qatar
ഭീഷണികളെ ചെറുക്കാനുള്ള ശേഷി ഖത്തറിന് സ്വന്തമായുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിരോധ മന്ത്രി
Qatar

ഭീഷണികളെ ചെറുക്കാനുള്ള ശേഷി ഖത്തറിന് സ്വന്തമായുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിരോധ മന്ത്രി

Web Desk
|
3 Nov 2018 12:51 AM GMT

ഭീകരവാദത്തെയും അഴിമതിയെയും തുടച്ചുനീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമെന്ന് പ്രതിരോധമന്ത്രി

ഏത് തരം ഭീഷണികളെയും ചെറുക്കാനുള്ള ശേഷി ഖത്തറിന് സ്വന്തമായുണ്ടെന്ന് പ്രതിരോധ മന്ത്രി. പ്രതിരോധരംഗത്തെ സംവിധാനങ്ങള്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഭീകരവാദത്തെയും അഴിമതിയെയും തുടച്ചുനീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. റിട്ടേണിങ് ഫോറീന്‍ ഫൈറ്റേഴ്സ് ഫോറത്തില്‍ സംസാരിക്കവെയാണ് പ്രതിരോധ വകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ രാജ്യത്തിന്‍റെ പ്രതിരോധ ശേഷിയുടെ കാര്യം വ്യക്തമാക്കിയത്.

പല രാജ്യങ്ങളുമായി സഖ്യമുണ്ടെങ്കിലും പ്രതിരോധിക്കാനുള്ള കഴിവും ശേഷിയും ഖത്തറിന് സ്വന്തമായി തന്നെയുണ്ട്. പ്രതിരോധ രംഗത്ത് നൂതനമായ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് ഖത്തറിന്‍റെ പക്കലുള്ളത്. ഏത് മേഖലകളില്‍ നിന്നുമുള്ള ഭീഷണികളെയും ചെറുക്കാന്‍ രാജ്യം പര്യാപ്തമാണ്. സൈബര്‍ സുരക്ഷാരംഗത്തും ടെക്നോളജിയിലുമൊക്കെ അത്യന്താധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രതിരോധ ശേഷി ഇരട്ടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാണ് മുന്നോട്ടുപോകുന്നത്’; മന്ത്രി പറഞ്ഞു.

ഭീകരവാദത്തെയും അഴിമതിയെയും തുടച്ചുനീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാറ്റിനും മീതെയാണ് ജനതാല്‍പ്പര്യങ്ങളും അവരുടെ ഭാവിയും. അതിനാല്‍ രാജ്യത്തിന്‍റെ ശോഭനമായ ഭാവി മുന്‍കൂട്ടിക്കണ്ടുള്ള ഉദ്ദേശ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകും. പ്രതിരോധമേഖല പോലെ തന്നെ രാജ്യത്തിന്‍റെ സമ്പദ്ഘടനയും കരുത്തുറ്റതാണെന്നും മന്ത്രി പറഞ്ഞു.

Similar Posts