Qatar
എക്സിറ്റ് പെര്‍മിറ്റ് ബാധകമായവരില്‍ ഉള്‍പ്പെട്ട വിവരം ലഭ്യമാക്കാന്‍ ഓണ്‍ലെെന്‍ സംവിധാനമൊരുക്കി ഖത്തര്‍
Qatar

എക്സിറ്റ് പെര്‍മിറ്റ് ബാധകമായവരില്‍ ഉള്‍പ്പെട്ട വിവരം ലഭ്യമാക്കാന്‍ ഓണ്‍ലെെന്‍ സംവിധാനമൊരുക്കി ഖത്തര്‍

Web Desk
|
6 Nov 2018 9:42 PM GMT

ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കിയതിന് ശേഷവും ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ ഇളവിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. 

ഖത്തറില്‍ ഇനിയും എക്സിറ്റ് പെര്‍മിറ്റ് ബാധകമായ അഞ്ചു ശതമാനം പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ തൊഴിലാളികള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ഒരുക്കിയ പ്രത്യേക പേജില്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ ഇക്കാര്യമറിയാം.

ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് നിര്‍ത്തലാക്കിയതിന് ശേഷവും ഓരോ കമ്പനിയിലെയും അഞ്ച് ശതമാനം തൊഴിലാളികളെ ഇളവിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ അഞ്ച് ശതമാനത്തെ ഓരോ കമ്പനി ഉടമയ്ക്കും തീരുമാനിക്കാമെന്നും ഇവരുടെ പേരുകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നുമായിരുന്നു ഉത്തരവ്. ഈ അഞ്ച് ശതമാനത്തില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ portal.moi.gov.qa വെബ്സൈറ്റില്‍ ഒരുക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കിയാല്‍ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ആളാണോയെന്ന കാര്യം ഓണ്‍ലൈനായി അറിയാന്‍ സാധിക്കും. ഐഡി നമ്പര്‍ നല്‍കിയതിന് ശേഷം താഴെ കാണിക്കുന്ന വെരിഫിക്കേഷന്‍ കോഡ് കൂടി നല്‍കി സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ മറുപടി ലഭിക്കും.

പുതിയ നിയമം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രവാസികള്‍ക്കിടയില്‍ നിലനിന്ന ആശയക്കുഴപ്പത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. ഈ അഞ്ച് ശതമാനം തൊഴിലാളികളെ നിര്‍ദേശിക്കുമ്പോള്‍ അതിനുള്ള വ്യക്തമായ കാരണം അറിയിക്കണമെന്നും നേരത്തെ കമ്പനി ഉടമകളോട് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ മന്ത്രാലയം ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും

Similar Posts